ചോദ്യവും ഉത്തരവും
6. ദിവ്യകാരുണ്യ ആരാധന ആരംഭിച്ചതെങ്ങനെയാണ്?
വിശുദ്ധ കുർബാന അർപ്പണത്തിന് പുറമേയുള്ള ദിവ്യകാരുണ്യ ഭക്താനുഷ്ട്ടാനങ്ങൾ ആദിമ സഭയിൽ ഉണ്ടായിരുന്നില്ല. വിശുദ്ധ കുർബാനയിലുള്ള ഈശോയുടെ സാന്നിധ്യം ഏറെ വിശ്വാസത്തോടും ഭക്തിയോടും കൂടി സമീപിക്കേണ്ട ദിവ്യ രഹസ്യം ആണെന്ന് തിരിച്ചറിവാണ് ദിവ്യകാരുണ്യ ഭക്തനുഷ്ഠാനങ്ങളുടെ ആരംഭ കാരണം. വിശുദ്ധ കുർബാന ഈശോയുടെ കൗദാശികമായ തുടർ സാന്നിധ്യമാണ് എന്ന് ആദിമ ക്രൈസ്തവർ വിശ്വസിച്ചു. വിശുദ്ധ കുർബാന കേന്ദ്രീകൃതമായി തങ്ങളുടെ മത ജീവിതത്തെ അവർ ക്രമപ്പെടുത്തി. എല്ലാ ഞായറാഴ്ചകളിലും വിശുദ്ധ ബലിയർപ്പണത്തിനായി അവർ ഒരുമിച്ചുകൂടി. സഭയിലെ ഡിക്കന്മാർ വിശുദ്ധ കുർബാന സൂക്ഷിക്കുകയും പിന്നീട് രോഗികൾക്ക് വീടുകളിൽ കൊണ്ടുപോയി നൽകുകയും ചെയ്തിരുന്നു. വിശുദ്ധ കുർബാനയുടെ ഒരംശം പോലും നഷ്ടപ്പെടാതിരിക്കാനും അവർ സസൂക്ഷ്മം ശ്രദ്ധ ചെലുത്തിയിരുന്നു. വിശുദ്ധ കുർബാനയിലുള്ള ഈശോയുടെ സാന്നിധ്യത്തിൽ ആഴമായി വിശ്വസിച്ചിരുന്നത് കൊണ്ടാണ് ഇത്ര വലിയ ശ്രദ്ധ അവർ പുലർത്തിയത്. മരുഭൂമിയിലെ സന്യാസികൾ തങ്ങളുടെ ഗുഹകളിൽ വിശുദ്ധ കുർബാന സൂക്ഷിച്ചിരുന്നു. അവർ മറ്റൊരു സ്ഥലത്തേക്ക് താമസം മാറുമ്പോൾ വിശുദ്ധ കുർബാന കൂടെ കൊണ്ടുപോയിരുന്നു. യഥാസമയങ്ങളിൽ, വിശുദ്ധ കുർബാന സ്വീകരിക്കുന്നതിനു വേണ്ടിയാണ് അവർ ഇപ്രകാരം ചെയ്തിരുന്നത്. സന്യാസികൾ ഇപ്രകാരം വിശുദ്ധ കുർബാന സൂക്ഷിക്കുന്നതിനും സ്വീകരിക്കുന്നതിനെയും കുറിച്ച് സഭാ പിതാവായ വിശുദ്ധ ബേസിൽ പ്രതിപാദിക്കുന്നുണ്ട്. സന്യാസഭവനങ്ങളിൽ ചാപ്പലുകളിൽ വിശുദ്ധ കുർബാന സൂക്ഷിക്കുന്ന പതിവ് പ്രാരംഭ കാലം മുതലേ ഉണ്ടായിരുന്നു. രോഗികൾക്കും മരണാസനർക്കും നൽകുന്നതിന് വേണ്ടിയാണ് ഇപ്രകാരം വിശുദ്ധ കുർബാന സൂക്ഷിച്ചിരുന്നത്. ക്രമേണ അതിനു സമീപം കത്തിച്ച മെഴുകുതിരി വിളക്കു വയ്ക്കാൻ തുടങ്ങി. പിന്നീടാണ് വിശുദ്ധ കുർബാന സക്രാരിയിൽ സൂക്ഷിക്കുന്ന പതിവ് സഭയിൽ തുടങ്ങിയത്. വിശുദ്ധ കുർബാന അർപ്പണത്തിന് പുറമേയുള്ള ദിവ്യകാരുണ്യ ആരാധനയെ കുറിച്ചുള്ള വ്യക്തമായ തെളിവുകൾ നമുക്ക് ലഭിക്കുന്നത് മധ്യകാലങ്ങളിൽ വച്ചാണ്. വിശുദ്ധ കുർബാനയിലുള്ള ഈശോയുടെ സാന്നിധ്യത്തെക്കുറിച്ച് ദൈവശാസ്ത്രജ്ഞന്മാർക്കിടയിൽ ഉടലെടുത്ത വ്യത്യസ്ത അഭിപ്രായങ്ങളാണ്, ദിവ്യകാരുണ്യ ഭക്തനുഷ്ഠാനങ്ങൾ സഭയിൽ ആരംഭിക്കുന്നതിന് വഴിതെളിച്ചത്. ഫ്രാൻസിലെ കോർബിയിൽ ബെനെഡിക്റ്റിൻ സന്യാസി ആയിരുന്ന പാസ്കസിയൂസ് റാഡ്ബെർത്തോസും, രണ്ട് നൂറ്റാണ്ടുകൾക്ക് ശേഷം ഫ്രാൻസിലെ ബെറാങ്കിരിയുസും വിശുദ്ധ കുർബാനയിലുള്ള ഈശോയുടെ യഥാർത്ഥ സാന്നിധ്യത്തെ നിരാകരിച്ചു. ഇപ്രകാരം, വിശുദ്ധ കുർബാനയിലുള്ള ഈശോയുടെ യഥാർത്ഥ സാന്നിധ്യം ദുർവ്യാഖ്യാനം ചെയ്യപ്പെടുകയും, നിഷേധിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ തങ്ങളുടെ വിശ്വാസം പരസ്യമായി ഏറ്റു പറയുന്നതിലും, പ്രകടിപ്പിക്കുന്നതിനും സഭ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. വിശുദ്ധ കുർബാനയിൽ സന്നിഹിതനായ ഈശോയെ, വിശ്വാസികൾക്ക് ദർശിക്കുന്നതിനും ആരാധിക്കുന്നതിന് വേണ്ടി കുർബാന അർപ്പണത്തിന് ഇടയ്ക്ക് തിരുവോസ്തി ഉയർത്തുന്ന പതിവും പന്ത്രണ്ടാം നൂറ്റാണ്ടിൽ തിരുസഭയിൽ ആരംഭിച്ചു. അതുപോലെതന്നെ, സന്യാസികൾ തങ്ങൾ താമസിക്കുന്ന മുറികളുടെ ജനലുകൾ തുറന്നിട്ടാൽ സക്രാരി ദർശിക്കാനും ആരാധിക്കാനും സാധ്യമാകുന്ന രീതിയിൽ സന്യാസ ഭവനങ്ങൾ നിർമ്മിക്കാൻ തുടങ്ങി. വിശുദ്ധ കുർബാനയുടെ ആരാധന, ഈശോയുടെ തിരുശരീര രക്തങ്ങളുടെ തിരുന്നാൾ, പരിശുദ്ധ കുർബാനയുടെ വാഴ്വ്, ദിവ്യകാരുണ്യപ്രദക്ഷിണങ്ങൾ, പരിശുദ്ധ കുർബാനയുടെ വിസിത, ദിവ്യകാരുണ്യ കോൺഗ്രെസ്സുകൾ എന്നിവയും സഭയിൽ ആരംഭിച്ചു.