പൂഖ്ദാൻകോൻ
‘നിങ്ങളുടെ കല്പന’ എന്നർത്ഥം വരുന്ന പൂഖ്ദാൻകോൻ എന്ന് പുരോഹിതൻ ചൊല്ലുന്നതിന് ജനം പൂഖ്ദാനേ ദമ്ശിഹാ (മിശിഹായുടെ കല്പന) എന്ന് മറുപടി നല്കുന്ന രീതിയിലാണ് സീറോമലബാർസഭയിലെ സുറിയാനിഭാഷയിലുള്ള കുർബാനക്രമം ആരംഭിക്കുന്നത്. ഇതിന്റെ വ്യാഖ്യാനം ചെയ്യപ്പെട്ട രൂപമാണ് ഇന്ന് സീറോമലബാർ കുർബാനയിലുള്ളത്. ആരുടെ കല്പനയനുസരിച്ചാണ് ആരാധനാസമൂഹം കുർബാനയർപ്പിക്കുന്നത് എന്ന ചോദ്യത്തിന് മിശിഹായുടെ കല്പനയനുസരിച്ചാണെന്ന് ജനം മറുപടി പറയുന്നു. വിശുദ്ധ കുർബാനയാഘോഷത്തിന്റെ യഥാർത്ഥ അടിസ്ഥാനം കർത്താവ് അന്ത്യഅത്താഴവേളയിൽ നല്കിയ കല്പനതന്നെയാണെന്ന ഉറച്ച വിശ്വാസം ആരാധനാസമൂഹം ഒന്നടങ്കം അനുസ്മരിക്കുകയാണ്.
അന്നാപെസഹാത്തിരുനാളിൽ’ എന്ന കീർത്തനം മിശിഹാ വിശുദ്ധ കുർബാന സ്ഥാപിച്ചതിനെക്കുറിച്ച് വ്യക്തമായ സൂചനനല്കുന്നു. മിശിഹായുടെ കല്പനയനുസരിച്ചാണ് ദൈവജനം കുർബാനയർപ്പിക്കുന്നത്. ഈ ഗീതത്തിന്റെ ആദ്യഭാഗത്ത് വിശുദ്ധ കുർബാനയർപ്പണത്തിന്ഉണ്ടായിരിക്കേണ്ട അനിവാര്യമായ മനോഭാവം അനുരഞ്ജനത്തിന്റേതാണെന്ന് (മത്താ 5: 23-24) ആരാധനാസമൂഹം ഏറ്റുപറയുന്നു.
അവലംബം
സിറോമലബാർ സഭയുടെ ആരാധനക്രമവിശ്വാസപരിശീലനം; സിറോമലബാർ സിനഡ് പ്രസിദ്ധീകരണം