ബലിയർപ്പണത്തിൽ ഈശോയുടെ രഹസ്യ ജീവിതം അനുസ്മരിക്കുന്നതെപ്പോഴാണ് !!
വിശുദ്ധ ബലിയർപ്പണത്തിൽ സങ്കീർത്തനങ്ങൾ പാടുമ്പോഴും, ചൊല്ലുമ്പോഴും നാം ധ്യാനിക്കുന്നതു കർത്താവിന്റെ രഹസ്യ ജീവിതമാണ്. ക്രിസ്തു തന്റെ രഹസ്യ ജീവിതത്തിൽ എതൊരു യഹൂദ ബാലനെയും, യുവാവിനെയും പോലെ സങ്കീർത്തനങ്ങൾ ചൊല്ലി പ്രാർത്ഥിച്ചിരുന്നു. അതുകൊണ്ടാണ് കർത്താവിന്റെ രഹസ്യജീവിതമാണ് സങ്കീർത്തനങ്ങൾ ആലപിക്കുമ്പോൾ നാം അനുസ്മരിക്കുന്നതെന്നു പറയുന്നത്.
വിശുദ്ധ ബലിയർപ്പണത്തിൽ, സങ്കീർത്തനങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. യഹൂദ പാരമ്പര്യത്തിലെ, ഏറ്റവും പ്രധാനപ്പെട്ട പ്രാർത്ഥനകൾ ആയിരുന്നു സങ്കീർത്തനങ്ങൾ. ക്രിസ്തുവിന്റെ രഹസ്യജീവിതത്തോടൊപ്പം, പഴയനിയമത്തിലൂടെ വെളിപ്പെട്ട വാഗ്ദാനങ്ങളും, രക്ഷകന്റെ വഴിയൊരുക്കലുകളും, പ്രവചനങ്ങളും സങ്കീർത്തനവേളയിൽ നമ്മുടെ മനസ്സിലൂടെ കടന്നു പോവുകയാണ്. സങ്കീർത്തനങ്ങൾ എല്ലാത്തിനെയും ഉൾക്കൊള്ളുന്നതാണ്. എല്ലാ പ്രാർത്ഥനകളും, എല്ലാ സൃഷ്ടികളെയും, ഒരു മനുഷ്യന്റെ വികാരവിചാരങ്ങളെ മുഴുവൻ ചേർക്കുന്നതാണ്. അതുകൊണ്ടുതന്നെ, സങ്കീർത്തനങ്ങൾ വിശുദ്ധ കുർബാനയിൽ ആവർത്തിക്കപ്പെടുന്നത് വളരെ മനോഹരമാണ്.