അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി
ഈശോയുടെ ജനനവേളയിൽ മാലാഖാമാർ പാടിയ അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി എന്ന കീർത്തനം കാർമ്മികൻ ആലപിക്കുമ്പോൾ ജനം ദൈവത്തെ പാടിസ്തുതിക്കുവാനുള്ള സമ്മതം പ്രകടിപ്പിച്ചുകൊണ്ട് ആമ്മേൻ’ എന്ന് പ്രത്യുത്തരിക്കുന്നു. കാർമ്മികൻ അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി’ എന്ന് മൂന്നു പ്രാവശ്യം ആവർത്തിക്കുന്നു. ആഴമേറിയ അനുഭവത്തിന് ഹേതുവാക്കുന്നതാണ് കുർബാനയിലെയും മറ്റ് ആരാധനാശുശ്രൂഷകളിലെയും ആവർത്തനങ്ങൾ. അഗാധമായ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പ്രകടനമാണ് ആവർത്തനം.
കർത്താവിന്റെ മനുഷ്യവതാരരഹസ്യത്തിലേക്ക് നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നതാണ് അത്യുന്നതങ്ങളിൽ ദൈവത്തിനുസ്തുതി’ എന്ന കീർത്തനം. കർത്താവിന്റെ മനുഷ്യാവതാരവേളയിലും ഇന്ന് സ്വർഗീയാരാധനയിലും ദൈവത്തെ പാടിപ്പുകഴ്ത്തുന്ന സ്വർഗീയ ഗണങ്ങളോടുചേർന്ന് ദൈവജനം ദൈവത്തെ സ്തുതിക്കുന്നതാണ് ഈ കീർത്തനം. ‘ഭൂമിയിൽ മനുഷ്യർക്ക് സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും’ എന്ന കാർമ്മികന്റെ ആശംസ മനുഷ്യവതാരരഹസ്യത്തിന്റെ ഫലമായി മനുഷ്യന് നല്കപ്പെടുന്ന ദൈവികകൃപയിലേക്ക് വിശ്വാസികളുടെ ശ്രദ്ധ ക്ഷണിക്കുന്നു. അതേ, അങ്ങനെയായിരിക്കട്ടെ എന്നുതുടങ്ങി വിപുലമായ അർത്ഥസാധ്യതയുള്ളതാണ് “ആമ്മേൻ’ എന്ന അറമായപദം. കുർബാനയിലുടനീളം പുരോഹിതൻ ചൊല്ലുന്ന പ്രാർത്ഥനകളോട് ഹൃദയപൂർവ്വം തങ്ങളും പങ്കുചേരുന്നുവെന്ന് ആമ്മേൻ’ ചൊല്ലിക്കൊണ്ട് സമൂഹം പ്രഖ്യാപിക്കുന്നു. പ്രാർത്ഥനകളോട് സമ്മതമരുളുന്നതുപോലെ കുർബാനവേളയിൽ ദൈവം നല്കുന്ന രക്ഷയുടെ വിളിക്ക് നല്കുന്ന ഭാവാത്മകമായ പ്രത്യുത്തരമാണ് ‘ആമേൻ’.
അവലംബം
സിറോമലബാർ സഭയുടെ ആരാധനക്രമവിശ്വാസപരിശീലനം; സിറോമലബാർ സിനഡ് പ്രസിദ്ധീകരണം