January 15, 2026
#Catechism #Church #Congregations #International #News

സ്നേഹത്തിൽ എല്ലാവരെയും ഒരൊറ്റ മധുരഗാനത്തിൽ ഒന്നിപ്പിക്കുന്ന സഭയുടെ തിളങ്ങുന്ന പ്രതീകമാണ് ഗായക സംഘം ഗായക സംഘത്തോടുള്ള ലിയോ മാർപാപ്പയുടെ സ്നേഹം നിറഞ്ഞ ഉപദേശങ്ങൾ

സംഗീതമെന്ന സമ്മാനം വഴിയായി നമ്മുടെ ഹൃദയങ്ങളെ സംവദിക്കുന്നതിനും, വാക്കുകൾക്ക് എല്ലായ്പ്പോഴും പ്രകടിപ്പിക്കാൻ കഴിയാത്ത കാര്യങ്ങൾ പറയുവാൻ സാധിക്കുന്നു. പ്രത്യേകിച്ച്, സംഗീതം, മനുഷ്യന്റെ സ്വാഭാവികവും പൂർണ്ണവുമായ പ്രകടനത്തെ പ്രതിനിധീകരിക്കുന്നു: മനസ്സ്, വികാരങ്ങൾ, ശരീരം, ആത്മാവ് എന്നിവ ആശയവിനിമയം ചെയ്യാൻ ഇവിടെ ഒന്നിക്കുന്നു. വിശുദ്ധ അഗസ്റ്റിൻ നമ്മെ ഓർമ്മിപ്പിക്കുന്നതുപോലെ, സ്നേഹിക്കുന്നവർ പാടുന്നത് ഉചിതമാണ്. പാടുന്നയാൾ സ്നേഹം മാത്രമല്ല അവന്റെ ഹൃദയത്തിലെ വേദന, ആർദ്രത, ആഗ്രഹം എന്നിവ പ്രകടിപ്പിക്കുകയും, താൻ ആരെക്കുറിച്ചാണോ പാടുന്നത്, ആ വ്യക്തിയെ സ്നേഹിക്കുകയും ചെയ്യുന്നു. ദൈവജനത്തിന്, സംഗീതമെന്നത്, പ്രാർത്ഥനയും സ്തുതിയും പ്രകടിപ്പിക്കുന്ന, ഉയിർത്തെഴുന്നേറ്റ ക്രിസ്തു പിതാവിലേക്ക് ഉയർത്തുന്ന “പുതിയ ഗാനമാണ്”. ആത്മാവിന്റെ നവജീവനാൽ സജീവമാക്കപ്പെട്ട ഒരൊറ്റ ശരീരമായി, സ്നാനമേറ്റ എല്ലാവരെയും ഈ കീർത്തനത്തിൽ പങ്കെടുക്കുന്നു. അതിലൂടെ നാം ദൈവത്തെ സ്തുതിക്കുന്നു, ക്രിസ്തുവിൽ നവമായ ജീവന്റെ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നു. വിശുദ്ധ അഗസ്റ്റിൻ വീണ്ടും നമ്മെ ഉദ്‌ബോധിപ്പിക്കുന്നു, ക്ഷീണിതരായ വഴിയാത്രക്കാർ തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ അനുഭവിക്കുന്ന സന്തോഷം ഗാനത്തിലൂടെ പ്രകടിപ്പിക്കുന്നതുപോലെ, നാം ജീവിത യാത്രയിൽ സംഗീതമാലപിക്കണം. നന്മയിൽ മുന്നേറുക, സംഗീതമാലപിച്ചുകൊണ്ട് നടക്കുക. ഒരു ഗായകസംഘത്തിന്റെ ഭാഗമാകുക എന്നതിനർത്ഥം ഒരുമിച്ച് മുന്നോട്ട് പോകുക, നമ്മുടെ സഹോദരീസഹോദരന്മാരെ കൈപിടിച്ച് മുൻപോട്ടു കൊണ്ടുപോകുക, നമ്മോടൊപ്പം നടക്കാൻ അവരെ സഹായിക്കുക, അവരോടൊപ്പം ദൈവസ്തുതി പാടുക, അവരുടെ കഷ്ടപ്പാടുകളിൽ അവരെ ആശ്വസിപ്പിക്കുക, അവർ ക്ഷീണിതരാകുമ്പോൾ അവരെ പ്രോത്സാഹിപ്പിക്കുക, ക്ഷീണം ഉണ്ടാകുമ്പോൾ അവരെ പ്രചോദിപ്പിക്കുക എന്നിവയാണ്. ഗായകസംഘത്തിന്റെ ഗാനാലാപനത്തെ സഭയുടെ ഐക്യവുമായി ബന്ധിപ്പിക്കുന്ന വികാരഭരിതമായ വാക്കുകൾ അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസും ഉപയോഗിക്കുന്നുണ്ട്. “നിങ്ങളുടെ ഐക്യത്തിൽ നിന്നും, നിങ്ങളുടെ സ്വരച്ചേർച്ചയുള്ള സ്നേഹത്തിൽ നിന്നും, ഞങ്ങൾ യേശുക്രിസ്തുവിനു സംഗീതമാലപിക്കുന്നു. തീർച്ചയായും, ഒരു ഗായകസംഘത്തിന്റെ വ്യത്യസ്ത ശബ്ദങ്ങൾ പരസ്പരം യോജിച്ചുകൊണ്ട്, ഒരൊറ്റ സ്തുതിക്ക് കാരണമാകുന്നു, ഇതാണ്, സ്നേഹത്തിൽ എല്ലാവരെയും ഒരൊറ്റ മധുരഗാനത്തിൽ ഒന്നിപ്പിക്കുന്ന സഭയുടെ തിളങ്ങുന്ന പ്രതീകം. നിങ്ങളുടേത് ഒരു യഥാർത്ഥ ശുശ്രൂഷയാണ്, അതിന് ഒരുക്കവും വിശ്വസ്തതയും പരസ്പര ധാരണയും എല്ലാറ്റിനുമുപരി, ആഴത്തിലുള്ള ആത്മീയ ജീവിതവും ആവശ്യമാണ്. നിങ്ങൾ പാടുമ്പോൾ പ്രാർത്ഥിക്കുകയാണെങ്കിൽ, എല്ലാവരെയും പ്രാർത്ഥിക്കാൻ നിങ്ങൾ സഹായിക്കുന്നു. സംഗീതത്തോടുള്ള സ്നേഹത്താലും, സേവനമനോഭാവത്താലും വിവിധ ആളുകൾ ഒന്നിച്ചുചേരുന്ന ഒരു ചെറിയ കുടുംബമാണ് ഗായകസംഘം. പ്രാർത്ഥന സമൂഹം നിങ്ങളുടെ വിപുലീകൃത കുടുംബമാണെന്ന് ഓർമ്മിക്കുക: നിങ്ങൾ അതിന്റെ മുന്നിൽ നിൽക്കുന്നവരല്ല, മറിച്ച് അതിന്റെ ഭാഗമാണ്, പ്രചോദനം നൽകി അതിനെ ഉൾപ്പെടുത്തി, കൂടുതൽ ഐക്യപ്പെടുത്താൻ നിങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ലക്ഷ്യത്തിലേക്ക് എത്തുവാൻ, ദൈവത്തെ സ്തുതിച്ചുകൊണ്ട്, ചരിത്രത്തിലൂടെ സഞ്ചരിക്കുന്ന സഭയുടെ ഒരു പ്രതീകമാണ് ഗായകസംഘം എന്ന് നമുക്ക് പറയാം. ചില സമയങ്ങളിൽ ഈ യാത്ര ബുദ്ധിമുട്ടുകളും പരീക്ഷണങ്ങളും നിറഞ്ഞതാണെങ്കിലും, സന്തോഷവും, കഷ്ടപ്പാടുകളും ഇടകലർന്നു വരുന്നുവെങ്കിലും, സംഗീതം, യാത്രയെ എളുപ്പമാക്കുകയും ആശ്വാസം നൽകുകയും ചെയ്യുന്നു. അതിനാൽ, നിങ്ങളുടെ ഗായകസംഘങ്ങളെ ഐക്യത്തിന്റെയും സൗന്ദര്യത്തിന്റെയും ഒരു അത്ഭുതമായി രൂപാന്തരപ്പെടുത്താൻ പരിശ്രമിക്കുക, സഭ തന്റെ നാഥനെ സ്തുതിക്കുന്നതിന്റെ തിളങ്ങുന്ന പ്രതിച്ഛായയായി മാറുക. സഭാപഠനങ്ങൾ ശ്രദ്ധാപൂർവ്വം പഠിക്കുക. നിങ്ങളുടെ സേവനം ഏറ്റവും മികച്ച രീതിയിൽ നിർവഹിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കൗൺസിൽ രേഖകളിൽ എടുത്തു പറയുന്നുണ്ട്. എല്ലാറ്റിനുമുപരി, ആരാധന കർമ ആഘോഷങ്ങളിൽ സഭയുടെ സജീവ പങ്കാളിത്തത്തെ ഒഴിവാക്കുകയും, പ്രദർശനം നടത്തുകയും ചെയ്യുന്ന പ്രലോഭനങ്ങൾക്ക് വശംവദരാകാതെ, എല്ലായ്പ്പോഴും ദൈവജനത്തെ ഉൾപ്പെടുത്തുക. സംഗീതത്തിന്റെ സൗന്ദര്യത്തിലൂടെ ദൈവത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന സഭയുടെ പ്രാർത്ഥനയുടെ അടയാളമായിരിക്കുക.

Share this :

Leave a comment

Your email address will not be published. Required fields are marked *