April 16, 2025
#International #Latest News #News

ഞാൻ ദിവ്യബലി അർപ്പിക്കുമ്പോൾ അനേകം സെൽഫോണുകൾ ഉയരുന്നതായി കാണുന്നത് എന്നെ ദുഃഖിതനാക്കുന്നു; ഫ്രാൻസിസ് മാർപാപ്പ

പൊതുദർശനത്തിനായി വിശുദ്ധ പത്രോസിന്റെ ബസ്സിലിക്കയുടെ ചത്വരത്തിൽ ഒത്തുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. വിശുദ്ധ ബലിയർപ്പണം തിരുസഭയുടെ ഹൃദയമാണ്; അവളുടെ ജീവിതത്തിൻ്റെ സ്രോതസ്സാണ്. ദിവ്യകാരുണ്യത്തിനായി മരണം വരിച്ച അനേകം ക്രൈസ്തവരെയും, ഇന്നും ഞായറാഴ്ചത്തെ ദിവ്യബലിയിൽ സംബന്ധിക്കാൻ തങ്ങളുടെ ജീവിതങ്ങൾ അപകടത്തിലാക്കേണ്ടിവരുന്ന എല്ലാവരെയും നാം അനുസ്മരിക്കുന്നു. മരണത്തിൻ്റെ മേലുള്ള ക്രിസ്തുവിൻ്റെ വിജയത്തിൽ നമ്മെ പങ്കുകാരാക്കിക്കൊണ്ട് നമുക്ക് നിത്യജീവൻ നൽകുന്ന ദിവ്യകാരുണ്യത്തിനുവേണ്ടി ഭൗമീക ജീവിതം ഉപേക്ഷിക്കാൻ കഴിയും എന്നവരുടെ സാക്ഷ്യം നമ്മെ പഠിപ്പിക്കുന്നു. ദിവ്യകാരുണ്യമില്ലാതെ നമുക്ക് ജീവിക്കുവാൻ കഴിയുകയില്ല. ദിവ്യകാരുണ്യമില്ലെങ്കിൽ നമ്മുടെ ക്രിസ്തീയ ജീവിതം നശിക്കും എന്ന് നിശ്ചയമായി നാം മനസ്സിലാക്കണം. നമ്മുടെ ജീവനായ യേശുക്രിസ്തു തന്നെ തന്നെ സന്നിഹിതനാക്കുന്ന അത്ഭുതകരമായ സംഭവമാണ് വിശുദ്ധ ബലിയർപ്പണം. വിവിധ കാര്യങ്ങളിൽ വ്യാപൃതരാകുന്നതിനുള്ള അവസരമല്ല ദിവ്യബലി. കർത്താവ് അവിടെയുണ്ട് എന്ന് അവബോധം വിശുദ്ധ ബലിയർപ്പണത്തിൽ പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും ഉണ്ടാകേണ്ടത് പ്രധാനമാണ്. ഇത് ഒരു കൗതുക ദൃശ്യമല്ല. തുടർന്ന് അദ്ദേഹം തൻ്റെ ദുഃഖം പങ്കുവെച്ചു. ഇവിടെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ ചത്വരത്തിലോ, ബസിലിക്കയിലോ ഞാൻ ദിവ്യബലി അർപ്പിക്കുമ്പോൾ അനേകം സെൽഫോണുകൾ ഉയരുന്നതായി കാണുന്നത് എന്നെ ദുഃഖിതനാക്കുന്നു. സെൽഫോണുകൾ അല്ല ഉയരേണ്ടത് മറിച്ച് കൂദാശകളിലെ സന്നിഹിതനാകുന്ന ക്രിസ്തുവിനെ കാണാനും സ്പർശിക്കാനും ദർശിക്കാനും നമുക്ക് കഴിയണം.

Share this :

Leave a comment

Your email address will not be published. Required fields are marked *