ഫാത്തിമായിലെ ദിവ്യകാരുണ്യ പരിഹാര പ്രാർത്ഥനകൾ
1917 - മുതൽ പരിശുദ്ധ അമ്മ; ലൂസി, ജസിന്ത, ഫ്രാൻസിസ് എന്നി മൂന്നു കുട്ടികൾക്ക് പ്രത്യക്ഷപ്പെട്ടതാണ് ഫാത്തിമയിലെ അത്ഭുതം. പരിശുദ്ധ അമ്മയുടെ പ്രത്യക്ഷികരണത്തിനു മുൻപായിട്ട് മാലാഖ മൂന്നുപ്രാവശ്യം ഇവർക്ക് പ്രത്യക്ഷപ്പെടുന്നുണ്ട്. അതിൽ ആദ്യത്തെ പ്രാവശ്യം മാലാഖ കുട്ടികളെ ഒരു പ്രാർത്ഥന പഠിപ്പിക്കുന്നുണ്ട്. ദിവ്യകാരുണ്യത്തിന് എതിരായി നടക്കുന്ന നിന്ദാപമാനങ്ങൾക്ക് പരിഹാരം ചെയ്തുകൊണ്ടുള്ള പ്രാർത്ഥനയാണത്. മുട്ടുകുത്തി കുമ്പിട്ടാണ് ആ പ്രാർത്ഥന ചൊല്ലേണ്ടത്; ഇതിനെക്കുറിച്ച് ലൂസി ഇപ്രകാരം പറയുന്നു, ഇങ്ങനെ പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു പലപ്പോഴും ബോധം കെട്ടുപോകുന്ന അവസ്ഥയിലേക്ക് വരെ എത്തി ചേർന്നിട്ടുണ്ട്. അത്രമാത്രം അവർ ആ പ്രാർത്ഥനകൾ ആവർത്തിച്ച് ചൊല്ലി. ആ പ്രാർത്ഥന ഇപ്രകാരമാണ്;
‘എന്റെ ദൈവമേ, ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു, ഞാൻ അങ്ങയെ ആരാധിക്കുന്നു, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയിൽ വിശ്വസിക്കുകയോ, അങ്ങയിൽ ശരണപ്പെടുകയോ, അങ്ങയെ ആരാധിക്കുകയോ, അങ്ങയെ സ്നേഹിക്കുകയോ ചെയ്യാത്തവർക്ക് വേണ്ടി കൂടി ഞാൻ അങ്ങയോട് മാപ്പ് ചോദിക്കുന്നു.’
മൂന്നാമത്തെ പ്രാവശ്യം മാലാഖ പ്രത്യക്ഷപ്പെട്ടപ്പോൾ പരിചയപ്പെടുത്തിയത് സമാധാനത്തിന്റെ മാലാഖ എന്നാണ്. ആ മാലാഖ വായുവിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഇടതുകൈയിൽ കാസയും വലതു കൈയിൽ തിരുവോസ്തിയും പിടിച്ചരുന്നു. തിരുവോസ്തിയിൽ നിന്ന് രക്തത്തുള്ളികൾ കാസയിലേക്ക് വീണുകൊണ്ടിരുന്നു. മാലാഖ കാസയും തിരുവോസ്തിയും വായുവിൽ നിർത്തുകയും, കുട്ടികളോട് ചേർന്ന് തിരുശരീരത്തെയും, തിരു രക്തത്തെയും കുമ്പിട്ട് ആരാധിച്ചു. മൂന്നു പ്രാവശ്യം കുമ്പിട്ട് എഴുന്നേറ്റ ശേഷം വീണ്ടും ഒരു പ്രാർത്ഥന മാലാഖ ഇവരെ പഠിപ്പിച്ചു. ആ പ്രാർത്ഥനയും വിശുദ്ധ കുർബാനയുടെ നിന്ദാപമാനങ്ങൾക്ക് എതിരായ പ്രാർത്ഥനയാണ്.
‘പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏറ്റവും പരിശുദ്ധ ത്രിത്വമേ, ഞാൻ അങ്ങയെ ആരാധിക്കുന്നു. ലോകമെമ്പാടും സക്രാരിയിൽ എഴുന്നെള്ളിയിരിക്കുന്ന യേശുനാഥനോട് ചെയ്യപ്പെടുന്ന ദൂഷണങ്ങൾക്കും, നിന്ദനങ്ങൾക്കും, അതിക്രമങ്ങൾക്കും, നിസംഗതകൾക്കും പരിഹാരമായിട്ട് അങ്ങയുടെ ഏറ്റവും പരിശുദ്ധമായ തിരുശരീരവും, തിരുരക്തവും, ആത്മാവും, ദൈവത്വവും അങ്ങേക്ക് ഞാൻ കാഴ്ച വയ്ക്കുന്നു. ഈശോ നാഥന്റെ തിരുഹൃദയത്തിന്റെയും, പരിശുദ്ധ മാതാവിന്റെ വിമല ഹൃദയത്തിന്റെയും, യോഗ്യതകളാൽ നിസഹായരായ പാപികൾക്ക് മാനസാന്തരത്തിനുള്ള കൃപ നൽകണമേ. ആമേൻ
.