ഒരുക്കശുശൂഷ
കുർബാനയർപ്പണവേളയായ കൂദാശയ്ക്ക് (അനാഫൊറ) വേണ്ടിയുള്ള ഒരുക്കം കുർബാനയിൽ വളരെ പ്രധാന്യമുള്ളതാണ്. ബാഹ്യമായ ഒരുക്കം, ആന്തരികമായ ഒരുക്കം എന്നിങ്ങനെ രണ്ടുതരം ഒരുക്കങ്ങളുണ്ട്. ദിവ്യരഹസ്യങ്ങളായ അപ്പവും വീഞ്ഞും തയ്യാറാക്കി ഉപപീഠങ്ങളിൽ (ബേസ്ഗസ്സകളിൽ) സജ്ജീകരിക്കുന്നതും, തുടർന്ന് പ്രദക്ഷിണമായി ബലിപീഠത്തിലേക്ക് കൊണ്ടുവന്ന് സ്ഥാപിക്കുന്നതും അവയെ ശോശപ്പകൊണ്ട് മൂടുന്നതും ബാഹ്യമായ ഒരുക്കമാണ്. വിശുദ്ധ കുർബാനയ്ക്കാവശ്യമായ ഭൗതികപദാർഥങ്ങൾ സജ്ജമാക്കുക എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.
പൗര്യസ്ത്യസുറിയാനി പാരമ്പര്യത്തിൽ കുർബാനയ്ക്കുള്ള അപ്പം ചുട്ടെടുക്കുന്നതുതന്നെ ലിറ്റർജിയോട് ബന്ധപ്പെട്ടകാര്യമായിരുന്നു. പ്രാർത്ഥനകളുടെ അകമ്പടിയോടെയാണ് കുർബാനയ്ക്കുള്ള അപ്പം ചുട്ടിരുന്നത്. അപ്പത്തെയും വീഞ്ഞിനെയും കുർബാനയിൽ ദിവ്യരഹസ്യങ്ങൾ എന്നാണ് വിളിക്കുന്നത്. അപ്പവും വീഞ്ഞും തയ്യാറാക്കി അൾത്താരയിൽ സജ്ജീകരിക്കുന്നതിന് പ്രതികാത്മകമായ അർത്ഥമാണുള്ളത്. അപ്പവും വീഞ്ഞും ഉപപീഠങ്ങളിൽ ഒരുക്കുമ്പോഴും, അൾത്താരയിലേക്ക് സംവഹിക്കുമ്പോഴും, പ്രാർത്ഥന ചൊല്ലി അൾത്താരയിൽ സ്ഥാപിക്കുമ്പോഴും നമ്മുടെ കർത്താവിന്റെ പീഡാനുഭവവും മരണവുമാണ് അനുസ്മരിക്കുന്നത്. ദിവ്യരഹസ്യങ്ങൾ ഒരുക്കുമ്പോഴുള്ള പ്രാർത്ഥനകൾ ഈ പ്രതികാത്മകതയിലേക്ക് വിരൽ ചൂണ്ടുന്നു. ഒരുക്കശുശ്രൂഷയിൽ അപ്പത്തെയും വീഞ്ഞിനെയും ശരീരമെന്നും രക്തമെന്നും വിളിക്കുന്നത് അവ ശരീരരക്തങ്ങളായിതീർന്നു എന്ന അർത്ഥത്തിലല്ല. പ്രത്യുത പെസഹാരഹസ്യത്തിന്റെ അനുസ്മരണത്തിൽ അവ ശരീരരക്തങ്ങളുടെ പ്രതീകങ്ങളാണ് എന്ന അർത്ഥത്തിലാണ്.
വീഞ്ഞ് തയ്യാറാക്കുമ്പോൾ അല്പം വെള്ളം ചേർക്കുന്നത് അതിപുരാതനമായ ക്രമമാണ്. കർത്താവിന്റെ തിരുവിലാവിൽനിന്ന് രക്തവും വെള്ളവും ഒഴുകിയതിനെ അനുസ്മരിക്കുന്ന കർമ്മമാണിത്. മിശിഹായിൽ ദൈവമനുഷ്യസ്വഭാവങ്ങൾ സമ്മേളിച്ചിരുന്നതിനെ സൂചിപ്പിക്കുന്നതാണ് ഈ കൂട്ടിച്ചേർക്കലെന്ന് പിതാക്കന്മാർ പഠിപ്പിക്കുന്നു. മിശിഹായും സഭയും തമ്മിലുള്ള ഗാഢമായ ഐക്യത്തെയും സൂചിപ്പിക്കുന്നതാണ് ഈ കൂട്ടിച്ചേർക്കൽ. ദിവ്യരഹസ്യങ്ങൾ ബലിപീഠത്തിലേക്കു സംവഹിക്കുമ്പോൾ ആലപിക്കുന്ന ഗീതത്തെ ദിവ്യരഹസ്യഗീതം (ഓനീസാ ദ്റാസേ) എന്നു വിളിക്കുന്നു. ആരാധനാകാലത്തിനനുസരിച്ച് മാറിവരുന്ന ഗീതമാണിത്.
അപ്പത്തെയും വീഞ്ഞിനെയും വിശ്വാസികളർപ്പിക്കുന്ന കാഴ്ചവസ്തുക്കളായി പുരാതനകാലത്ത് കണക്കാക്കിയിരുന്നു. പില്കാലത്ത് അപ്പത്തിനും വീഞ്ഞിനും പകരം തങ്ങളുടെ പ്രതീകാത്മകസമർപ്പണത്തിന്റെ അടയാളമായി മറ്റു വസ്തുക്കളോ പണമോ സമർപ്പിക്കുന്ന പതിവുണ്ടായി. വിശുദ്ധ കുർബാനയിൽ മിശിഹായുടെ ശരീരരക്തങ്ങളുടെ അർപ്പണമാണ് യഥാർത്ഥ ബലിയർപ്പണം. ഈ അർപ്പണത്തോട് പ്രതീകാത്മകമായി ചേർന്ന് തങ്ങളെത്തന്നെ അർപ്പിക്കുന്നതിന് വിശ്വാസികൾക്ക് വ്യത്യസ്ത മാർഗ്ഗങ്ങളുണ്ട്. അദ്ധ്വാന ഫലങ്ങൾ കൂർബാനയ്ക്കു മുമ്പായി ദേവാലയത്തിന്റെ മോണ്ടളത്തിൽ കൊണ്ടുവന്ന് പ്രതിഷ്ഠിക്കുന്ന പതിവാണ് മാർത്തോമ്മാ ക്രിസ്ത്യാനികളുടെയിടയിലുണ്ടായിരുന്നത്. കുർബാനയ്ക്കിടയിൽ പണം ദാനമായി നല്കുന്നത്, പ്രതീകാത്മകസമർപ്പണത്തിന്റെ ഭാഗമാണ്. ദൈവത്തിന് ബലിയർപ്പിക്കുന്നവൻ തന്റെ സഹോദരങ്ങൾക്കായി അർപ്പിക്കപ്പെടണം എന്ന ചിന്തയുടെ ആരാധനാപരമായ സാക്ഷാത്കാരമാണ് ഈ പങ്കുവയ്ക്കലിലുള്ളത്. വിശക്കുന്നവരും ക്ലേശിക്കുന്നവരുമായ സഹോദരങ്ങൾക്കുവേണ്ടിയുള്ള സ്നേഹപൂർവ്വകമായ പങ്കുവയ്ക്കലാണിത്.
കൂദാശയ്ക്കുള്ള ആന്തരിക ഒരുക്കം മാത്രമായിട്ടുള്ള പ്രാർത്ഥനകളും അനുഷ്ഠാനങ്ങളുമുണ്ട്. കാർമ്മികന്റെ കൈകഴുകൽ, മദ്ബഹായുടെ കവാടത്തിങ്കലെ പ്രാർത്ഥന, വിശ്വാസപ്രമാണം, ബലിപീഠത്തിങ്കലേക്കുള്ള കാർമ്മികന്റെ പ്രദക്ഷിണപ്രാർത്ഥന എന്നിവയാണ് ആന്തരിക ഒരുക്കത്തിലെ പ്രധാനഘടകങ്ങൾ. അയോഗ്യരെ പറഞ്ഞയയ്ക്കൽ, റാസക്രമത്തിലെ സാഷ്ടാംഗപ്രണാമം, ശുശ്രൂഷിയുടെ കാറോസൂസ എന്നിവയും ഈ ഒരുക്കശുശ്രൂഷയിലെ മറ്റുഭാഗങ്ങളാണ്.മാമ്മോദീസ സ്വീകരിക്കാത്ത സ്നാനാർത്ഥികൾ, ഗൗരവതരമായ പാപങ്ങൾ ചെയ്ത് ദിവ്യകാരുണ്യസമൂഹത്തിൽ നിന്ന് പറഞ്ഞയയ്ക്കപ്പെട്ടവർ, വിശുദ്ധകുർബാന സ്വീകരിക്കുന്നില്ലാത്തവർ എന്നിങ്ങനെ മൂന്നുകൂട്ടരെ മാറ്റിനിർത്തിക്കൊണ്ട് ആരാധനാസമൂഹത്തെ യോഗ്യതയുള്ള വിശ്വാസികളുടെ മാത്രം സമൂഹമാക്കിത്തീർക്കുന്നു. ദിവ്യരഹസ്യങ്ങളുടെ ശുശ്രൂഷയിൽ പങ്കെടുക്കുന്നവരുടെ ആദ്ധ്യാത്മികമായ യോഗ്യതയെ സൂചിപ്പിക്കുന്നതാണ് അയോഗ്യരെ പറഞ്ഞയയ്ക്കൽകർമ്മം. ഭക്തിയോടും ശ്രദ്ധയോടും കൂടി ദിവ്യരഹസ്യങ്ങളിൽ പങ്കുകൊള്ളാനുള്ള ആഹ്വാനമായി ഇന്ന് ഈ കർമ്മത്തെ മാറ്റിയിരിക്കുന്നു.
കാർമ്മികൻ തന്റെ അയോഗ്യത ഏറ്റുപറഞ്ഞുകൊണ്ട് ബേമ്മയിൽ സാഷ്ടാംഗം പ്രണമിച്ച് നാലുവശങ്ങളിലും മൂന്നുപ്രാവശ്യംവീതം ചുംബിക്കുന്നതാണ് റാസയിലെ സാഷ്ടാംഗപ്രണാമം. പുരാതനകാലത്ത് ഹൈക്കലയുടെ നടുവിലുണ്ടായിരുന്ന ബേമ്മയെ സൂചിപ്പിക്കുന്നതാണ് ഇന്ന് ഹൈക്കലയുടെ നടുവിൽ വിരിക്കുന്ന വിരിപ്പ്. സാഷ്ടാംഗപ്രണാമസമയത്ത് ജനം പാടുന്ന ഓനീസാ, വൈദികൻ ബലിപീഠത്തിങ്കലെത്തി നിർവഹിക്കുന്ന മഹോന്നതകർമ്മമായ കൂദാശയെ ഓർമ്മിപ്പിക്കുന്നതാണ്. തത്സമയം അക്കാര്യം അനുസ്മരിപ്പിച്ച്, കാർമ്മികൻ വിരിപ്പിന്മേൽ ആശീർവദിക്കുന്നു. പരിശുദ്ധാത്മാവിന്റെ ഉപകരണമായി കുർബാനയിൽ പ്രവർത്തിക്കുന്നവനാണ് വൈദികൻ എന്ന് ഈ ഓനീസാ വ്യക്തമാക്കുന്നു. മദ്ബഹായിലേക്ക് പുരോഹിതനെ സ്വാഗതം ചെയ്യാനും ആനയിക്കാനുമാണ് മദ്ബഹായിൽ നിന്ന് മ്ശംശാനമാർ ഇറങ്ങിവരുന്നത്. സാഷ്ടാംഗപ്രണാമകർമ്മം പുരോഹിതന്റെ മദ്ബഹാപ്രവേശനത്തിനുള്ള ആദ്ധ്യാത്മികതയ്യാറെടുപ്പാണ്. സാഷ്ടാംഗപണാമത്തിലൂടെ പുരോഹിതനും ആരാധനാസമൂഹം മുഴുവനും ബലിയർപ്പണത്തിനുവേണ്ടി ആദ്ധ്യാത്മികമായി ഒരുങ്ങുന്നു.
കാർമ്മികൻ തന്റെയും സമൂഹത്തിന്റെയും പാപക്കറകൾ കഴുകി ഹൃദയം നിർമ്മലമാക്കുന്നതിന്റെ അടയാളമായിട്ടാണ് മദ്ബഹാപ്രവേശത്തിന് ഒരുക്കമായി ബേമ്മയിൽ വച്ച് കൈകൾ കഴുകുന്നത്. കഴുകി വെടിപ്പാക്കപ്പെട്ട ഹൃദയത്തോടും നിർമ്മലമനസ്സാക്ഷിയോടും കൂടെ ബലിപീഠത്തിങ്കൽ ദിവ്യരഹസ്യങ്ങൾ പരികർമ്മം ചെയ്യാനുള്ള യോഗ്യതയ്ക്കായി കാർമ്മികൻ മദ്ബഹായുടെ കവാടത്തിൽ വച്ച് പ്രാർത്ഥിക്കുന്നു. ദിവ്യരഹസ്യങ്ങളുടെ ശുശ്രൂഷ നിർവഹിക്കുവാനും മിശിഹായുടെ ബലിയർപ്പണത്തിൽ പങ്കുചേരുവാനും യഥാർത്ഥവിശ്വാസം അനിവാര്യമാണ്. വിശ്വാസപ്രമാണം ഉദ്ഘോഷിച്ച്, കാർമ്മികനും സമൂഹം മുഴുവനും തങ്ങളുടെ ഉറച്ചുവിശ്വാസം ഏറ്റുപറയുന്നു. ബലിയർപ്പണത്തിനുള്ള യോഗ്യതയ്ക്കായി പ്രാർത്ഥിച്ചുകൊണ്ടും ബലിയർപ്പണത്തിനായി തന്നെ തിരഞ്ഞെടുത്ത ദൈവത്തെ സ്തുതിച്ചുകൊണ്ടുമാണ് കാർമ്മികൻ ബലിപീഠത്തെ സമീപിക്കുന്നത്. കർത്താവിന്റെ കബറിടമാകുന്ന ബലിപീഠത്തിലെത്തുന്ന കാർമ്മികൻ ആ ബലിപീഠത്തോട് തനിക്കുള്ള ഭയഭക്ത്യാദരവുകൾ പ്രകടമാക്കിക്കൊണ്ട് മൂന്നുപ്രാവശ്യം ചുംബിക്കുന്നു. തത്സമയം മ്ശംശാന ചൊല്ലുന്ന പ്രഘോഷണ പ്രാർത്ഥനയിലൂടെ (കാറോസൂസ്) സഭയിലെ ജീവിക്കുന്നവരും മരിച്ചവരുമായ പിതാക്കന്മാരെയും പ്രിയപ്പെട്ടവരെല്ലാവരെയും അനുസ്മരിക്കുന്നു. ദിവ്യരഹസ്യങ്ങളുടെ സ്മരണകൊണ്ടാടുന്നതിനുള്ള ഏറ്റവും അടുത്ത ഒരുക്കമാണിത്.
അവലംബം സിറോമലബാർ സഭയുടെ ആരാധനക്രമവിശ്വാസപരിശീലനം; സിറോമലബാർ സിനഡ് പ്രസിദ്ധീകരണം