നാഷണൽ യൂക്കരിസ്റ്റിക് റിവൈവൽ
വാഷിംഗ്ടൺ ഡി.സി: ‘നാഷണൽ യൂക്കരിസ്റ്റിക് റിവൈവലി’ന്റെ ഭാഗമായി അമേരിക്കയിലെ കത്തോലിക്കാ സഭ സംഘടിപ്പിക്കുന്ന ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് അമേരിക്കയിലെ സഭയുടെ ചരിത്രത്തിൽ നിർണായകമാകുമെന്ന് ഫ്രാൻസിസ് പാപ്പ. ‘യൂക്കരിസ്റ്റിക് റിവൈവലി’ന് സമാപനം കുറിച്ച് 2024 ജൂലൈ 17 – 21 തീയതികളിൽ ഇന്താനോപ്പോളീസിൽ സമ്മേളിക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിൽ ഉപയോഗിക്കാനുള്ള വലിയ അരുളിക്ക ആശീർവദിച്ച് നൽകുകയും ചെയ്തു പാപ്പ.
‘മനുഷ്യഹൃദയത്തിന്റെ വിശപ്പിനുള്ള ദൈവത്തിന്റെ പ്രതികരണമാണ് പരിശുദ്ധ കുർബാന. എന്തെന്നാൽ നമ്മുടെ ജീവിതയാത്രയിൽ നമ്മെ പോഷിപ്പിക്കാനും ആശ്വസിപ്പിക്കാനും നിലനിർത്താനും ദിവ്യകാരുണ്യത്തിലൂടെ ക്രിസ്തു തന്നെ നമ്മുടെ ഇടയിലുണ്ട്. കർത്താവിന്റെ സാന്നിധ്യത്തെയും സ്നേഹത്തെയും തിരിച്ചറിയുന്ന യാഥാർത്ഥ്യമാണ് ദിവ്യബലി. മാത്രമല്ല, സഭാജീവിതത്തിൽ ദിവ്യകാരുണ്യ ആരാധനയുടെ പ്രാധാന്യവും വളരെ വലുതാണ്. നിശബ്ദതമായി, ആ ആരാധനയുടെ അന്തസത്ത നാം കണ്ടെത്തണം,’ പാപ്പ ഉദ്ബോധിപ്പിച്ചു. പരിശുദ്ധ കുർബാനയിൽ, നമുക്കുവേണ്ടി എല്ലാം നൽകിയവനെ, നമുക്ക് ജീവനേകാൻ സ്വജീവൻ നൽകിയവനെ, അവസാനം വരെ നമ്മെ സ്നേഹിച്ചവനെ നാം കണ്ടുമുട്ടുന്നു. വിശുദ്ധ കുർബാനയിൽ കൂദാശ ചെയ്യപ്പെടുന്ന അപ്പത്തിലും വീഞ്ഞിലും ക്രിസ്തുസാന്നിധ്യം ഉണ്ടെന്ന് വിശ്വസിക്കുന്ന അമേരിക്കക്കാരുടെ എണ്ണം മൂന്നിൽ ഒന്നുമാത്രമാണെന്ന് വ്യക്തമാക്കുന്ന സർവേഫലം ‘പ്യൂ റിസർച്ച്നാളുകൾക്കുമുമ്പ് പുറത്തുവിട്ടിരുന്നു. ഇതിന്റെ ഗൗരവം ഉൾക്കൊണ്ട് അമേരിക്കയിലെ കത്തോലിക്കാ സഭ 2022ൽ സമാരംഭിച്ച മൂന്നു വർഷത്തെ കർമപദ്ധതിയാണ് നാഷണൽ യൂക്കരിസ്റ്റിക്ക് റിവൈവൽ.