December 22, 2024
#Catechism #Holy Mass

വചനശുശ്രൂഷ

        വചനമായ കർത്താവിന്റെ രക്ഷാകരമായ ശുശ്രൂഷയുടെ ആഘോഷമാണ് വചനശുശ്രൂഷ. കർത്താവിന്റെ ശുശ്രൂഷയുടെ പൂർത്തീകരണസ്ഥാനം ജറുസലേമായിരുന്നു. ഈ ജറുസലേമിന്റെതന്നെ പ്രതീകമായ ബേമ്മയിലാണ് വചനശുശ്രൂഷ നടക്കുന്നത്. യഹൂദസിനഗോഗിലെ സിനാക്സിസ് (Synaxis) എന്നറിയപ്പെടുന്ന വചനശുശ്രൂഷയോട് കുർബാനയിലെ വചനശുശ്രൂഷയ്ക്ക് നിർണ്ണായകസാമ്യമുണ്ട്. വായനകൾ, ഗീതങ്ങൾ, സങ്കീർത്തനങ്ങൾ, വ്യാഖ്യാനം, പ്രാർത്ഥനകൾ എന്നിവയായിരുന്നു സിനഗോഗിലെ വചനശുശ്രൂഷയുടെ ഘടകങ്ങൾ. ഇവയിലെ എല്ലാ ഘടകങ്ങളും തന്നെ സീറോമലബാർ കുർബാനയിലെ വചനശുശ്രൂഷയിലുണ്ട്. വചനശുശ്രൂഷ ആരംഭിക്കുന്നത് ത്രിശുദ്ധകീർത്തനം എന്ന പേരിലുള്ള മാലാഖമാരുടെ കീർത്തനത്തോടുകൂടിയാണ്. ഏശയ്യായുടെ ദർശനമാണ് ഈ ഗീതത്തിന്റെ അടിസ്ഥാനം (ഏശ 6:3). ദൈവം പരിശുദ്ധനും ബലവാനും അമർത്യനുമാണെന്ന് ഈ ഗീതം വെളിപ്പെടുത്തുന്നു. ആ ദൈവത്തെ വചനത്തിലൂടെ ശ്രവിക്കുവാനും സ്വീകരിക്കുവാനുമുള്ള കരുണയ്ക്കുവേണ്ടി ഈ ഗീതത്തിൽ പ്രാർത്ഥിക്കുന്നു. സത്തയിൽ ഒന്നാണെങ്കിലും മൂന്നാളുകളിലുള്ള ദൈവികപ്രകൃതിയെ സ്തുതിക്കുകയും മഹത്ത്വപ്പെടുത്തുകയും ചെയ്യുന്ന ഗീതമാണിത്. ത്രിശുദ്ധകീർത്തനത്തെ തുടർന്നുവരുന്ന പ്രാർത്ഥന ഈ കീർത്തനത്തിന്റെ ആഹ്വാനത്തെ ആവർത്തിച്ചുദ്ഘോഷിക്കുന്നു.

          യഹൂദപാരമ്പര്യത്തിലെന്നപോലെ നിയമഗ്രന്ഥത്തിൽ നിന്നും പ്രവാചകരിൽനിന്നും രണ്ടു വായനകൾ നടത്തുന്ന പതിവാണ് പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിലുള്ളത്. നിയമവും പ്രവാചകൻമാരും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾപോലെ പഴയനിയമത്തെ സമഗ്രമാക്കുന്നു എന്ന യഹൂദ കാഴ്ചപ്പാടുതന്നെയാണ് പൗരസ്ത്യസുറിയാനി പാരമ്പര്യവും സ്വീകരിച്ചത്. പഴയനിയമം മിശിഹാരഹസ്യത്തെ പ്രതിരൂപങ്ങളിലൂടെ ഉദ്ഘോഷിക്കുന്നു. മിശിഹായെക്കുറിച്ചുള്ള സൂചനകൾനിറഞ്ഞതാണ് പഴയനിയമമെന്ന് സുവിശേഷവും (ലൂക്കാ 24:25-27) അഫ്രാത്ത്, അംപ്രേം തുടങ്ങിയ പിതാക്കന്മാരും പഠിപ്പിക്കുന്നുണ്ട്.

     പഴയനിയമവായനകൾക്കുശേഷം വരുന്ന ‘ശുറായ’ കീർത്തനം ആ ദിവസം ആഘോഷിക്കുന്ന രഹസ്യത്തിന്റെ അല്ലെങ്കിൽ ആരാധനാകാലത്തിന്റെ ചൈതന്യത്തിന്റെ സ്മരണ പ്രഘോഷിക്കുന്നു. റാസക്രമത്തിൽ ലേഖനവായനയ്ക്കും സുവിശേഷവായനയ്ക്കും മുമ്പ് ‘തുർഗാമ’ എന്നറിയപ്പെടുന്ന വ്യാഖ്യാനഗീതമുണ്ട്. ദൈവവചനത്തിന്റെ ശക്തിവിശേഷങ്ങൾ ഉദ്ഘോഷിക്കുന്നവയാണ് തൂർഗാമകൾ. ശ്ലീഹാ തനിക്കുണ്ടായ മിശിഹാനുഭവം ലേഖനത്തിലൂടെ പ്രഘോഷിക്കുകയാണെന്ന് ലേഖനത്തിന്റെ തുർഗാമയും, സുവിശേഷകൻ തന്റെ മിശിഹാനുഭവം സുവിശേഷത്തിലൂടെ പ്രഘോഷിക്കുന്നുവെന്ന് സുവിശേഷത്തിന്റെ തുർഗാമയും വ്യക്തമാക്കുന്നു. റാസക്രമത്തിൽ സുവിശേഷവായനയ്ക്കു മുമ്പായി സുമ്മാറ എന്നറിയപ്പെടുന്ന ഹല്ലേലുയ്യാഗീതവും, ഓനീസാ ദ്ഏവൻ ഗേലിയോൻ എന്നറിയപ്പെടുന്ന സുവിശേഷഗീതവുമുണ്ട്. റാസയിൽ സുവിശേഷഗീതത്തിന്റെ സമയത്ത് മദ്ബഹയിലുള്ളവരെല്ലാവരും സുവിശേഷം ചുംബിക്കുന്നു. മദ്ബഹയിൽനിന്നു ബേമ്മയിലേക്കുള്ള സുവിശേഷ പ്രദക്ഷിണം സ്വർഗത്തിൽനിന്നു ജറുസലേമിലേക്കുള്ള വചനത്തിന്റെ ആഗമനത്തെയാണ് അനുസ്മരിക്കുന്നത്. ആരാധനാസമൂഹം വചനമായ കർത്താവിനെ സ്വീകരിക്കുന്നവേളയാണ് സുവിശേഷപ്രദക്ഷിണം,. സദ്വാർത്ത പ്രഘോഷിക്കാൻ ഇറങ്ങിവരുന്ന മിശിഹായെ ആരാധനാസമൂഹംഎഴുന്നേറ്റുനിന്ന്ഹല്ലേലൂയ്യാഗീതമാലപിച്ച് സ്വീകരിക്കുന്നു.

            പ്രകാശമായ മിശിഹായെ സൂചിപ്പിക്കുന്നതാണ് കത്തിച്ച തിരി. വിശുദ്ധ ഗ്രന്ഥത്തിലൂടെ വെളിപ്പെടുന്ന ദൈവികപ്രകാശത്തെയാണ് ലേഖനവായനയുടെ സമയത്തും സുവിശേഷ വായനയുടെ സമയത്തും വഹിക്കുന്ന തിരികൾ അർത്ഥമാക്കുന്നത്.

               വചനശുശ്രൂഷയിൽ വായിച്ച ദൈവവചനഭാഗങ്ങളുടെ വെളിച്ചത്തിലും, തന്റെതന്നെ മിശിഹാനുഭവത്തിന്റെ വെളിച്ചത്തിലും തന്റെ സൂക്ഷ്യത്തിന് ഏല്പിക്കപ്പെട്ട ജനത്തിന്റെ ജീവിത സാഹചര്യത്തിനനുസൃതമായും കാർമ്മികനായ പുരോഹിതൻ വചനം പ്രഘോഷിക്കുന്നതാണ് കുർബാനയിലെ സുവിശേഷപ്രസംഗം.വചനശുശ്രൂഷയിലെ കാറോസൂസയെ പ്രഘോഷണമായിട്ടു വേണം മനസ്സിലാക്കാൻ. ആരാധനാസമൂഹം ഡീക്കന്റെ നേതൃത്വത്തിൽ തങ്ങൾ ശ്രവിച്ച വചനത്തോട് പ്രതികരിച്ചുകൊണ്ട് കർത്താവേ, ഞങ്ങളോട് കരുണയുണ്ടാകണമേ എന്ന് പ്രാർത്ഥിക്കുന്നു. മൂന്നുഗണംകാറോസൂസകളാണ്നമ്മുടെകുർബാനയിലുണ്ടായിരുന്നത്. ആദ്യത്തേതിനുള്ള മറുപടി ‘കർത്താവേ ഞങ്ങളോട് കരുണയുണ്ടാകണമേ’ എന്നാണ്. (ഇപ്പോഴുള്ള തക്സയിൽ കർത്താവേ, ഞങ്ങളുടെമേൽ കൃപയുണ്ടാകണമേ’ എന്നാണ് കൊടുത്തിരിക്കുന്നത്). രണ്ടാമത്തെ കാറോസസ വിവിധ ഗണങ്ങളിൽപ്പെട്ടവരെ സ്മരിച്ചുകൊണ്ടുള്ളതാണ്. ദീർഘമായ ഇത്തരം അനുസ്മരണങ്ങൾക്ക് ജനം ‘ആമേൻ’ എന്നു മറുപടി ചൊല്ലുന്നു. (ഇപ്പോഴത്തെ കുർബാനക്രമത്തിൽ ഈ കാറോസൂസ നല്കിയിട്ടില്ല). സമാധാനത്തിന്റെ മാലാഖയെ അയയ്ക്കണമേ എന്നപേക്ഷിച്ചു തുടങ്ങുന്ന മൂന്നാമത്തെ കാറോസൂസയുടെ മറുപടി കർത്താവേ, അങ്ങയോടു ഞങ്ങൾ യാചിക്കുന്നു’ എന്നാണ്. ഇപ്പോഴത്തെ കുർബാനക്രമത്തിൽആരാധനക്രമവത്സരകാലത്തിനനുസരിച്ച് മാറിവരുന്ന കാറോസൂസകൾ ഒന്നാം ഗണം കാറോസുസയ്ക്കു പകരമായി കൊടുത്തിട്ടുണ്ട്.

 സീറോമലബാർസഭയുടെആരാധനക്രമത്തിലുപയോഗിക്കുന്നവിശുദ്ധഗ്രന്ഥവായനാപുസ്തകങ്ങളെ ‘പ്രഘോഷണഗ്രന്ഥങ്ങൾ’ (Lectionaries) എന്നാണ് വിളിക്കുന്നത്. വിശുദ്ധഗ്രന്ഥം വായിക്കുന്നു എന്നതിനേക്കാൾ പ്രഘോഷിക്കുന്നു എന്നു പറയുന്നതാണ് അർത്ഥവത്തായിട്ടുള്ളത്. വചനശുശ്രൂഷയുടെ പ്രേഷിതമാനത്തെ വെളിപ്പെടുത്തുന്ന സംജ്ഞയാണ് പ്രഘോഷണഗ്രന്ഥം എന്നത്. നമ്മുടെ മുമ്പിൽ പ്രഘോഷിക്കപ്പെടുന്ന വചനത്തെ സ്വീകരിച്ച് മറ്റുള്ളവരോട് പ്രഘോഷിക്കാൻ നമുക്കു ബാദ്ധ്യതയുണ്ട്. സുവിശേഷകന്മാരും പൗലോസ്ശ്ലീഹായും മറ്റും പ്രഘോഷിച്ചതുപോലെ വചനം പ്രഘോഷിക്കാൻ വിളിക്കപ്പെട്ടവരാണ് എല്ലാ വിശ്വാസികളും.

  വചനശുശ്രൂഷയുടെ സമാപനത്തിൽ, ഡീക്കന്റെ ആഹ്വാനമനുസരിച്ച്, കൈവയ്പിനും ദൈവത്തിന്റെ ആശീർവാദത്തിനുമായി എല്ലാവരും തലകുനിക്കുന്നു.

അവലംബം

സിറോമലബാർ സഭയുടെ ആരാധനക്രമവിശ്വാസപരിശീലനം; സിറോമലബാർ സിനഡ് പ്രസിദ്ധീകരണം  

Share this :
വചനശുശ്രൂഷ

ഒരുക്കശുശൂഷ

Leave a comment

Your email address will not be published. Required fields are marked *