വിശുദ്ധ കുർബാനയുടെ നിയോഗം/ കുർബാന പണം എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? പലപ്പോഴും വിശുദ്ധ കുർബാന അർപ്പിക്കുന്നത് വിശ്വാസികളുടെ നിയോഗാർത്ഥം ആയിരിക്കും. വിശ്വാസികൾ തങ്ങളുടെ നിയോഗത്തിനു വേണ്ടി വിശുദ്ധ കുർബാന അർപ്പിക്കണം എന്ന് അഭ്യർത്ഥിച്ചുകൊണ്ട് വൈദികനെ കുർബാനധർമ്മം ഏൽപ്പിക്കുന്നു. വിശുദ്ധ കുർബാന അർപ്പിക്കാനുള്ള എത്ര നിയോഗങ്ങൾ വൈദികൻ സ്വീകരിച്ചാലും, ഒരു ദിവസം ഒരു വിശുദ്ധ കുർബാനയ്ക്കുള്ള നിയോഗം മാത്രമേ വൈദികന് ഉപയോഗിക്കാൻ കഴിയൂ. മറ്റുള്ളവ രൂപതാ കേന്ദ്രത്തിൽ ഏൽപ്പിക്കണം. രൂപതാ കേന്ദ്രത്തിൽ നിന്ന് ഇത്തരം നിയോഗങ്ങൾ കുർബാനധർമ്മം ആവശ്യത്തിനു ലഭിക്കാത്ത വൈദികർക്ക് നൽകുന്നു. വിശ്വാസികൾ കുർബാന അർപ്പണത്തിനായി വൈദികന്റെ പക്കൽ പണം ഏൽപ്പിക്കാറുണ്ട് ഇതിനെയാണ് കുർബാനധർമ്മം എന്ന് വിളിക്കുന്നത് കുർബാനധർമ്മം സ്വീകരിക്കുന്ന വൈദികൻ ദാതാവിന്റെ നിയോഗാർത്ഥം വിശുദ്ധ കുർബാന അർപ്പിക്കുന്നു. കുർബാനധർമ്മം, വിശുദ്ധ കുർബാനയുടെ വിലയല്ല. വിശ്വാസികൾ സഭയ്ക്ക് നൽകുന്ന കാഴ്ചയാണ്. അത് വിശ്വാസികളുടെ സമർപ്പണമാണ്. കുർബാനധർമ്മം കുർബാന അർപ്പിക്കുന്ന വൈദികനു നൽകുന്ന ഫീസ് അല്ല. ഒരിക്കലും വാങ്ങുകയോ വിൽക്കുകയോ ചെയ്യാൻ പറ്റാത്ത അതി പവിത്രമായ ഒന്നാണ് വിശുദ്ധ കുർബാന. വിശുദ്ധ കുർബാന അമൂല്യമാണ്; ലോകത്തുള്ള എല്ലാ സമ്പത്തും നൽകിയാലും വിലയ്ക്ക് വാങ്ങാൻ സാധിക്കാത്തതാണ്. കുർബാനധർമ്മം സ്വീകരിക്കാതെ വിശുദ്ധ കുർബാന അർപ്പിക്കാൻ അനുവാദമുണ്ട്, കടമയുണ്ട്. സഭയുടെ നിയമം ഇത് വ്യക്തമാക്കുന്നുണ്ട്. വിശ്വാസികളുടെ പ്രത്യേകിച്ചും ആവശ്യക്കാരായവരുടെ നിയോഗങ്ങൾക്കായി കുർബാനധർമ്മം കൂടാതെ പോലും വിശുദ്ധ കുർബാന അർപ്പിക്കാൻ ഓരോ വൈദികനും തയ്യാറാകേണ്ടതാണ്. കുർബാനധർമ്മം സ്വീകരിക്കുന്ന വൈദികന് കുർബാന ഏൽപ്പിച്ച വ്യക്തിയുടെ നിയോഗമനുസരിച്ച് ബലിയർപ്പിക്കാൻ ഗൗരവമായ ഉത്തരവാദിത്വമുണ്ട്.