മാനിപിൾ
പണ്ടുകാലങ്ങളിൽ വിശുദ്ധ ബലിയർപ്പിക്കുന്ന വൈദികന്റെ കൈയിൽ മാനിപിൾ എന്ന പേരായ ഒരു കൈതൂവാല തുന്നിച്ചേർത്തിരുന്നു. വിശുദ്ധ കുർബാന അർപ്പണമദ്ധ്യേ, വൈദികൻ കണ്ണീരൊഴുക്കുമ്പോൾ കണ്ണീർ തുടയ്ക്കാനാണ് ഈ കൈതൂവാല അവിടെ തുന്നി ചേർത്തിരുന്നത്. ഇതുകൊണ്ടാവണം വിശുദ്ധ പാദ്രെ പിയോ പറയുന്നത്; വിശുദ്ധ കുർബാനയുടെ മഹത്വം അറിഞ്ഞിരുന്നുവെങ്കിൽ കണ്ണീരോടെയെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സാധിക്കൂ!!
ശുദ്ധീകരണാത്മാക്കളും വിശുദ്ധ കുർബാനയും
ശുദ്ധീകരണാത്മാക്കൾക്ക് വേണ്ടി ദേവാലയത്തിന്റെ മധ്യഭാഗം ഒഴിവാക്കിയിട്ടിരിക്കുന്നു. ശുദ്ധീകരണ ആത്മാക്കൾ പ്രാർത്ഥന ചോദിക്കുന്ന സ്ഥലമാണിത്. ഒരിക്കൽ, റോമിലെ മൂന്ന് ജലധാരകളുടെ അടുത്ത സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ പൗലോസിന്റെ നാമത്തിലുള്ള ദേവാലയത്തിൽ വിശുദ്ധ കുർബാന നടന്നുകൊണ്ടിരിക്കുമ്പോൾ വിശുദ്ധ ബെർണാഡ് ഒരു കാഴ്ച കണ്ടു. സ്വർഗ്ഗം വരെ എത്തുന്ന അനന്തമായ ഒരു ഗോവണി ആയിരുന്നു. അതിൽ കൂടി അനേകം മാലാഖമാർ അങ്ങോട്ടുമിങ്ങോട്ടും പോയിക്കൊണ്ടിരിക്കുന്നു. ലോകം മുഴുവനും ഉള്ള അൾത്താരകളിൽ പുരോഹിതർ തുടർച്ചയായി അർപ്പിച്ചു കൊണ്ടിരുന്ന യേശുവിന്റെ ബലിയുടെ ഫലമായി ശുദ്ധീകരണസ്ഥലത്തിൽ നിന്നും വിമുക്തരായവരെ സ്വർഗ്ഗത്തിലേക്ക് ആനയിക്കുന്ന മാലാഖമാർ ആയിരുന്നു അവർ. വിശുദ്ധ ജെറോം പറയുന്നത്, ഓരോ വിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ നിരവധി ആത്മാക്കൾ ശുദ്ധീകരണം സ്ഥലത്ത് നിന്ന് വിമോചിതരാവുകയും പറുദീസായിലേക്ക് പറന്നു പോവുകയും ചെയ്യുന്നു.
ആന്ദ്രേ ഫ്രോസാർഡ്
ഫ്രഞ്ച് ജേർണലിസ്റ്റും എഴുത്തുകാരനുമായിരുന്നു, ആന്ദ്രേ ഫ്രോസാർഡ്. വലിയ നിരീശ്വരവാദിയായിരുന്ന അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഗ്രന്ഥമാണ് ‘ഗോഡ് എക്സിസ്റ്റ്, ഐ മെറ്റ് ഹിം’. 1969 -ലെ ബെസ്റ്റ് സെല്ലർ ആയിരുന്നു ഈ പുസ്തകം. ഈ ഗ്രന്ഥത്തിലാണ്, തന്റെ ദിവ്യകാരുണ്യ അനുഭവവും അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ സുഹൃത്തായ വില്ലമിന് ഒപ്പം പാരീസ് നഗരത്തിലെ ഒരു റസ്റ്റോറന്റിൽ അത്താഴം കഴിക്കാൻ പോകുന്ന വഴി സുഹൃത്ത് അടുത്തുള്ള നിത്യാരാധന ചാപ്പലിൽ പോയി. ഇരുപതു വയസ്സുകാരനായ ആൻഡ്രൈ കുറെ നേരം കാത്തിരുന്നതിനു ശേഷം, അദ്ദേഹത്തെ തേടി നിത്യാരാധന ചാപ്പലിലേക്ക് കടന്നു ചെന്നു. പെട്ടെന്ന് സൂര്യനേക്കാൾ പ്രശോഭിക്കുന്ന ഒരു തേജോഗോളം അദ്ദേഹത്തിന്റെ അടുക്കലേക്കു വരികയും, അതിസ്വാഭാവികമായ ആനന്ദം കൊണ്ട് നിറഞ്ഞ അദ്ദേഹം നിശ്ശബ്ദനാകുകയും ചെയ്തു. സുഹൃത്തായ വില്ലമിൻ അടുക്കലേക്ക് വന്നപ്പോൾ അദ്ദേഹം പറഞ്ഞു, ദൈവം ഉണ്ട്, അവൻ ജീവിക്കുന്നു, ഞാൻ അവനെ കണ്ടു. അന്വേഷിക്കാത്ത സത്യങ്ങളും ബോധ്യങ്ങളും നിറഞ്ഞു. തുടർന്ന് ഏകദേശം ഒരു മാസത്തോളം ഈ ദിവ്യ പ്രകാശത്തിന്റെ അത്ഭുത ശോഭ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. 1995 ഫെബ്രുവരി രണ്ടിന് അദ്ദേഹം മരണമടയുന്നത് വരെ ദിവ്യകാരുണ്യ ഭക്തനും പ്രേഷിതനും ആയി തുടർന്നു.
കാർഡിനൽ ന്യൂമാൻ
കാർഡിനൽ ന്യൂമാൻ സെന്റ് മേരി’സ് ആംഗ്ലിക്കൻ പള്ളി വികാരി ആയിരുന്നു. ഒപ്പം, ഓക്സ്ഫോർഡിൽ പഠിപ്പിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗ പാടവും, പ്രവർത്തനവും അദ്ദേഹത്തെ പ്രശസ്തനാക്കി. ൧൮൪൩, സെപ്റ്റംബർ പതിനെട്ടാം തീയതി ദേവാലയ വികാരി സ്ഥാനം രാജിവെച്ച്, ‘ഓക്സ്ഫോർഡ് പ്രസ്ഥാനം’ ആരംഭിച്ചു. 1845 ഒക്ടോബർ 9 -ന് കുമ്പസാരിച്ചു വിശ്വാസ പ്രഖ്യാപനം നടത്തി; റോമിലെത്തി വൈദിക പട്ടം സ്വീകരിച്ചു; 1879 കർദിനാളായി. അദ്ദേഹം ഇങ്ങനെ സാക്ഷ്യപ്പെടുത്തി, കത്തോലിക്കാ സഭയിൽ ഞാൻ ഒരു മഹാത്ഭുതം കണ്ടു ദിവ്യകാരുണ്യമെന്ന മഹാത്ഭുതം.
അലക്സിസ് കാറൽ
അലക്സിസ് കാറൽ വൈദ്യശാസ്ത്രത്തിൽ ഒട്ടനവധി സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു. അജ്ഞേയ വാദിയായിരുന്ന അദ്ദേഹം, അലക്സിസ് ട്രിയാൻഗുലേഷൻ എന്ന കണ്ടുപിടിത്തം നടത്തി നോബൽ സമ്മാനത്തിന് അർഹനായി. പെർഫ്യൂഷൻ പമ്പ്, കാറൽ -ഡെക്കിൻ ചികിത്സരീതി അങ്ങനെ നിരവധി സംഭാവനകൾ നൽകിയ വ്യക്തിയാണ്. ലൂർദിലേക്കു രോഗികൾ സൗഖ്യത്തിനായി ഒഴുകിയെത്തിരുന്ന സമയം. ഡോക്ടർ രോഗികളോടൊപ്പം ട്രെയിനിൽ ലൂർദിലേക്കു യാത്രയായി. എല്ലാം നിരീക്ഷിക്കാനും, കപടതകൾ പുറത്തു കൊണ്ടുവരാനും ശ്രമം ആരംഭിച്ചു. ട്രെയിനിൽ വച്ച് മരണവത്രത്തിൽ എത്തിയ മേരി ബെയ്ലി എന്ന ‘ട്യൂബൊർക്കുലോസിസ് പെരിട്ടോണിറ്റിസ്’ എന്ന രോഗത്തിലായിരുന്ന സ്ത്രീയെ കണ്ടു. ലൂർദിലേക്കുള്ള യാത്ര എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥത്തിൽ വിശദമായി ഈ സംഭവങ്ങൾ രേഖപെടുത്തിയിട്ടുണ്ട്. ലൂർദിൽ എത്തിയ രോഗികളെയെല്ലാം, മേരിയുടെ തൊട്ടുപിന്നിൽ അലക്സിസ് കാറൽ എല്ലാം നിരീക്ഷിച്ചുകൊണ്ട് നിന്നു. ദിവ്യകാരുണ്യപ്രദക്ഷിണ വേളയിൽ ചിന്താധാരകളെ എല്ലാം തിരുത്തിക്കുറിച്ചുകൊണ്ട് ഇതാ വെളുത്ത വിളറിയിരുന്ന മേരിയുടെ ശരീരം സൗഖ്യം പ്രാപിച്ചു വരുന്നു. 1942ൽ കത്തോലിക്ക വിശ്വാസം ഏറ്റുപറഞ്ഞ അദ്ദേഹം 1944 മരണമടഞ്ഞു.
അലൻ ഹണ്ട്
വിഖ്യാത മെതഡിസ്റ്റ് പാസ്റ്റർ ആയ അലൻ ഹണ്ട് റേഡിയോ പ്രഭാഷണങ്ങളിലും ചാനൽ പ്രസംഗങ്ങളിലും മുഴുസമയവും വ്യാപൃതനായിരുന്ന സുവിശേഷപ്രഘോഷകനാണ്. അദ്ദേഹം തന്റെ മെഗാ ചർച്ച വിട്ട് കത്തോലിക്കാ സഭയിലെത്തി. 2008 ജനുവരി ആറാം തീയതി അമേരിക്കയിലെ അറ്റ്ലാൻഡിയിലുള്ള പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോൽഭവ ദേവാലയത്തിൽ വച്ച് കത്തോലിക്ക വിശ്വാസം ഏറ്റു പറഞ്ഞു. അന്ന് അർപ്പിച്ച വിശുദ്ധ ബലിയിൽ വച്ച് വിശുദ്ധ കുർബാന കരങ്ങൾ സ്വീകരിച്ചു പൊട്ടിക്കരഞ്ഞു. അദ്ദേഹത്തിന്റെ സുഹൃത്തായ ഫാ. സ്റ്റീഫൻ നോമ്പുകാല ചിന്തകൾ പങ്കുവെക്കാനായി ഒരു മിണ്ടാമഠത്തിലേക്ക് ക്ഷണിച്ചു. അവിടെയുള്ള സിസ്റ്റർ റോസിന്റെ ചോദ്യങ്ങൾ അദ്ദേഹത്തെ മാനസാന്തരത്തിലേക്കും, വിശുദ്ധ ബലിയർപ്പണത്തിലേക്കും നയിച്ചു. യോഹന്നാന്റെ സുവിശേഷം ആറാം അധ്യായവും, സഭാ പിതാക്കന്മാരുടെ പഠനങ്ങളും അദ്ദേഹത്തെ അപ്പവും വീഞ്ഞും പ്രതീകങ്ങളെക്കാൾ ഉപരിയായി യാഥാർഥ്യമാണെന്ന ബോധ്യത്തിലേക്ക് നയിച്ചു. തന്റെ മാനസാന്തര കഥ ‘കൺഫെഷൻ ഓഫ് ഏ മെഗാ ചർച് പാസ്റ്റർ’ എന്ന പേരിൽ പ്രസിദ്ധീകരിച്ചു.
വിശുദ്ധ ജർമൈൻ കസിൻ
വിശുദ്ധ ജർമൈൻ കസിന്റെ ജീവിതത്തിൽ ദിവ്യ കാരുണ്യ ഈശോയെ സ്വീകരിക്കാതെ ജീവിക്കുക അചിന്തനീയമായിരുന്നു. ഒരിക്കൽ അതിശക്തമായ കാറ്റും മഴയും കാരണം ദേവാലയത്തിലേക്ക് പോകാൻ കഴിയാതെ വന്നപ്പോൾ അതീവ തീക്ഷ്ണതയോടെ ഈശോയെ സ്വീകരിക്കാൻ ആഗ്രഹിച്ചു അവൾ പ്രാത്ഥിച്ചു. അൽപനേരം, കഴിഞ്ഞപ്പോൾ പ്രകൃതി മഴയൊഴിഞ്ഞ് ശാന്തമായി.
ജോനാഥൻ റൂമി
ഏറ്റവും പ്രസിദ്ധമായ ക്രിസ്തു കേന്ദ്രീകൃതമായ അമേരിക്കൻ ടെലി സീരീസ് ആണ് ‘ചോസെൻ.’ അതിലെ യേശുവിന്റെ കഥാപാത്രം ചെയ്യുന്ന വ്യക്തിയാണ് ജോനാഥൻ റൂമി. അമേരിക്കയിൽ നടന്ന ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിൽ അദ്ദേഹവും ക്ഷണിതാവായിരുന്നു. കർത്താവിന്റെ അന്ത്യത്താഴം ചിത്രീകരിച്ചതിനു ശേഷം, ഏകദേശം ഒരാഴ്ച കഴിഞ്ഞപ്പോഴാണ് അദ്ദേഹം ഈ ചടങ്ങിൽ പങ്കെടുക്കാൻ വന്നത്. ആ ചിത്രീകരണത്തിനായി കടന്നുപോയ സഹനത്തിന്റെ തീവ്രത പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചത്. ശരീരത്തിൽ അനുഭവിച്ച തീവ്രവേദനകൾ, കുർബാനയുടെ മഹത്വം അറിയുന്നത് കൊണ്ട് അപ്പം എടുത്തുയർത്തിയപ്പോൾ അനുഭവിച്ച ആന്തരിക സംഘർഷങ്ങൾ, കണ്ണിലൂടെ ഒഴുകിയിറങ്ങിയ കണ്ണീർതുള്ളികൾ; ക്രിസ്തുവിന്റെ നൊമ്പരങ്ങളുടെ ആഴം അനുഭവിച്ചപ്പോൾ ഉണ്ടായ ആന്തരീക വേദന. വചനം വായിച്ച്, പ്രത്യേകിച്ച് യോഹന്നാന്റെ സുവിശേഷം പല ആവർത്തി വായിച്ചാണ് ഈ ഒരു ചിത്രീകരണത്തിന് അദ്ദേഹം ഒരുങ്ങിയത്; ശിഷ്യന്മാർ ഇറങ്ങിയപ്പോൾ അനുഭവിച്ച സങ്കടം ഹൃദയത്തെ ഭാരപ്പെടുത്തിയത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. ദിവ്യകാരുണ്യം; എന്റെ ആനന്ദമാണ്, സമാധാനമാണ്, കേന്ദ്രമാണ്, സൗഖ്യമാണ്, ഹൃദയമാണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം തന്റെ അനുഭവക്കുറിപ്പ് അവസാനിപ്പിച്ചു.
കേണൽ മൈക്ക് ഹോപ്കിൻസ്
കേണൽ മൈക്ക് ഹോപ്കിൻസ് അമേരിക്കയിലെ ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കുവച്ച ദിവ്യകാരുണ്യ അനുഭവം ശ്രദ്ധേയമായി. നാസയുടെ ഇരുപതാമത് ബഹിരാകാശ ദൗത്യത്തിൽ പങ്കാളിയായ ഹോപ്കിൻസ്, ബഹിരാകാശ യാത്രയിൽ അദ്ദേഹത്തിന്റെ ആസ്ട്രോനെറ്റ് സ്യൂട്ട് സക്രാരിയാക്കി ബഹിരാകാശ യാത്ര നടത്തി. മൈക്കിന്റെ ഭാര്യ ജൂലിയുടെ കത്തോലിക്ക വിശ്വാസ ജീവിതമാണ് അദ്ദേഹത്തെയും കത്തോലിക്കാ സഭയിലേക്ക് ആകർഷിച്ചത്. 2012, ഡിസംബറിൽ കത്തോലിക്ക വിശ്വാസം സ്വീകരിച്ച് ഉത്തമവിശ്വാസിയായി ജീവിതം ആരംഭിച്ച മൈക്കിന് ജീവിതത്തിലെ ഏറ്റവും പ്രധാന യാത്രയിൽ കർത്താവിനെയും ഒഴിവാക്കാൻ സാധിച്ചില്ല. 330 ദിവസങ്ങൾ, 5300 തവണ ഭൂമിക്ക് വലം വെച്ച്, 250 മൈൽ വേഗതയിൽ സഞ്ചരിച്ചപ്പോഴും എന്റെ കൂടെയുള്ള കർത്താവ് എനിക്ക് ബലം തന്നുവെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം ബഹിരാകാശത്ത് വലിയൊരു അപകടത്തെ അതിജീവിച്ചത് ദിവ്യകാരുണ്യ സംരക്ഷണയിലാണെന്നു തന്റെ പ്രസംഗത്തിൽ പങ്കുവച്ചു.