‘ദ് ഹോബിറ്റ്’, ‘ലോർഡ് ഓഫ് ദ് റിങ്സ്’ എന്നീ കൃതികളുടെ രചയിതാവ് ദിവ്യകാരുണ്യ ഭക്തനായിരുന്നു.
പ്രസിദ്ധരായ രണ്ടു സാഹിത്യകാരന്മാരാണ് സി. എസ്. ലൂയിസും, ജോൺ റൊണാൾഡ് റൂവൽ റ്റോൾകീനും. റ്റോൾകീൻ പ്രസിദ്ധനായത് ‘ദ് ഹോബിറ്റ്’, ‘ലോർഡ് ഓഫ് ദ് റിങ്സ്’ എന്നീ കൃതികളുടെ കർത്താവ് എന്ന നിലയിലാണ്; സി. എസ്. ലൂയിസ് അദ്ദേഹത്തിന്റെ ‘ക്രോണിക്കിലെസ് ഓഫ് നർണീയ’ എന്ന കൃതിയിലൂടെയാണ്. ആംഗ്ലിക്കൻ സഭയിൽ വളർന്ന അദ്ദേഹം ‘അമ്മ ക്രൈസ്തവ വിശ്വാസത്തിലേക്ക് വന്നതിനെ തുടർന്നാണ് ക്രൈസ്തവ വിശ്വാസവുമായി പരിചയത്തിലാവുന്നത്. സി. എസ്. ലൂയിസിന്റെ അടുത്ത സുഹൃത്തായ അദ്ദേഹം സി. എസ്. ലൂയിസിനെ വിശ്വാസത്തിലേക്ക് നയിച്ചു. റ്റോൾകീന്റെ പിതാവ് സൗത്ത് ആഫ്രിക്കയിൽ ബാങ്ക് മാനേജറായിരുന്നു. അദ്ദേഹത്തിന് നാല് വയസ്സുള്ളപ്പോൾ അമ്മക്കും ഇളയ സഹോദരനുമൊപ്പം ബിർമിങ്ഗത്തിനടുത്തുള്ള സേർഹോളിൽ താമസമാക്കി. അമ്മയുടെ മരണശേഷം അദ്ദേഹം ഒരു കാത്തലിക് പുരോഹിതന്റെ മേൽനോട്ടത്തിലാണ് വളർന്നത്. വില്യം മോറിസ്, റോബർട്ട് ഇ. ഹോവാർഡ്, ഇ.ആർ. എഡിസൺ തുടങ്ങിയ പല ഫാന്റസി (ഭാവന) എഴുത്തുകാരും റ്റോൾകീനു മുൻപ് വന്നുവെങ്കിലും തന്റെ കൃതികളുടെ വമ്പിച്ച ജനപ്രീതിയും അവയുടെ ഫാന്റസി സാഹിത്യത്തിലെ സ്വാധീനവും മൂലം ആധുനിക ഫാന്റസി സാഹിത്യത്തിന്റെ പിതാവ് എന്ന് റ്റോൾകീൻ അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ദിവ്യകാരുണ്യ ഭക്തി വളരെ പ്രസിദ്ധമാണ്. 1941ൽ അദ്ദേഹം തൻ്റെ മകൻ മിഖായലിനെഴുതി: “അന്ധകാര നിബിഡമായ ഈ ലോകത്തിൽ പ്രതീക്ഷയോടെ യാത്ര ചെയ്യാൻ ഒരു കാര്യം ഞാൻ നിനക്ക് പരിചയപ്പെടുത്താം. പരിശുദ്ധ കുർബാന; അവിടെ നീ സ്നേഹം കണ്ടെത്തും, അവിടെ നീ വിശ്വസ്തത കണ്ടെത്തും; അവിടെ നീ ബഹുമാനിക്കപെടും, അവിടെ നീ യഥാർത്ഥ വഴി കാണും.”പല കത്തുകളിലും റ്റോൾകീൻ കുർബാനയെയും തൻ്റെ ജീവിതത്തിൽ അതിനുണ്ടായിരുന്ന പ്രാധാന്യത്തെയും പരാമർശിക്കുന്നുണ്ട്. തുടക്കം മുതൽ താൻ കുർബാനയുമായി പ്രണയത്തിലായിരുന്നുവെന്നും ദൈവത്തിൻ്റെ കരുണയാൽ താൻ ഒരിക്കലും ആ സ്നേഹത്തിൽ നിന്ന് വ്യതിചലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.