വിശുദ്ധ സ്റ്റാൻസിലാവോസ് കോസ്ക്ക
വിശുദ്ധ സ്റ്റാൻസിലാവോസ് കോസ്ക്ക 17 വയസ്സുവരെ ജീവിച്ചിരുന്ന ദിവ്യകാരുണ്യ ഭക്തനായിരുന്നു. ചെറുപ്പത്തിൽ ഏകദേശം 350 മൈലുകൾ സഞ്ചരിച്ചു ജെസ്യൂട്ട് സമൂഹത്തിൽ ചേർന്നു. വിശുദ്ധ ഫ്രാൻസിസ് ബോർജിയാണ് വിശുദ്ധനെ ഈ സമൂഹത്തിൽ ചേർത്തത്. ഒത്തിരിയേറെ ക്രൈസ്തവ മതമർദ്ദനങ്ങൾ നടക്കുന്ന, വൈദികരെ അംഗീകരിക്കാൻ തയ്യാറാകാത്ത ഒരു ജനസമൂഹത്തിനിടയിലാണ് വിശുദ്ധൻ ജീവിച്ചിരുന്നത്. ആയതിനാൽ സ്ഥലത്തെ പ്രമുഖന്മാരാണ് വൈദികരെ പലപ്പോഴും നിശ്ചയിച്ചു നൽകിയിരുന്നത്. പിതാവ് തന്റെ മകൻ വൈദികൻ ആകുന്നതിൽ താൽപര്യം കാണിച്ചില്ലെന്ന് മാത്രമല്ല, അംഗമാകുന്ന സഭാ സമൂഹത്തെ ആക്രമിക്കാൻ തുനിഞ്ഞിരുന്നു. പരിശുദ്ധ അമ്മയുടെ വലിയ ഭക്തനായ വിശുദ്ധൻ രോഗാവസ്ഥയിൽ ആയിരുന്നപ്പോൾ പരിശുദ്ധ ‘അമ്മ മാലാഖമാരോടൊപ്പം വന്ന് ദിവ്യകാരുണ്യ നൽകിയതായി സുഹൃത്തിനോട് വിശുദ്ധൻ പങ്കുവെച്ചിട്ടുണ്ട്. പിതാവ് ഒരു പ്രഭു ആയതിനാൽ തന്നെ മകനെ ആത്മീയ കാര്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാൻ ഒത്തിരിയേറെ ലോക കാര്യങ്ങൾ ഒരുക്കി കൊടുത്തിരുന്നു. അതുകൊണ്ടുതന്നെയാണ് പിതാവിന്റെ ഭവനത്തിൽ നിന്നും ഏകദേശം 350 മൈലുകൾ അദ്ദേഹത്തിന് യാത്ര ചെയ്യേണ്ടതായി വന്നത്. ഏകദേശം 9 മാസങ്ങൾ മാത്രമാണ് ആ സമൂഹത്തിൽ അദ്ദേഹത്തിന് ജീവിക്കാൻ കഴിഞ്ഞത്. 1668 -ലെ പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണ ദിനത്തിന്റെ തലേന്നാൾ അമ്മ സ്വർഗത്തിൽ തന്നോടൊപ്പം ഈ തിരുനാളിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നതായി വിശുദ്ധന് വെളിപ്പെട്ടു. അങ്ങനെ സ്വർഗ്ഗാരോപണ ദിനം അദ്ദേഹം മരണപ്പെട്ടു. അദ്ദേഹം തന്റെ സുഹൃത്തുക്കളെ ഓർമിപ്പിച്ചിരുന്ന കാര്യങ്ങൾ മനോഹരമാണ്. വിശുദ്ധ സക്രാരിയിൽ വസിക്കുന്ന ഈശോയെ സന്ദർശിക്കുക, വിശുദ്ധ കുർബാന സ്വീകരണത്തിനായി ശ്രദ്ധാപൂർവ്വം ഒരുങ്ങുക, പരിശുദ്ധ അമ്മയോട് പ്രാർത്ഥിക്കുക.