നമുക്കു പ്രാർത്ഥിക്കാം, സമാധാനം നമ്മോടുകൂടെ
‘നമുക്കു പ്രാർത്ഥിക്കാം, സമാധാനം നമ്മോടുകൂടെ’ എന്ന മ്ശംശാനയുടെ ഉദ്ഘോഷണം കുർബാനയിൽ പലപ്രാവശ്യമുണ്ട്. സമൂഹത്തെ പ്രാർത്ഥനകളിൽ ഉൾചേർക്കാൻ വേണ്ടിയാണ് മ്ശംശാന ഇങ്ങനെ ഉദ്ഘോഷിക്കുന്നത്. നമ്മുടെ സമാധാനം തന്നെയായ മിശിഹാ (എഫേ 2:14) നമ്മോടൊത്തുണ്ടായിരിക്കട്ടെ എന്നാണ് മ്ശംശാന ആശംസിക്കുന്നത്. മിശിഹായുമായുള്ള ഐക്യം വിശുദ്ധ കുർബാനയർപ്പണത്തിന്റെ സുപ്രധാന ലക്ഷ്യമാണ്. ഈ ലക്ഷ്യം സാധിതമാകാൻ തുടർന്നുവരുന്ന പുരോഹിതപ്രാർത്ഥന നമ്മെ സഹായിക്കട്ടെ എന്നാണ് ഈ ആശംസയുടെ വിവക്ഷ.
സീറോമലബാർ കുർബാനയിൽ മ്ശംശാനയ്ക്ക് വലിയൊരു പങ്കുവഹിക്കാനുണ്ട്. സമൂഹത്തിനും കാർമ്മികനും ഇടയിൽനിന്നുകൊണ്ട് വിശുദ്ധ കുർബാനയർപ്പണത്തിന്റെ വിവിധ സന്ദർഭങ്ങളിൽ കുർബാനയിൽ അനുസ്മരിക്കുന്ന രഹസ്യങ്ങളുടെ മാനങ്ങൾ വെളിപ്പെടുത്തുക, ഉചിതമായ മനോഭാവം കൈക്കൊള്ളാൻ സമൂഹത്തെ ആഹ്വാനം ചെയ്യുക, വിശ്വാസികൾ കൈക്കൊള്ളേണ്ട ശാരീരികനിലകൾ ഏവയെന്ന് അറിയിക്കുക എന്നിവയൊക്കെ മ്ശംശാനയുടെ കർത്തവ്യമാണ്. ദിവ്യരഹസ്യങ്ങളുടെ ശുശ്രൂഷയിൽ കാർമ്മികനെ സഹായിക്കുക എന്നതാണ് മ്ശംശാനയുടെ മുഖ്യ ദൗത്യം. മ്ശംശാനയെക്കൂടാതെ കുർബാനയർപ്പിക്കാൻ പൗരസ്ത്യ സുറിയാനി പാരമ്പര്യം അനുവദിച്ചിരുന്നില്ല. മ്ശംശാനയുടെ ഭാഗഭാഗിത്വത്തിന് പൗരസ്ത്യ സുറിയാനി പാരമ്പര്യം നല്കിയിരുന്ന വലിയ പ്രാധാന്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
അവലംബം
സിറോമലബാർ സഭയുടെ ആരാധനക്രമവിശ്വാസപരിശീലനം; സിറോമലബാർ സിനഡ് പ്രസിദ്ധീകരണം