December 1, 2025
#Interviews #News

‘ദൈവത്തോടുള്ള വിശ്വസ്തതയില്‍ നമ്മള്‍ പരാജയപ്പെട്ടാലും ദൈവത്തിന്റെ വിശ്വസ്തതയ്ക്ക് മാറ്റം വരുകയില്ല. നമ്മള്‍ ദൈവത്തെ വഞ്ചിച്ചാലും ദൈവം നമ്മെ സ്‌നേഹിക്കുന്നത് അവസാനിപ്പിക്കുകയില്ല; അതാണ് കർത്താവിന്റെ അന്ത്യാത്താഴം – ലിയോ 14 -മന്‍ പാപ്പ

വത്തിക്കാന്‍ സിറ്റി: അന്ത്യ അത്താഴ വേളയില്‍ ശിഷ്യന്‍മാരില്‍ ഒരാള്‍ തന്നെ ഒറ്റിക്കൊടുക്കുമെന്ന് പറഞ്ഞപ്പോല്‍ ശിഷ്യന്‍മാര്‍ ചോദിച്ച ‘കര്‍ത്താവേ അത് ഞാന്‍ അല്ലല്ലോ?’എന്ന ചോദ്യം രക്ഷയിലേക്കുള്ള യാത്രയുടെ തുടക്കമാണെന്ന്. ബുധനാഴ്ചയിലെ പൊതുസമ്പര്‍ക്ക പരിപാടിയോടനുബന്ധിച്ച് നടത്തിവരുന്ന ‘നമ്മുടെ പ്രത്യാശയായ യേശുക്രിസ്തു’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള ജൂബിലി മതബോധനപരമ്പരയുടെ ഭാഗമായി അന്ത്യ അത്താഴത്തെക്കുറിച്ച് നടത്തിയ വിചിന്തനത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.
ചിലപ്പോള്‍ ദൈവത്തോടുള്ള വിശ്വസ്തതയില്‍ വീഴ്ച വരുത്തുന്നത് നമ്മളായിരിക്കാം എന്ന അവബോധമാണ് ‘കര്‍ത്താവേ, അത് ഞാന്‍ അല്ലല്ലോ?’ എന്ന് ചോദിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നതെന്ന് പാപ്പ പറഞ്ഞു. ഇത് രക്ഷയിലേക്കുള്ള യാത്രയുടെ ആരംഭമാണെന്നും ദൈവത്തോടുള്ള വിശ്വസ്തത സംരക്ഷിക്കുന്നവരും നവീകരിക്കുന്നവരുമാകാന്‍ നമുക്ക് സാധിക്കുമെന്നും പാപ്പ വ്യക്തമാക്കി. സുവിശേഷം ആളുകളെ തിന്മയെ നിഷേധിക്കാന്‍ പഠിപ്പിക്കുന്നില്ല, മറിച്ച് ആ യാഥാര്‍ത്ഥ്യത്തെ മാനസാന്തരത്തിനുള്ള അവസരമായി തിരിച്ചറിയാന്‍ സഹായിക്കുന്നു. യേശു യൂദാസിനെതിരെ ‘ശബ്ദം ഉയര്‍ത്തുകയോ’ ‘വിരല്‍ ചൂണ്ടുകയോ’ ചെയ്തില്ല. എന്നാല്‍ യൂദാസിന്റെ വഞ്ചനയുടെ ഗൗരവം വെളിപ്പെടുത്താന്‍ യേശു ‘ശക്തമായ വാക്കുകള്‍’ ഉപയോഗിച്ചതായും ലിയോ പാപ്പ ചൂണ്ടിക്കാണിച്ചു. അപമാനിക്കണം എന്ന ഉദ്ദേശത്തോടെയല്ല മറിച്ച് രക്ഷിക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് യേശു കുറ്റപ്പെടുത്തുന്നത്. സ്വന്തം ബലഹീനതകളുടെയും ദുര്‍ബലതയുടെയും യാഥാര്‍ത്ഥ്യത്തെ ആത്മാര്‍ത്ഥമായി അംഗീകരിക്കുന്നിടത്താണ് മാനസാന്തരവും രക്ഷാകരയാത്രയും ആരംഭിക്കുന്നത്. രക്ഷിക്കപ്പെടണമെങ്കില്‍ തിന്മ യഥാര്‍ത്ഥമാണെന്നും പക്ഷേ അത് അവസാന വാക്ക് അല്ലെന്നും തിരിച്ചറിയണം. ദൈവസ്‌നേഹത്തില്‍ നിന്നും രക്ഷയില്‍ നിന്നും സ്വയം ‘ഒഴിവാകരുതെന്ന്’ പാപ്പ ശ്രോതാക്കളെ ഉദ്ബോധിപ്പിച്ചു. യേശുവിന്റെ പീഡാസഹനം, മരണം, പുനരുത്ഥാനം എന്നിവ അനുസ്മരിക്കുന്ന വിശുദ്ധ കുർബാന നമ്മുടെ പാപങ്ങളുടെയും ബലഹീനതകളുടെയും നടുവിലും പ്രത്യാശയില്‍ ഉറച്ചുനില്‍ക്കാനുള്ള കാരണങ്ങളാണെന്ന് പാപ്പ വ്യക്തമാക്കി. ‘ദൈവത്തോടുള്ള വിശ്വസ്തതയില്‍ നമ്മള്‍ പരാജയപ്പെട്ടാലും ദൈവത്തിന്റെ വിശ്വസ്തതയ്ക്ക് മാറ്റം വരുകയില്ല. നമ്മള്‍ ദൈവത്തെ വഞ്ചിച്ചാലും ദൈവം നമ്മെ സ്‌നേഹിക്കുന്നത് അവസാനിപ്പിക്കുകയില്ല’ എന്നതാണ് ആത്യന്തികമായി നമ്മുടെ പ്രത്യാശയുടെ അടിസ്ഥാനമെന്ന് പാപ്പ വ്യക്തമാക്കി.

Share this :

Leave a comment

Your email address will not be published. Required fields are marked *