വിശുദ്ധ കുർബാനയുടെ പാപ്പാ
വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പാ പരിശുദ്ധ കുർബാനയെ കേന്ദ്രമാക്കി ജീവിച്ച ഒരു വ്യക്തിയായിരുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിൽ സംബന്ധിച്ച അദ്ദേഹത്തിന് കൗൺസിൽ അതിന്‍റെ ആദ്യത്തെ രേഖയ്ക്കു നൽകിയ പ്രാധാന്യം നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു. ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ ഏറെ നാളത്തെ വിചിന്തനത്തിന്‍റെ ഫലമായി വിരചിക്കപ്പെട്ട “സഭ പരിശുദ്ധകുർബാനയിൽ നിന്ന്” എന്ന ചാക്രികലേഖനം, അദ്ദേഹത്തിന്‍റെ മനസ്സു തുറന്നുകാട്ടുന്ന ഒരു രേഖയാണ്. സഭ അതിന്‍റെ ജീവൻ സ്വീകരിക്കുന്നത് പരി. കുർബാനയിൽനിന്നാണ്; സഭയുടെ രഹസ്യം മുഴുവൻ സമാഹരിക്കപ്പെടുന്നത് പരി. കുർബാനയിലാണ് എന്നെല്ലാമുള്ള അടിസ്ഥാന ബോദ്ധ്യങ്ങളാണ് ആ ലേഖനം എഴുതാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സഭാജീവിതത്തിലെ പരി. കുർബാനയുടെ കേന്ദ്രസ്ഥാനീയതയെക്കുറിച്ച് സൂചിപ്പിച്ചശേഷം അദ്ദേഹം പറഞ്ഞത്, “എന്തെന്നാൽ സഭയുടെ ആദ്ധ്യാത്മിക സമ്പത്തുമുഴുവനും, അതായത്, നമ്മുടെ പെസഹാകുഞ്ഞാടും ജീവന്‍റെ അപ്പവുമായ മിശിഹാതന്നെ പരി. കുർബാനയിൽ അടങ്ങിയിരിക്കുന്നു എന്നായിരുന്നു. പരി. കുർബാനയേക്കാൾ ശ്രേഷ്ഠമായ മറ്റൊന്നും നമുക്ക് വിഭാവനം ചെയ്യാനാവില്ല എന്ന ബോധ്യമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. വിശ്വാസത്തിന്‍റെ മഹാരഹസ്യമെന്നനിലയിലാണ് പിതാവും പരി. കുർബാനയെ കണ്ടത്. നമ്മുടെ കൺമുൻപിലുള്ളത് അപ്പവും വീഞ്ഞും മനുഷ്യരുടെ പ്രാർത്ഥനയുമെല്ലാമാണെങ്കിലും അവിടെ നടക്കുന്നത് മിശിഹായുടെ പ്രവൃത്തിയാണ്; മിശിഹായുടെ “പെസഹാ”യുടെ സാന്നിദ്ധ്യമാണ് എന്ന സത്യമാണ് അദ്ദേഹം തന്‍റെ ലേഖനങ്ങളിൽ ഊന്നിപ്പറഞ്ഞത്. ഈ ദൈവികയാഥാർത്ഥ്യത്തെ അടിസ്ഥാനമാക്കിയാണ് ക്രൈസ്തവജീവിതം നിലകൊള്ളുന്നതെന്ന് അദ്ദേഹം അടിയുറച്ചു വിശ്വസിച്ചു. പരി. കുർബാനയെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ പരി. പിതാവ് പല രീതിയിൽ ശ്രമിച്ചതുപോലെതന്നെ പരി. കുർബാനയുടെ ഭക്തിയോടുകൂടിയ പരികർമ്മത്തിനു പരി. പിതാവ് പ്രാധാന്യം നൽകിയിരുന്നു. തൻ്റെ വ്യക്തിപരമായ ജീവിതത്തിൽ പരി. കുർബാനയ്ക്ക് ഏറ്റവുമധികം പ്രാധാന്യം നൽകിയ വ്യക്തിയായിരുന്നു ജോൺപോൾ രണ്ടാമൻ മാർപാപ്പ. അദ്ദേഹത്തിൻ്റെ അജപാലന സന്ദർശനങ്ങളിലെല്ലാം ഏറ്റവും പ്രധാനപ്പെട്ടകാര്യം ആഘോഷമായ കുർബാനയർപ്പണമായിരുന്നു. അതിന് അദ്ദേഹം ഭക്തിപൂർവ്വം ഒരുങ്ങിയിരുന്നു. തികഞ്ഞ ഏകാഗ്രതയോടെ അത് പരികർമ്മം ചെയ്തിരുന്നു. ഏറെ നേരം പരി. കുർബാനയുടെ മുൻപിൽ അദ്ദേഹം ചെലവഴിക്കുകയും ചെയ്യുമായിരുന്നുവെന്നതാണ് വസ്തുത. പരി. കുർബാനയിലുള്ള ആഴമായ വിശ്വാസമാണ് അദ്ദേഹത്തിൻ്റെ വാക്കുകളെയും പ്രവൃത്തികളെയുമെല്ലാം നയിച്ചിരുന്നത്. രണ്ടായിരാമാണ്ടിൽ പരി. കുർബാന വർഷമായി പ്രഖ്യാപിക്കുന്നതിന് ഈ വിശ്വാസം കാരണമായിരിക്കണം.