കുർബാനയെ സ്നേഹിക്കുന്നവർ കാണേണ്ട സിനിമ
“ജീസസ് തേർസ്റ്റസ്: ദി മിറക്കിൾ ഓഫ് ദി യൂക്കറിസ്റ്റ്” എന്ന പുതിയ സിനിമ കത്തോലിക്കരെയും കത്തോലിക്കരല്ലാത്തവരെയും ഈശോയുടെ ദിവ്യകാരുണ്യത്തിലെ ദൈവസാന്നിധ്യത്തെ മനസിലാക്കാൻ സഹായിക്കുന്നു. അതിനായി, വിശുദ്ധഗ്രന്ഥ പഠനങ്ങൾ, ദൈവശാസ്ത്ര സത്യങ്ങൾ എന്നിവ പഠിച്ചു വിശദമായി ഇതിൽ അവതരിപ്പിക്കുന്നു. സ്കോട്ട് ഹാൻ, സുപ്രീം നൈറ്റ് ഓഫ് കൊളംബസ്, പാട്രിക് കെല്ലി, എഴുത്തുകാരനും പ്രഭാഷകനുമായ ക്രിസ് സ്റ്റെഫാനിക്ക് എന്നിവരും സിനിമയിൽ ശബ്ദ സാന്നിധ്യമായി വരുന്നുണ്ട്. അവരുടെ വസ്തുതാ നിഷ്ഠമായ പഠനങ്ങൾ ഈ യാതാർഥ്യത്തിലേക്കു നമ്മളെ കൂടുതൽ നയിക്കുന്നു. ക്രൂരമായ കുറ്റകൃത്യങ്ങൾക്ക് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പുരുഷന്മാരുടെ ഒരു ജയിലിലൂടെ ദിവ്യകാരുണ്യ പ്രദിക്ഷണം കടന്നുപോകുമ്പോൾ ആ മുഖങ്ങളിൽ നാം കാണുന്ന സമാധാനം കാഴ്ചക്കാരിൽ ഒരു ചോദ്യമുയർത്തുന്നു: ആ അപ്പക്കഷണത്തിൽ എന്ത് ശക്തിയാണ് മറഞ്ഞിരിക്കുന്നത്? ഉഗാണ്ടയിലെ പൊടിപിടിച്ചതും ദരിദ്രവുമായ ഒരു ഗ്രാമത്തിൽ ദിവ്യകാരുണ്യ ആരാധനയെ ചിത്രീകരിക്കുന്ന ഒരു രംഗം ഭൗതിക ദാരിദ്ര്യത്തെയും ആത്മീയ സമൃദ്ധിയെയും പ്രതിഫലിപ്പിക്കുന്നു. വിയറ്റ്നാമിലെ കർദിനാൾ വാൻ തുവാൻ, 13 വർഷം കമ്മ്യൂണിസ്റ്റ് ജയിലിൽ കഴിയുമ്പോൾ ജയിലിൽ ബലിയർപ്പിച്ച അദ്ദേഹത്തിന്റെ വിശ്വാസം ഇതിൽ അവതരിപ്പിക്കുന്നുണ്ട്. ന്യൂയോർക്ക് ആസ്ഥാനമായുള്ള സിസ്റ്റേഴ്‌സ് ഓഫ് ലൈഫിലെ സിസ്റ്റേഴ്സ്, അതുവഴി പോകുന്ന അപരിചിതരെ സെൻ്റ് പാട്രിക്സ് കത്തീഡ്രലിൽ ആരാധനയിൽ പങ്കുചേരാൻ ക്ഷണിക്കുന്നു. അവരുടെ സന്തോഷവും നിഷ്കളങ്കതയും എല്ലാവരെയും ആകർഷിക്കുകയാണ്. അവരുടെ സന്തോഷത്തിൻ്റെ കാരണം ദിവ്യകാരുണ്യമാണെന്നത് എല്ലാവരെയും അതിശയിപ്പിക്കുന്നു. ഈ വിധത്തിൽ, അനുഭവപരമായും, പഠനബന്ധിതമായും തയ്യാർക്കപെട്ട ഡോക്യുമെന്ററി ഹൃദയങ്ങളെ ഒത്തിരി ആകർഷിക്കുന്നു.