രാജാവാക്കാൻ കൊണ്ടുപോകാൻ ശ്രമിക്കുന്നു ( യോഹ 6 , 15 )
യഹൂദ പാരമ്പര്യങ്ങളുടെ പൂർത്തീകരണമായി ജനസമൂഹം ഈശോയെ കാണുകയാണ്. കാനാൻ ദേശത്തിന്റെ അതിർവരമ്പുകൾ വരെ വർഷിക്കപ്പെട്ട മന്നാ വീണ്ടും നൽകപ്പെടുക മിശിഹായുടെ ആഗമനത്തിൽ ആണെന്ന വിചാരധാര യഹൂദദേശത്ത് പാരമ്പര്യമായി നിലനിന്നിരുന്നു. അപ്പത്തിന്റെ വർദ്ധനവിലും സമൃദ്ധിയിലും ആകൃഷ്ടരായ യഹൂദജനം അവനെ രാജാവാക്കാൻ തുനിഞ്ഞിറങ്ങിയതിന്റെ പിന്നാമ്പുറത്ത് ഈ ഒരു ദർശനമുണ്ട്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ആറാം അധ്യായം ഒന്നു മുതൽ 15 വരെയുള്ള തിരുവചനങ്ങളിൽ നിലനിൽക്കുന്ന കുർബാന ദർശനങ്ങൾ നമ്മളെ അത്ഭുതപ്പെടുത്തുന്നു. അതൊരു അപ്പം വർദ്ധിപ്പിക്കലല്ല മറിച്ച് ഒരു ബലിയർപ്പണമാണെന്ന സത്യം എത്ര മനോഹരമാണ്.