ജീസസ് തേസ്റ്റ്സ്: ദ മിറക്കിള് ഓഫ് ദ യൂക്കരിസ്റ്റ്
യു.എസ്.എ: ദിവ്യകാരുണ്യത്തെ ആസ്പദമാക്കി നിർമ്മിച്ച ‘ജീസസ് തേസ്റ്റ്സ്: ദ മിറക്കിള് ഓഫ് ദ യൂക്കരിസ്റ്റ്’ എന്ന ചിത്രം ഹിറ്റിലേക്ക്. 2024 -ൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ഡോക്യുമെന്ററിയും അതോടൊപ്പം 2024-ൽ ഇതുവരെ പുറത്തിറങ്ങിയ എല്ലാ ഡോക്യുമെന്ററികളിലും രണ്ടാം സ്ഥാനത്തുമാണിത്. പ്രശസ്തരായ ബൈബിൾ പണ്ഡിതർ ദിവ്യകാരുണ്യത്തെപ്പറ്റി പറയുന്ന ഭാഗങ്ങളും, ദിവ്യകാരുണ്യം ജീവിതത്തെ സ്പർശിച്ച ആളുകളുടെ അനുഭവങ്ങളും ഡോക്യുമെന്ററി രൂപത്തിൽ നിർമ്മിച്ച ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യേശു ക്രിസ്തുവിനു വേണ്ടി ആത്മാക്കളെ നേടിയെടുക്കുകയാണ് ചിത്രത്തിന്റെ ലക്ഷ്യം. പ്രേക്ഷകരുടെ നിരന്തരമായ അഭ്യർത്ഥന പ്രകാരം ദിവ്യകാരുണ്യത്തെ ആസ്പദമാക്കി നിർമ്മിച്ച “ജീസസ് തേസ്റ്റ്സ് ദ മിറാക്കിൾ ഓഫ് ദ യൂക്കറിസ്റ്റ്” വ്യാപകമായി റിലീസ് ചെയ്യാനൊരുങ്ങുകയാണ് നിർമാതാക്കളായ ഫാത്തം ഇവൻ്റ്.
ലോകപ്രശസ്തരായ കത്തോലിക്ക ദൈവശാസ്ത്രജ്ഞരെയും, നേതാക്കളെയും ഉൾപ്പെടുത്തിക്കൊണ്ട് യേശുക്രിസ്തുവിന്റെ വിശുദ്ധ കുർബാനയിലെ സജീവ സാന്നിധ്യത്തെപ്പറ്റി ഒരു ചിത്രം നിർമിക്കുകയെന്നത് യൂക്കാരിസ്റ്റിക് റിവൈവലിന്റെ പശ്ചാത്തലത്തിൽ സുപ്രധാനമായി തോന്നിയെന്ന് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഡീക്കൻ സ്റ്റീവ് ഗ്രേക്കോ കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. ഈ ചിത്രം നിർമ്മിക്കാൻ പരിശുദ്ധാത്മാവാണ് തങ്ങളെ നയിച്ചത്. ഇപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നത് ദൈവം നമ്മെ സ്നേഹിക്കുന്നുവെന്നത് മനസ്സിലാക്കുകയാണെന്നും അതിനാൽ ഈ ചിത്രം ഒരുപാട് ആളുകളുടെ ജീവിതത്തെ മാറ്റിമറിക്കും എന്നും ഗ്രേക്കോ പ്രത്യാശ പ്രകടിപ്പിച്ചു. യേശുക്രിസ്തു നമ്മെ സ്നേഹിക്കുന്നുണ്ടെന്ന് ആളുകൾ മനസ്സിലാക്കുക, വിശുദ്ധ കുർബാനയ്ക്കും ദിവ്യകാരുണ്യ ആരാധനയ്ക്കും പോകാൻ ആളുകളെ പ്രേരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളാണ് ചിത്രം നിർമ്മിച്ചതിന് പിന്നിലുള്ളതെന്നും പിന്നണി പ്രവർത്തകർ പറയുന്നു. പലരെയും യേശുക്രിസ്തുവിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് സ്റ്റീവ് ഗ്രെക്കോ പറഞ്ഞു. എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെ അതിൻ്റെ അഗാധമായ സന്ദേശവും സ്വാധീനവും അനുഭവിക്കാൻ പ്രോത്സാഹിപ്പിച്ചെന്നാണ് ബിഷപ്പ് പറഞ്ഞത്.