ഇത്; കർത്താവിന്റെ ശരീരം തന്നെയാണ് ( യോഹ 6 , 48 -59 )

ജീവന്റെ അപ്പത്തെ കുറിച്ചുള്ള പ്രഭാഷണത്തിന്റെ രണ്ടാം ഭാഗം ഈശോയുടെ ശരീര രക്തങ്ങളെ കുറിച്ചാണ് കൂടുതലായി പ്രതിപാദിക്കുക. ശരീരം ഭക്ഷിക്കുക, രക്തം പാനം ചെയ്യുക, അതുപോലെ; ശരീരം, മാംസം, എന്നീ പ്രയോഗങ്ങൾ ഈ ഭാഗത്തു കൂടുതലായി ആവർത്തിക്കുന്നു. ആദ്യഭാഗത്ത് എന്നിൽ വിശ്വസിക്കണമെന്ന് ആവശ്യപ്പെടുന്ന ക്രിസ്തു, രണ്ടാം ഭാഗത്ത് എന്നെ ഭക്ഷിക്കണമെന്ന് ആവശ്യപ്പെടുകയാണ്. ( യോഹ 6 , 53 ) ‘ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ നൽകുന്ന അപ്പം എന്റെ ശരീരമാണ്’ ( യോഹ 6 , 51 ) എന്ന വാക്കുകൾ പരിശുദ്ധ കുർബാന സ്ഥാപനത്തെ സൂചിപ്പിക്കുന്നതായി പല ബൈബിൾ പണ്ഡിതന്മാരും പറയുന്നുണ്ട്. യഹൂദർ ശക്തമായി എതിർത്തിട്ടും, നരഭോജികൾ എന്ന് വിളിച്ച് അധിക്ഷേപിച്ചിട്ടും മാറ്റം വരുത്താത്ത നിർവചനം ശിഷ്യന്മാരും തുടരുകയാണ്. ഇറങ്ങിപ്പോയവർക്ക് മുൻപിൽ അക്ഷോഭ്യനായി നിന്ന ക്രിസ്തുവിന്റെ മാതൃകയുടെ പിൻബലത്തിലാണ് ശിഷ്യന്മാരും മാറ്റം വരുത്താത്തത് . ഒരിക്കലും, അംഗീകരിക്കാൻ, വിശദീകരിക്കാൻ കഴിയാത്ത യാഥാർത്ഥ്യങ്ങളാണ് യഹൂദരോട് പറയുന്നത്. രക്തം പാനം ചെയ്യുന്നത് പാപം ആയി കരുതിയിരുന്ന സമൂഹം; പഴയ നിയമ ബലിയർപ്പണത്തിൽ പങ്കെടുക്കുന്നവർ കൊല്ലപ്പെട്ട കുഞ്ഞാടിന്റെ ശരീരം ഭക്ഷിക്കുന്ന പതിവുണ്ടായിരുന്നെങ്കിലും, ബലി വസ്തുവായി ക്രിസ്തുവിന്റെ ശരീരം ഭക്ഷിക്കുന്ന ദർശനത്തിലേക്ക് അവർക്ക് വളരാൻ കഴിയുമായിരുന്നില്ല. അവൻ പറഞ്ഞു, ‘ഇതുകൊണ്ടാണ് പിതാവിൽ നിന്ന് വരം ലഭിച്ചാലല്ലാതെ എന്റെ അടുക്കലേക്ക് വരാൻ ആർക്കും സാധിക്കുകയില്ല എന്ന് ഞാൻ നിങ്ങളോട് പറഞ്ഞത്’.( യോഹ 6 , 65 )