ആമുഖശുശ്രൂഷ
കുർബാനയർപ്പണത്തിനുവേണ്ടി ഒരുങ്ങി കാർമ്മികൻ മദ്ബഹായിൽ നിന്നു ബേമ്മയിലെത്തുന്ന പ്രദക്ഷിണത്തെ കേന്ദ്രീകരിച്ചുള്ളതാണ് സീറോമലബാർ കുർബാനയുടെ ആമുഖശുശ്രൂഷ. ഈ പ്രദക്ഷിണം സാധ്യമാക്കാൻ വേണ്ടിയാണ് മദ്ബഹായുടെ വിരി തുറന്നിരുന്നത്. മെത്രാൻ പ്രദക്ഷിണമായി പ്രവേശിക്കുമ്പോൾ ആരാധനാസമൂഹം മദ്ബഹാഗീതം (ഓനീസാ ദ്കങ്കേ) ആലപിച്ചിരുന്നു. ബേമ്മയിലെത്തുന്ന മെത്രാന്റെ കൈയിൽ പിടിച്ചിരുന്ന സ്ലീവായെ വണങ്ങുന്ന പതിവും ഇതോടൊപ്പം ഉരുത്തിരിഞ്ഞു. മദ്ബഹാഗീതത്തോടു ചേർന്ന് ആലപിച്ചിരുന്ന പുരാതന പ്രദക്ഷിണഗാനമാണ് ‘ലാകുമാറാ’ എന്നറിയപ്പെടുന്ന ‘സകലത്തിന്റെയും നാഥാ’ എന്ന പ്രാർത്ഥന. ഇവയ്ക്കു പുറമേ ‘ പുഖദാൻകോൻ’, “അത്യുന്നതങ്ങളിൽ സ്തുതി’ എന്ന കീർത്തനം, കർത്തൃപ്രാർത്ഥന, സങ്കീർത്തനമാല (മർമ്മീസ) എന്നീ ഘടകങ്ങളും ആമുഖശുശ്രൂഷയിൽ പില്ക്കാലത്ത് കൂട്ടിച്ചേർക്കപ്പെട്ടു.
അവലംബം
സിറോമലബാർ സഭയുടെ ആരാധനക്രമവിശ്വാസപരിശീലനം; സിറോമലബാർ സിനഡ് പ്രസിദ്ധീകരണം