തിരുവോസ്തിയിൽ കാണപ്പെടുന്ന IHS അര്‍ത്ഥമാക്കുന്നതെന്താണ് …
തിരുവോസ്തിയിൽ ‘IHS’ എന്ന മുദ്ര രേഖപ്പെടുത്തിയിരിക്കുന്നത് നമുക്കു പരിചിതമാണ്. ഈ ചുരുക്കെഴുത്തു സൂചിപ്പിക്കുന്നത് ക്രിസ്തുവിനെ തന്നെയാണ്. മൂന്നാം നൂറ്റാണ്ടു മുതൽ, ക്രിസ്ത്യാനികള്‍ യേശുവിന്റെ ഗ്രീക്ക് ഭാഷയിലുള്ള പേരിന്റെ ആദ്യ മൂന്നക്ഷരങ്ങള്‍ അവിടുത്തെ ചുരുക്കപ്പേരായി എഴുതുന്ന ഒരു പതിവുണ്ടായിരുന്നു. ഗ്രീക്ക് ഭാഷയില്‍ യേശുവിന്റെ പേര് ΙΗΣΟΥΣ എന്നാണ് എഴുതിയിരുന്നത്. ഇതിന്റെ ആദ്യത്തെ മൂന്നക്ഷരങ്ങള്‍ ΙΗΣ ചേരുമ്പോള്‍ യേശുവിന്റെ ചുരുക്കെഴുത്തായി. അക്കാലത്തു Σ (Sigma) എന്ന ഗ്രീക്ക് അക്ഷരത്തിനു സമമായ ലാറ്റിന്‍ അക്ഷരമാലയിലെ അക്ഷരം S ആയിരുന്നു. ഇപ്രകാരമാണ് IHS എന്നത് യേശുവിന്റെ പേരിന്റെ ചുരുക്കെഴുത്തായത്. റോമന്‍ ചക്രവര്‍ത്തിയായിരുന്ന ജെസ്റ്റീനിയന്‍ രണ്ടാമന്റെ നാണയങ്ങളിലും ഈ മുദ്രയുണ്ടായിരുന്നു. തിരുസഭയുടെ ആദ്യകാലങ്ങളില്‍ തന്നെ ഈ ചിഹ്നം ഉപയോഗിക്കുന്ന പതിവുണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്. ‘യേശുവിന്റെ നാമം മഹത്വപ്പെടുത്തുക’ എന്ന ലക്ഷ്യത്തോടെ പതിനഞ്ചാം നൂറ്റാണ്ടില്‍ സിയന്നായിലെ വിശുദ്ധ ബെര്‍ണാഡിന്‍ ആരംഭിച്ച പ്രചാരണ പരിപാടിയുടെ ഭാഗമായി തങ്ങളുടെ വീടുകളുടെ വാതിക്കല്‍ IHS എന്നെഴുതിവെക്കുവാന്‍ അദ്ദേഹം ക്രിസ്ത്യാനികളെ പ്രേരിപ്പിച്ചു. 1541-ല്‍ വിശുദ്ധ ഇഗ്നേഷ്യസ് ലയോള ‘ഈശോ സഭ’ (ജെസ്യൂട്ട്) എന്നറിയപ്പെടുന്ന താന്‍ സ്ഥാപിച്ച പുതിയ സന്യാസ സഭയുടെ മുദ്രയായി IHS-നെ സ്വീകരിച്ചു. കാലക്രമേണ ഈ അടയാളം ക്രൈസ്തവ ലോകത്തിന്റെ പ്രസിദ്ധമായ പ്രതീകങ്ങളില്‍ ഒന്നായി മാറി. ചുരുക്കത്തില്‍ യേശുവിന്റെ വിശുദ്ധ നാമത്തെ കുറിക്കുന്നതാണ് ഈ മുദ്ര.