പരിശുദ്ധ അമ്മയുടെ ത്രിത്വ സ്തുതികൾ
പരിശുദ്ധ അമ്മയുടെ സ്തോത്രഗീതം മനോഹരമായ ഒരു ത്രിത്വ സ്തുതിയാണ്. പരിശുദ്ധ അമ്മ; യേശുവിൽ, പരിശുദ്ധാത്മാവ് നിറഞ്ഞു, പിതാവായ ദൈവത്തെ ആരാധിക്കുന്നു. ഒരു വ്യക്തിക്ക് ത്രിത്വ ആരാധന പൂർണതയിൽ നിർവഹിക്കാൻ കഴിയുന്നത് വിശുദ്ധ ബലിയർപ്പണത്തിലാണ്. ത്രിയേക ദൈവത്തിന്റെ പ്രിയപ്പെട്ട വ്യക്തി എന്ന നിലയിൽ; പിതാവിനെയും, പുത്രനെയും, പരിശുദ്ധാത്മാവിനെയും പൂർണതയിൽ ആരാധിക്കാൻ പരിശുദ്ധ അമ്മ നമ്മെ സഹായിക്കും. പിതാവായ ദൈവത്തിന്റെ മകളും, പുത്രനായ ദൈവത്തിന്റെ അമ്മയും, പരിശുദ്ധാത്മാവായ ദൈവത്തിന്റെ പ്രിയ മണവാട്ടിയും എന്ന നിലയിലാണിത്. എത്ര തവണയാണ് നമ്മൾ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവായ ദൈവത്തെയും വിശുദ്ധ കുർബാനയിൽ സ്തുതിക്കുകയും, ആരാധിക്കുകയും, നന്ദി പറയുകയും ചെയ്യുന്നത്. ദൈവഹിതം, ഭൂമിയിൽ നിറവേറ്റാൻ സമ്മതമരുളിയ വ്യക്തി എന്ന നിലയിലും, ഏക പുത്രന്റെ ബലിയർപ്പണ വേളകളിൽ സന്തത സഹചാരി എന്ന നിലയിലും, ‘ദൈവമാതാവ്’ എന്ന തിരുസഭയുടെ പ്രബോധനത്തിന്റെ അടിസ്ഥാനത്തിലും, പരിശുദ്ധ അമ്മയോട് ചേർന്ന് നിൽക്കുന്നവർക്ക് ത്രിത്വ രഹസ്യം മനസ്സിലാക്കാനും, ആരാധിക്കാനും, സഹായമാകും എന്നതിൽ തർക്കത്തിന് ഇടമില്ല. ആത്മാവ് നിറഞ്ഞവർക്ക്, പിതാവിനെയും, പുത്രനെയും, മഹത്വപ്പെടുത്താതെ തരമില്ല. വചനം, പലസ്ഥലങ്ങളിലും കാണിച്ചുതരുന്നത് അമ്മയോട് ചേർന്ന് നിന്നവരെല്ലാം, ആത്മാവ് നിറഞ്ഞവരായിരുന്നുവെന്നതാണ്. അതിനാൽ തന്നെ, പരിശുദ്ധ അമ്മയോട് ചേർന്ന് നിന്ന് ദൈവത്തെ ആരാധിക്കുകയും സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യാം.