December 22, 2024
#Saints

പരിശുദ്ധഅമ്മയുംവിശുദ്ധബലിയർപ്പണവും

        ബലിയർപ്പണത്തിനായി പരിശുദ്ധ അമ്മ നമ്മളെ ഒരുക്കുമെന്നതിൽ സംശയത്തിനും വകയില്ല. പല ദേവാലയങ്ങളിലും ഈ നാളുകളിൽ ജപമാല ചൊല്ലി പ്രാർത്ഥിച്ചു ഒരുങ്ങിയാണ് വിശുദ്ധ ബലിയർപ്പണത്തിനായി ഒരുങ്ങുന്നത്; അതുപോലെ ജപമാല ചൊല്ലി പ്രാർത്ഥിച്ചു ഒരുങ്ങുന്ന വ്യക്തികളെ പരിചയപ്പെടാൻ സാധിച്ചിട്ടുണ്ട്. പരിശുദ്ധ അമ്മയുടെ ജപമാല ചൊല്ലി പ്രാർത്ഥിച്ചോരുങ്ങുന്നതു വലിയ ശക്തി തന്നെയാണ്; ഈ ലേഖനത്തിൽ നമ്മൾ പരിചയപ്പെടുന്നത് പരിശുദ്ധ അമ്മയും വിശുദ്ധബലിയർപ്പണവും തമ്മിലുള്ള ബന്ധമാണ്. 

പരിശുദ്ധ അമ്മയ്ക്ക് ഏറ്റവും ഇഷ്ടമുള്ളത് ഭക്തിയോടെയുള്ള ബലിയർപ്പണങ്ങളാണ് 

      ഓരോ ബലിയർപ്പണത്തിലൂടെയും നമ്മൾ പ്രവേശിക്കുന്നത് കർത്താവിന്റെ തിരുമണിക്കുറിലേക്കാണ്. ഓരോ ബലിയിലും; കാൽവരി വഴികളും, കാൽവരി മലയും സന്നിഹിതമാണ്. അങ്ങനെ, ഓരോ ബലിയിലും ക്രിസ്തുവിന്റെ കുരിശിലെ തിരുമൊഴികൾ ആവർത്തിക്കപ്പെടുന്നുണ്ട്; ‘സ്ത്രീയെ, ഇതാ നിന്റെ മകൻ,’ ‘ഇതാ നിന്റെ അമ്മ’ അതിനാൽ തന്നെ, ഏക പുത്രന്റെ മരണത്തിന് മൂകസാക്ഷിയായി വിധവയെ നാമെന്നും വിശുദ്ധ അമ്മയായി ഭവനത്തിലേക്ക് സ്വീകരിക്കുകയാണ്; നമ്മൾ അനുദിനം മക്കളായി മാറുകയും ചെയ്യുന്നു. വിശുദ്ധ കുർബാനയിലൂടെ മേരി അവളുടെ ‘ദിവ്യമാതൃത്വം വ്യാപിപ്പിക്കുകയും’, ‘നിലനിർത്തുകയും’ ചെയ്യുന്നു. അങ്ങനെ ‘നവമായി’ പരിശുദ്ധ അമ്മയെ, ഓരോ വിശുദ്ധ ബലിയർപ്പണത്തിലൂടെ ലഭിക്കുകയാണ്. പരിശുദ്ധ അമ്മയ്ക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ വണക്കം എന്ന് പറയുന്നത് അനുഭവ പൂർണമായ ബലിയർപ്പണങ്ങളാണ്. കർമ്മോത്സുകരായി, ബോധപൂർവ്വം, പൂർണമായി ബലിയർപ്പിക്കാൻ കഴിയണം. പരിശുദ്ധ അമ്മയുമായി ബലിയർപ്പണത്തിലൂടെ സംജാതമാകുന്ന ആഴമേറിയ ദൃഢമായ ആത്മബന്ധം വേറെ എവിടെയും കണ്ടെത്താൻ കഴിയില്ല എന്ന സത്യം നമുക്ക് ഒരിക്കലും മറക്കാതിരിക്കാൻ ശ്രമിക്കാം. മരിയഭക്തി വിശുദ്ധ കുർബാനിലേക്ക് നയിക്കുന്നതുപോലെ വിശുദ്ധ കുർബാന മരിയ ഭക്തിയിലേക്ക് നയിക്കുന്നതാണ്.

പരിശുദ്ധ അമ്മയെ പോലെ ബലിയർപ്പിക്കുക 

      നിരവധിയായി നമ്മൾ കേട്ടിരിക്കുന്ന ഒരു കാര്യമാണ് പരിശുദ്ധ അമ്മയെപ്പോലെ ബലിപ്പിക്കുക  എന്നത്. അത് എങ്ങനെയാണ് സാധ്യമാവുക; അത് വ്യക്തമാവുക, പരിശുദ്ധാത്മാവിനെ കാത്തിരുന്നു പ്രാർത്ഥിച്ച ശിഷ്യൻമാരോടൊപ്പം പരിശുദ്ധ അമ്മയും ഉണ്ടായിരുന്നവെന്ന വലിയ സത്യമാണ്. ഒന്നിച്ചു കൂടിയിരുന്ന ആദ്യ സമൂഹത്തിൽ അപ്പസ്തോലന്മാരോടൊപ്പം അവൾ ഉണ്ടായിരുന്നെങ്കിൽ; അപ്പം മുറിക്കൽ ശുശ്രൂഷയിൽ താൽപര്യപൂർവം പങ്കുചേർന്ന ആദ്യമ തലമുറയിലെ ക്രൈസ്തവരുടെ വിശുദ്ധ കുർബാനയർപ്പണത്തിൽ അവൾ താല്പര്യപൂർവം പങ്കെടുത്തിട്ടുണ്ട്. ‘നിങ്ങൾക്ക് വേണ്ടി അർപ്പിക്കപ്പെടുന്ന ശരീരമാകുന്നു ഇത്’ എന്ന അന്ത്യവചസുകൾ;  പത്രോസ്, യോഹന്നാൻ, യാക്കോബ് എന്നിവരുടെ അധരത്തിൽ നിന്ന് ഉതിരുമ്പോൾ മറിയത്തിന് ഉണ്ടായ മനോഭാവം എന്തായിരിക്കണം; കുരിശിന്റെ വഴിത്താരകളിലൂടെ, ഒറ്റപ്പെടലിലൂടെ, തള്ളിപ്പറയലിലൂടെ, അവൾ  യാത്ര ചെയ്തിട്ടുണ്ടാകണം. ‘വാങ്ങി ഭക്ഷിക്കുവിൻ’, എന്ന് ബലിയർപ്പകൻ ആവർത്തിക്കുമ്പോൾ ഉണ്ണിയെ കൈയിലെടുത്ത അമ്മയുടെ ആഹ്ലാദവും, അവിടുത്തെ തിരുമുഖം കണ്ടതിലുള്ള ആനന്ദ വിവശമായ നോട്ടവും, താലോലിച്ചപ്പോൾ അനുഭവിച്ച അതുല്യമായ സ്നേഹവും അവൾ അനുഭവിച്ചിട്ടുണ്ട്. ഈശോയെ സ്വീകരിക്കുമ്പോൾ; മംഗള വാർത്തയുടെ സുദിനത്തിലൂടെ കടന്ന് ഈശോയെ  ഉദരത്തിൽ സ്വീകരിച്ചതിന്റെ പുണ്യ സ്മരണ അവളുടെ ഹൃദയത്തെ ഭേദിച്ചിട്ടുണ്ട്.  പരിശുദ്ധ അമ്മയെ പോലെ ബലിയർപ്പിക്കാനായി ഓർമ്മിപ്പിക്കുന്നതിലൂടെ, തിരുസഭ നമ്മോട് നിരന്തരം പറയുന്നത് അമ്മ ബലിയർപ്പണങ്ങളിൽ പങ്കെടുത്തതുപോലെ പങ്കെടുക്കാനാണ്.  

ദൈവത്തെ ഏകത്വത്തിൽ ആരാധിക്കാൻ പരിശുദ്ധ അമ്മ പഠിപ്പിക്കും 

       പരിശുദ്ധ അമ്മയുടെ സ്തോത്രഗീതം  മനോഹരമായ ഒരു ത്രിത്വ സ്തുതിയാണ്. പരിശുദ്ധ അമ്മ; യേശുവിൽ, പരിശുദ്ധാത്മാവ് നിറഞ്ഞു,  പിതാവായ ദൈവത്തെ ആരാധിക്കുന്നു. ഒരു വ്യക്തിക്ക് ത്രിത്വ ആരാധന പൂർണതയിൽ നിർവഹിക്കാൻ കഴിയുന്നത് വിശുദ്ധ ബലിയർപ്പണത്തിലാണ്. ത്രിയേക ദൈവത്തിന്റെ  പ്രിയപ്പെട്ട വ്യക്തി എന്ന നിലയിൽ; പിതാവിനെയും, പുത്രനെയും, പരിശുദ്ധാത്മാവിനെയും പൂർണതയിൽ ആരാധിക്കാൻ പരിശുദ്ധ അമ്മ നമ്മെ സഹായിക്കും. പിതാവായ ദൈവത്തിന്റെ മകളും, പുത്രനായ ദൈവത്തിന്റെ  അമ്മയും, പരിശുദ്ധാത്മാവായ ദൈവത്തിന്റെ  പ്രിയ മണവാട്ടിയും എന്ന നിലയിലാണിത്. എത്ര തവണയാണ് നമ്മൾ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവായ ദൈവത്തെയും   വിശുദ്ധ കുർബാനയിൽ  സ്തുതിക്കുകയും, ആരാധിക്കുകയും, നന്ദി പറയുകയും ചെയ്യുന്നത്. ദൈവഹിതം, ഭൂമിയിൽ നിറവേറ്റാൻ സമ്മതമരുളിയ വ്യക്തി എന്ന നിലയിലും, ഏക പുത്രന്റെ ബലിയർപ്പണ വേളകളിൽ സന്തത സഹചാരി എന്ന നിലയിലും, ‘ദൈവമാതാവ്’ എന്ന തിരുസഭയുടെ പ്രബോധനത്തിന്റെ അടിസ്ഥാനത്തിലും, പരിശുദ്ധ അമ്മയോട് ചേർന്ന് നിൽക്കുന്നവർക്ക് ത്രിത്വ രഹസ്യം മനസ്സിലാക്കാനും, ആരാധിക്കാനും, സഹായമാകും എന്നതിൽ തർക്കത്തിന് ഇടമില്ല. ആത്മാവ് നിറഞ്ഞവർക്ക്, പിതാവിനെയും, പുത്രനെയും,  മഹത്വപ്പെടുത്താതെ തരമില്ല. വചനം, പലസ്ഥലങ്ങളിലും കാണിച്ചുതരുന്നത് അമ്മയോട് ചേർന്ന് നിന്നവരെല്ലാം, ആത്മാവ് നിറഞ്ഞവരായിരുന്നുവെന്നതാണ്.  അതിനാൽ തന്നെ, പരിശുദ്ധ അമ്മയോട് ചേർന്ന് നിന്ന് ദൈവത്തെ ആരാധിക്കുകയും സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യാം

ഭവനങ്ങൾ ആരാധനയുടെ സ്ഥലങ്ങൾ ആകും 

            അവിശ്വാസത്തിന്റെ  ശബ്ദം മുഴങ്ങിയ സഖറിയായുടെ ഭവനം, ദൈവ ആരാധനയുടെ ഭവനമായി മാറുകയാണ്. സ്തോത്ര ഗീതങ്ങളും ദൈവസ്തുതികളും ഉയരുകയാണ്. ഒത്തിരിയേറെ ബലിയർപ്പണങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടും, സഹകാരി ആയിട്ടും, ഹൃദയത്തിൽ ആരാധന നിറയാത്ത സഖറിയാ പുരോഹിതന്റെ ഭവനം. ആഹ്ലാദത്തിന്റെ പങ്കുവെക്കൽ ശബ്ദങ്ങൾ കേൾക്കേണ്ട വീടാണ്; ശോകമൂകതയുടെയും, കുറ്റപ്പെടുത്തലുകളുടെ സങ്കേതം ആയി മാറുന്നത്. ഈ ഭവനമാണ്, പരിശുദ്ധ അമ്മയുടെ സാന്നിധ്യത്തിൽ ദൈവകൃപയുടെ ഇടമായി മാറിയാത്. ഇന്നും നമ്മുടെയൊക്കെ ജീവിതത്തിന്റെ  തുടർതാളമെന്നതുപോലെ ഈ അനുഭവം തീരുകയാണ്; മെക്സിക്കോയിലെ ഗാദിലൂപ്പ എന്ന സ്ഥലത്ത് 1531 -ൽ ജ്യൂവാൻ ടിയാഗോ എന്ന വ്യക്തിക്ക് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെടുകയാണ്.  ദുരാചാരങ്ങളുടെയും,  അന്ധവിശ്വാസങ്ങളുടെയും  സ്ഥലമായിരുന്ന ഗ്വാദിലൂപ്പ ദൈവാരാധനയുടെ സ്ഥലമായി മാറുകയാണ്.  

വിശുദ്ധ കുർബാനയുടെ രഹസ്യങ്ങൾ പഠിപ്പിക്കും 

          ദൈവീക രഹസ്യങ്ങളെ മനോഹരമായി വചനത്തിലൂടെ അവതരിപ്പിച്ച വ്യക്തിയാണ് വിശുദ്ധ യോഹന്നാൻ. അദ്ദേഹത്തിന്റെ  വചനം ബൈബിൾ പണ്ഡിതർക്കെന്നും, ദൈവിക ജ്ഞാനത്തിന്റെ വെളിപ്പെടുത്തലാണ്. സ്വർഗീയ ആരാധനയെ പ്രതീകാത്മകമായി അർപ്പിക്കുന്ന വെളിപാട് ഗ്രന്ഥവും, എത്രമാത്രം ദിവ്യകാരുണ്യ രഹസ്യമായി ഇടകലർന്നിരിക്കുന്നു എന്ന വ്യക്തമാക്കുന്നതാണ്. വിശുദ്ധബലിയെ കുറിച്ച് ആധികാരികമായി പഠിപ്പിക്കുമ്പോഴും, പഠിക്കുമ്പോഴും ഒരിക്കലും വിശുദ്ധ യോഹന്നാന്റെ സുവിശേഷം നമുക്ക് മറക്കാൻ കഴിയില്ല. ഇടത്തും വലത്തും ഇരിക്കാനുള്ള ഭാഗ്യം തരണമേ എന്ന് അമ്മയെയും കൂട്ടി കർത്താവിനോട് ചോദിച്ച അതേ ശിഷ്യനാണ് ബലിയർപ്പണത്തിൽ ശുശ്രൂഷയുടെ പാഠങ്ങൾ പതിമൂന്നാം അധ്യായത്തിൽ എഴുതിയതെന്നു മനസ്സിലാക്കുമ്പോഴാണ് ഭവനത്തിൽ അമ്മയെ സ്വീകരിച്ച യോഹന്നാനിൽ, അമ്മയോടൊപ്പമുള്ള  സഹവാസം വരുത്തിയ മാറ്റം തിരിച്ചറിയുന്നത്.  എടുത്തുചാട്ടക്കാരനും, ക്ഷിപ്രകോപിയുമായവൻ, എങ്ങനെ ദിവ്യകാരുണ്യപ്രേക്ഷിതനായി തീർന്നുവെന്നതിൽ അമ്മയുടെ സാന്നിധ്യത്തിൽ കവിഞ്ഞൊരു ഉത്തരമില്ല. സ്വർഗ്ഗീയ ഇടത്തെക്കുറിച്ച് ആകുലപ്പെട്ടവൻ സ്വർഗീയ ആരാധനയെക്കുറിച്ച് വെളിപാട് ഉള്ളവനായി. 

പരിശുദ്ധ അമ്മയ്ക്ക് ഏറ്റവും ഇഷ്ടമുള്ളത് ഭക്തിയോടെയുള്ള ബലിയിർപ്പണങ്ങളാണ് 

              പരിശുദ്ധ അമ്മ ഈശോയ്ക്ക് ശരീരവും രക്തവും നൽകിയവളാണ്. അങ്ങനെ ബലിയർപ്പണവും ഈശോയുടെ മാതൃകയനുസരിച്ച് പൂർണമായി അർപ്പിച്ചു; ആ ആത്മാർപ്പണത്തിനു ദൈവം നൽകിയ സൗഭാഗ്യമാണ് ശരീരാത്മാവോടെയുള്ള ആവളുടെ സ്വർഗ്ഗാരോപണം. ഈശോയ്ക്ക് ശരീരവും രക്തവും കൊടുക്കുന്ന ഓരോ വ്യക്തിയെയും ഈശോ ബലപ്പെടുത്തുന്നത് ശരീര രക്തങ്ങളാൽ തന്നെയാണ്. എന്റെ  ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്  നിത്യജീവൻ ഉണ്ട്; ഞാൻ അവനിൽ വസിക്കുകയും ചെയ്യും. ഈ തിരുവചനത്തിന്റെ പൂർത്തീകരണം ആദ്യമായി സ്വീകരിച്ചു നമുക്കായി മേടിച്ചു തരുന്നതും  പരിശുദ്ധ അമ്മയാണ്.  നമ്മുടെ കർത്താവ് തന്റെ അമ്മയോട് ഇപ്രകാരം പറയുന്നത് വിശുദ്ധ ബ്രിജിത്ത പുണ്യവതി കേട്ടു; അമ്മേ,  എന്നിൽ നിന്ന് എന്ത് ആഗ്രഹിച്ചാലും ചോദിച്ചുകൊള്ളുക; ഈ ഭൂമിയിൽ നീ എനിക്ക് ഒന്നും നിഷേധിക്കാത്തതിനാൽ, സ്വർഗ്ഗത്തിലും ഞാൻ ഒന്നും അവിടത്തേക്ക് നിഷേധിക്കില്ല.” വിശുദ്ധ അന്തോണിയ പറയുന്നത്, അവളുടെ പ്രാർത്ഥനകൾക്ക് കൽപ്പനയുടെ സ്വരം ഉണ്ടെന്നാണ്. ശരീരവും രക്തവും നൽകി; ശരീരവും രക്തവും സ്വീകരിച്ചവൾ; തിരു ശരീരവും തിരുരക്തവും നൽകുന്ന ക്രിസ്തുവിനെ; ശരീരവും രക്തവും നൽകി സ്നേഹിക്കാൻ പഠിപ്പിക്കട്ടെ. വെള്ളം വെള്ളം വീഞ്ഞായി മാറുന്ന ഈശോയുടെ ആദ്യ അത്ഭുതത്തിനു സാക്ഷ്യം വഹിച്ച അമ്മ ഇന്ന് നമ്മളോട് പറയുന്നത് ഇത് തന്നെയാണ്. ‘അവൻ പറയുന്നത് നിങ്ങൾ ചെയ്യുവിൻ’ മാളികയിലെ ക്രിസ്തുവിന്റെ  കൽപ്പന എന്റെ  ഓർമ്മയ്ക്കായി ഇത് ചെയ്യുവിൻ ആവർത്തിക്കുന്നത് വഴിയായി ഓരോ വിശുദ്ധ ബലിയർപ്പണത്തിലും കാനായിലെ രഹസ്യത്തിന്റെ ഏറ്റുപറച്ചിലും അനുസ്മരണവും ഉണ്ട്. 

വിശ്വാസത്തിന്റെ  ആഘോഷമാണ് വിശുദ്ധ ബലിയർപ്പണം; ‘വിശ്വസിച്ചവൾ ഭാഗ്യവതി

          വിശുദ്ധ ബലി വിശ്വാസത്തിന്റെ രഹസ്യമാണ്; പോൾ ആറാമൻ മാർപാപ്പയും ആവർത്തിച്ചു പഠിപ്പിച്ച കാര്യമാണ് .അതുകൊണ്ടുതന്നെയാണ് വിശുദ്ധ ബലിയർപ്പണത്തെ കുറിച്ച് കൂടുതലായി പരിശുദ്ധ അമ്മയുടെ പാഠശാലയിൽ നിന്ന് പഠിക്കേണ്ടി വരുന്നത്; ക്രിസ്തു സംഭവം, ഒരുപക്ഷേ മറിയത്തെ പോലെ വിശ്വസിച്ചവൾ ആരുമില്ലായിരുന്നു. ആകയാൽ, അവൾ സ്ത്രീകളിൽ അനുഗ്രഹീതയായി, ഉദരത്തിൽ ജന്മമെടുത്തവൻ ദൈവമാണെന്ന വിശ്വാസം; സർവ്വരാലും പരിത്യക്തനായി, കുറ്റവാളിയായി, കുരിശിൽ മരിച്ചവൻ, രക്ഷകൻ ആണെന്നുള്ള വിശ്വാസം; ശാരീരിക നേത്രങ്ങൾക്ക് വിശ്വാസത്തിന്റെ  പടലങ്ങൾ നൽകിയ അമ്മ. അപ്പവും, വീഞ്ഞും, തിരുശരീരവും, തിരുരക്തവുമായി മാറുന്ന ദിവ്യകാരുണ്യത്തിന്റെ  മഹാ രഹസ്യത്തെ സമീപിക്കുമ്പോൾ, പരിശുദ്ധ അമ്മയോടൊപ്പം വരികയെങ്കിൽ;  എത്ര മനോഹരവും രുചിപ്രദവും ആകും. ക്രിസ്തു രഹസ്യങ്ങളെ ധ്യാനാത്മകമായി സമീപിച്ചു ആഘോഷമാക്കിയ പരിശുദ്ധ അമ്മ;  ബലിയുടെ വചന ശുശ്രൂഷയെയും, അപ്പത്തിന്റെ ശുശ്രൂഷയും ധ്യാനവും  ആഘോഷവുമാക്കാനും സഹായിക്കുന്നവളാകും. അതുകൊണ്ടുതന്നെയാണ് ജനക്കൂട്ടത്തിനിടയിൽ നിന്നൊരു സ്ത്രീ അമ്മയെ പ്രശംസിച്ചപ്പോൾ ‘ദൈവവചനം നിറവേറ്റുന്നവരാണ് കൂടുതൽ ഭാഗ്യവതി’ എന്ന് ക്രിസ്തു വിശേഷിപ്പിക്കാൻ ഇടയാകുന്നത്.

പരിശുദ്ധ കുർബാനയുടെ അമ്മ; വിശുദ്ധ കുർബാനയുടെ സ്ത്രീ 

         പരിശുദ്ധ അമ്മയെയും വിശുദ്ധ കുർബാനയും ഒത്തിരി ആദരിച്ചിരുന്ന വ്യക്തിയായിരുന്നു വിശുദ്ധ പീറ്റർ ജൂലിയൻ എയ്മാർഡ്. അദ്ദേഹം പരിശുദ്ധ അമ്മയെ ദിവ്യകാരുണ്യത്തിന്റെ മാതാവ് എന്നാണ് വിശേഷിപ്പിക്കുന്നത്. പരിശുദ്ധ അമ്മയിൽ രൂപപ്പെട്ട ശരീരവും രക്തവും ആണ് തിരുശരീരവും തിരുരക്തവുമായി മാറുന്നത്; ആകയാൽ പരിശുദ്ധ അമ്മയെ ദിവ്യകാരുണ്യത്തിന്റെ മാതാവ് എന്ന് വിശേഷിപ്പിക്കാൻ വിശുദ്ധൻ തയ്യാറാവുകയാണ്. ജോൺപോൾ രണ്ടാമൻ മാർപാപ്പ എഴുതി, ‘നമുക്കായി അർപ്പിക്കപ്പെടുന്ന ശരീരവും, കൗദാശിക സാദൃശ്യങ്ങളിലൂടെ സന്നിഹിതമാക്കപ്പെടുന്ന ശരീരവും അവളുടെ ഉദരത്തിൽ രൂപം കൊണ്ട  അതേ ശരീരമാണ്.’ ( വി.കുർബാനയും സഭയും, ന. 56 ) ദിവ്യകാരുണ്യത്തിന്റെ അമ്മ, വിശുദ്ധ കുർബാനയുടെ സ്ത്രീയായ പരിശുദ്ധ അമ്മ, ദിവ്യകാരുണ്യ സ്വീകരണത്തിന് നമ്മളെ പൂർണമായി ഒരുക്കുന്നതാണ്. കറയും കളങ്കവുമില്ലാതെ അമ്മയോടുള്ള അഭേധ്യമായ സ്നേഹവും ആത്മബന്ധവും നമ്മെയും അമലോത്ഭവയായ അവൾ തിരുശരീരരക്തങ്ങളെ സ്വീകരിക്കാൻ നമ്മളെയും സഹായിക്കും.

വിശുദ്ധബലിയർപ്പണവും, പരിശുദ്ധ അമ്മയും;  വിശുദ്ധരും 

          ഒത്തിരി തീവ്രതയോടെ ബലിയർപ്പിച്ചിരുന്ന വിശുദ്ധ പാദ്രെ പിയോ   ജപമാല ചൊല്ലിയാണ് ഒരുങ്ങിയിരുന്നതെന്ന് സാക്ഷ്യപ്പെടുത്താറുണ്ട്. പരിശുദ്ധ കന്യാമറിയത്തിന്റെ  ജപമാല എന്ന അപ്പസ്തോലിക ലേഖനത്തിൽ ‘പ്രകാശത്തിന്റെ രഹസ്യങ്ങൾ’ പരിചയപ്പെടുത്തുമ്പോൾ അവസാന രഹസ്യമായി വിശുദ്ധ കുർബാന സ്ഥാപനം ചേർത്തുകൊണ്ട് ജോൺപോൾ രണ്ടാമൻ മാർപാപ്പ പറഞ്ഞു, ‘മറിയത്തിന് ഈ പരിശുദ്ധ കൂദാശയിലേക്ക് നമ്മെ നയിക്കാനാവും, കാരണം അവൾക്കിതുമായി ആഴമായി ബന്ധമുണ്ട്.’ വളരെ കൗതുകകരമായ ഒരു വിവരണം വിശുദ്ധ കൊച്ചുത്രേസിയാ തരുന്നുണ്ട്. തലമുടിയും, വസ്ത്രങ്ങളും എല്ലാം അലങ്കോലപ്പെട്ട മൂന്ന് നാല് വയസ്സുള്ള ഒരു പെൺകുട്ടിയാണ് എന്റെ  ആത്മാവ്; അൾത്താരയിൽ യേശുവിന്റെ സമീപത്ത് ചെല്ലുവാൻ ഞാൻ ലജ്ജിച്ചു നിൽക്കുമ്പോൾ, പരിശുദ്ധ അമ്മ  എന്റെ  അവശ്യസ്ഥിതി കണ്ട്, അടുത്ത് വന്ന്, പഴയ വസ്ത്രങ്ങൾ മാറ്റി, വേറൊന്ന് ധരിപ്പിച്ച്, മുടി ചീകി ഒരുക്കി, ഒരു ചെറിയ പൂവും ചൂടി, ആകർഷകമാംവിധം എന്നെ ഒരുക്കുന്നു. അപ്പോൾ യാതൊരു മടിയും കൂടാതെ, മാലാഖമാരുടെ അരികിൽ എനിക്ക് ഇടം പിടിക്കാൻ  കഴിയുന്നു. വിശുദ്ധരുടെ അനുഭവങ്ങളും വിവരണങ്ങളും എല്ലാം പരിശുദ്ധ അമ്മയോടൊപ്പം ബലിയർപ്പണത്തിലേക്ക് വരുവാൻ നമ്മളെ സഹായിക്കുന്നതാണ്. വിശുദ്ധ കുർബാനയിൽ പങ്കുകൊള്ളുന്നതിനുള്ള ഏറ്റവും നല്ല തയ്യാറെടുപ്പ് മേരിയോടൊപ്പം നടത്തുക എന്നാണ് വിശുദ്ധ മാക്സ്മില്യൻ കോൾബെ പറയുന്നത്. ഏതു ആയാലും അത് പാശ്ചാത്യമാണെങ്കിലും പൗരസ്ത്യമാണെങ്കിലും ബലിയർപ്പണത്തിൽ പരിശുദ്ധ അമ്മയെ അനുസ്മരിക്കുന്നു. ഒരിക്കിൽ വിശുദ്ധ ബെർണ്ണഡിറ്റയോട്   ഒരാൾ ചോദിച്ചു നിനക്കു ഏതാണിഷ്ടം  വിശുദ്ധ കുർബാന സ്വീകരിക്കുന്നതോ ഗ്രോട്ടോയിലെ കന്യാമാതാവിനെ സന്ദർശിക്കുന്നതോ?  അവൾ പറഞ്ഞു; എന്തൊരു അസാധാരണമായ ചോദ്യമാണ്, അവരെ വേർപ്പെടുത്തുക   അസാധ്യമാണ്, യേശുവും  മേരിയും എപ്പോഴും ഒന്നിച്ചു നിൽക്കുക തന്നെ ചെയ്യും. പരിശുദ്ധ അമ്മ സന്നിഹിത ആകാതെയുള്ള ബലിയർപ്പണങ്ങൾ സാധ്യമല്ല. ഈശോ ബലിയർപ്പിച്ചപ്പോൾ എല്ലാം അവളുണ്ട്; കുരിശിന്റെ ചുവട്ടിലും, കുരിശിന്റെ വഴിയിലും, കൊല്ലാൻ തിരയുമ്പോഴും അവൾ ഉണ്ട്. തിരുവചനത്തിൽ ഈശോയിൽ അശുദ്ധാത്മാവ് ഉണ്ട്, പിശാചുക്കളുടെ തലവനെ കൊണ്ടാണ് അവൻ പിശാചുക്കളെ പുറത്താക്കുന്നതെന്ന് ആക്ഷേപിക്കുമ്പോൾ നാം വായിക്കുന്നു അവന്റെ  അമ്മയും സഹോദരന്മാരും പുറത്തുനിൽക്കുന്നുവെന്ന്. അവന്റെ  ചങ്ക് പിടഞ്ഞപ്പോൾ, കാലുപതറിയപ്പോൾ, കണ്ണുകൾ ഈറനണിഞ്ഞപ്പോൾ അവന്റെ അമ്മ അവിടെ നിന്നിരുന്നു. ക്രൂശീതനോട് ചേർന്ന് നിന്നാണ് അമ്മ ബലിയർപ്പിച്ചത്. അതുകൊണ്ടാണ്, ഇന്നും ദിവ്യകാരുണ്യം അവഹേളിക്കപ്പെടുമ്പോൾ, ക്രിസ്തു അപമാനിക്കപ്പെടുമ്പോൾ, പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെടുന്നത്. വിശുദ്ധ അൽഫോൻസ് ലിഗോരി പുണ്യവാളൻ ദിവ്യകാരുണ്യ സന്ദർശന പ്രാർത്ഥന രചിച്ചപ്പോൾ കൂടെ പരിശുദ്ധ അമ്മയെ സന്ദർശിക്കുന്നതിന്റെയും പ്രാർത്ഥന ചേർത്തുവച്ചുകൊണ്ട് പറഞ്ഞു; ജ്ഞാനികൾ ഈശോയെ സന്ദർശിച്ചപ്പോൾ അവർ ഭവനത്തിൽ പ്രവേശിച്ചു; ശിശുവിനെ അമ്മയായ മറിയത്തോട് കൂടി ആരാധിച്ചു എന്നാണ് തിരുവചനം.  തിരുവചനം പറഞ്ഞതുപോലെ, യേശുവും മേരിയും എപ്പോഴും ഒന്നിച്ചു നിൽക്കും.

            നമ്മൾ ധ്യാനിച്ച കാര്യങ്ങളിലൂടെ കണ്ടെത്തിയ ഒരു കാര്യം അമ്മയോടുള്ള ഭക്തിനത്തിലേക്ക് നയിക്കുന്നതാണ് യഥാർത്ഥ മരിയ ഭക്തർ ദിവ്യകാരുണ്യത്തിന് തണലിൽ അഭയം തേടുന്നവർ ആയിരിക്കും പരിശുദ്ധ അമ്മയോട് പ്രത്യേകം പ്രാർത്ഥിക്കാം ബലിയർപ്പണങ്ങൾക്ക് ഞങ്ങളെ ഒരുക്കമേ, അമ്മയെ വിലയിൽ പങ്കെടുത്തത് പോലെ പങ്കെടുക്കാൻ ഞങ്ങളെ സഹായിക്കണമേ ആമേൻ

     പരിശുദ്ധ അമ്മയുടെ പല പ്രത്യക്ഷികരണങ്ങളും  വിശുദ്ധ ബലിയർപ്പണവുമായിട്ടും, വിശുദ്ധ കുർബാന അത്ഭുതങ്ങളുമായി ബന്ധപ്പെട്ടും നിൽക്കുന്നതാണ്.  ഈ നാളുകളിൽ വിശുദ്ധ കാർലോ അക്വിറ്റസിന്റെ ദിവ്യകാരുണ്യ എക്സിബിഷനിലെ അത്ഭുതങ്ങൾ മലയാളത്തിലേക്ക് പരിവർത്തനം ചെയ്യാൻ സഹായിച്ചിരുന്നു; അപ്പോൾ കണ്ട ഒരു വസ്തുതയാണിത്. ആ ഒരു വസ്തുതയിലേക്കു കൂടുതൽ വെളിച്ചം വീശുന്നതാണ് ഈ ലേഖനം. 

1.  ഫാത്തിമയിലെ അത്ഭുതം

   1917 – മുതൽ പരിശുദ്ധ അമ്മ മൂന്ന് കുട്ടികൾക്ക് പ്രത്യക്ഷപ്പെട്ടതാണ് ഫാത്തിമയിലെ അത്ഭുതം എന്ന് പറയുന്നത്. പരിശുദ്ധ അമ്മയുടെ പ്രത്യക്ഷികരണത്തിനു  മുൻപായിട്ട് മാലാഖ മൂന്നു പ്രാവശ്യം പ്രത്യക്ഷപ്പെടുന്നുണ്ട്. അതിലെ ആദ്യത്തെ പ്രാവശ്യം പ്രത്യക്ഷപ്പെട്ട് കഴിഞ്ഞപ്പോൾ മാലാഖ കുട്ടികളെ ഒരു പ്രാർത്ഥന പഠിപ്പിക്കുന്നുണ്ട്. അത് ദിവ്യകാരുണ്യത്തിന് എതിരായി നടക്കുന്ന നിന്ദപമാനങ്ങൾക്ക് പരിഹാരം ചെയ്തുകൊണ്ടുള്ള പ്രാർത്ഥനയാണ്. അത് മുട്ടുകുത്തി കുമ്പിട്ട് ചൊല്ലേണ്ട പ്രാർത്ഥനയാണ്; ഇതിനെക്കുറിച്ച് ലൂസി പറയുന്നുണ്ട്, ഇങ്ങനെ കുമ്പിട്ട് പ്രാർത്ഥിച്ചു പലപ്പോഴും ബോധം കെട്ടുപോകുന്ന അവസ്ഥയിലേക്ക് വരെ പ്രാർത്ഥന ചൊല്ലി എത്തിയിട്ടുണ്ട്. അത്രമാത്രം അവർ ആ  പ്രാർത്ഥനകൾ ആവർത്തിച്ച് ചൊല്ലി എന്നാണ് ലൂസി പറയുന്നത്. ആ പ്രാർത്ഥന ഇങ്ങനെയാണ്;  ‘എന്റെ  ദൈവമേ, ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു, ഞാൻ അങ്ങയെ ആരാധിക്കുന്നു, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയിൽ വിശ്വസിക്കുകയോ, അങ്ങയിൽ ശരണപ്പെടുകയോ, അങ്ങയെ ആരാധിക്കുകയോ, അങ്ങയെ സ്നേഹിക്കുകയോ ചെയ്യാത്തവർക്ക് വേണ്ടി ഞാൻ അങ്ങയോട് മാപ്പ് ചോദിക്കുന്നു. മൂന്നാമത്തെ പ്രാവശ്യം  മാലാഖ പ്രത്യക്ഷപ്പെട്ട്പ്പോൾ  പരിചയപ്പെടുത്തിയത് സമാധാനത്തിന്റെ മാലാഖ എന്നാണ്. ആ മാലാഖ പ്രത്യക്ഷപ്പെട്ട്ത് ഇടതുകൈയിൽ കാസയും വലതു കൈയിൽ തിരുവോസ്തിയും പിടിച്ചു വായുവിൽ നിൽക്കുന്ന രൂപത്തിലാണ്. തിരുവോസ്തിയിൽ നിന്ന് രക്തത്തുള്ളികൾ കാസയിലേക്ക് വീഴുന്നു. അങ്ങനെ പ്രത്യക്ഷപ്പെട്ടതിനു ശേഷം, മാലാഖ കാസയും തിരുവോസ്തിയും വായുവിൽ നിർത്തുകയും, മാലാഖ കുട്ടികളോട് ചേർന്ന് തിരു ശരീരത്തെയും, തിരു രക്തത്തെയും കുമ്പിട്ട് ആരാധിക്കുകയും ചെയ്യതു.  മൂന്നു പ്രാവശ്യം കുമ്പിട്ട് എഴുന്നേറ്റ ശേഷം വീണ്ടും ഒരു പ്രാർത്ഥന മാലാഖ ഇവരെ പഠിപ്പിച്ചു. ആ പ്രാർത്ഥനയും വിശുദ്ധ കുർബാനയുടെ നിന്ദ അപമാനങ്ങൾക്ക് എതിരായിട്ടുള്ള പ്രാർത്ഥനയാണ്.  ‘പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏറ്റവും പരിശുദ്ധ ത്രിത്വമേ,  ഞാൻ അങ്ങയെ ആരാധിക്കുന്നു. ലോകമെമ്പാടും സക്രാരികൾ എഴുന്നള്ളിയിരിക്കുന്ന യേശുനാഥനോട് ചെയ്യപ്പെടുന്ന ദൂഷണങ്ങൾക്കും, നിന്ദനങ്ങൾക്കും ,അതിക്രമങ്ങൾക്കും, നിസംഗതകൾക്കും പരിഹാരമായിട്ട് അങ്ങയുടെ ഏറ്റവും പരിശുദ്ധമായ തിരുശരീരവും, തിരുരക്തവും, ആത്മാവും, ദൈവത്വവും അങ്ങേക്ക് ഞാൻ കാഴ്ച വയ്ക്കുന്നു. ഇൗശോ നാഥന്റെ തിരുഹൃദയത്തിന്റെയും, പരിശുദ്ധ മാതാവിന്റെ വിമല ഹൃദയത്തിന്റെയും, യോഗ്യതകളാൽ  പാവപ്പെട്ട പാപികൾക്ക് മാനസാന്തരത്തിനുള്ള കൃപ നൽകണമേ.  ആമേൻ

2. ലൂർദിൽ നടന്ന അത്ഭുതം

        പരിശുദ്ധ കന്യകാമറിയത്തെ ഫ്രാൻസിലെ ലൂർദ് എന്ന പ്രദേശത്തുള്ള ജനങ്ങൾ അഭിസംബോധന ചെയ്തിരുന്ന പേരാണ് ലൂർദ് മാതാവ്. ക്രൈസ്തവ സഭയുടെ പ്രശസ്തമായ ഒരു മരിയൻ തീർത്ഥാടന കേന്ദ്രമാണ് ഫ്രാൻസിലെ ലൂർദ്. നഗരത്തിൽ നിന്നും 11 മൈൽ അകലെ വിറക് ശേഖരിക്കാൻ പോയ ബർണദീത്തായ്ക്കും അവളുടെ സഹോദരിക്കും സുഹൃത്തിനുമാണ് 1858 ഫെബ്രുവരി 11 -ന് ആദ്യമായി ദർശനമുണ്ടായത്. തുടർന്ന്, പതിനൊന്ന് പ്രാവശ്യം ദർശനമുണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്.1858 ഫെബ്രുവരി 11 വ്യാഴാഴ്ച, ഫ്രാൻസിലെ ലൂർദ്ദു ഗ്രാമത്തിലെ, ഒരു ദരിദ്രകുടുംബത്തിൽ ജനിച്ചു വളർന്ന അക്ഷരാഭ്യാസമില്ലാത്ത പതിനാലുവയസ്സുകാരി ബെർണദീത്തായും അനുജത്തി ട്വാനെത്തും ഒരുകൂട്ടുകാരിയുംകൂടി വിറകു ശേഖരിക്കുന്നതിനായി മസബിയേൻ എന്ന വനത്തിലേക്കു പോയി. മാർഗ്ഗമദ്ധ്യേയുണ്ടായിരുന്ന ഒരു കൊച്ചരുവി കടക്കുന്നതിനു രോഗിയായ ബെർണദീത്തയ്ക്കു സാധ്യമല്ലാതിരുന്നതിനാൽ ഇക്കരെത്തന്നെ നിന്നു. അപ്പോൾ ഒരു കാറ്റുവീശി. അടുത്തുള്ള ഗ്രോട്ടോയിലേക്ക് ചില വൃക്ഷങ്ങളുടെ ശാഖകൾ അവളെ മാടിവിളിക്കുന്നതുപ്പോലെ തോന്നി. കണ്ണഞ്ചിക്കുന്ന വെള്ളവസ്ത്രവും നീലനിറത്തിലുള്ള അരക്കെട്ടും തത്തുല്യമായ ഒരു ശിരോവസ്ത്രവുംധരിച്ചു്, ഒരു സ്വർണ്ണജപമാല കൈയിലേന്തി, ഒരു യുവതി ആ ഗ്രോട്ടോയിൽ നിൽക്കുന്നതു കണ്ടു. സ്വർണ്ണദീപ്തിയോടുകൂടിയൊരു പ്രകാശം ആ യുവതിയുടെ പാദത്തിന്റെ താഴെയുണ്ടായിരുന്നു. ബെർണദീത്തയും ആ യുവതിയുമൊരുമിച്ചു ജപമാല ചൊല്ലി. ത്രിത്വസ്തുതി മാത്രമേ ആ യുവതി ചൊല്ലിയിരുന്നുള്ളൂ. ജപമാലയുടെ അന്ത്യത്തിൽ പുഞ്ചിരിച്ചുകൊണ്ട് അല്പമൊന്നു കുനിഞ്ഞു് അവൾ തിരോധാനം ചെയ്തു. പതിനൊന്നു തവണ ഇത്തരത്തിൽ മാതാവു പ്രത്യക്ഷപ്പെട്ടു. ഒമ്പതാമത്ത ദർശനത്തിൽ ഫെബ്രുവരി 25  -നു ആ യുവതി പറഞ്ഞു, “നീ ആ ഉറവയിൽ നിന്നും കുടിക്കുക, ദേഹം കഴുകുക, അവിടെ കാണുന്ന സസ്യങ്ങൾ ഭക്ഷിക്കുക.” അവിടെ ഇവയൊന്നും കാണാതിരുന്നതിനാൽ അവൾ അടുത്തുള്ള ഗേവു നദിയുടെയടുത്തേക്കുപോയി. ഉടനെ ആ സ്ത്രീ അവളെ വിളിച്ചു സ്ഥലം ചൂണ്ടികാണിച്ചു. ബെർണദീത്ത ആ സ്ഥലത്ത് ഇളക്കിനോക്കി. ഉടൻ അവിടെ നിന്നൊരുറവ പുറപ്പെട്ടു. ആ സ്ത്രീ പറഞ്ഞതുപോലെ അവൾ ചെയ്തു. നാലുദിവസങ്ങൾക്കുശേഷം, ളൂയി ബൂറിയറ്റ് എന്ന അന്ധനായ കല്ലുവെട്ടുകാരൻ ആ ഉറവയിൽ മുഖം കഴുകാനെത്തുകയും, ഉറവയിലെ ജലം കണ്ണിൽ തളിച്ചപ്പോൾ അദ്ദേഹത്തിനു കാഴ്ച ലഭിക്കുകയും ചെയ്തു. 1858 മാർച്ച് 25 -നു മംഗലവാർത്താതിരുന്നാൾ ദിവസം ബെർണദീത്തയ്ക്കു കാണപ്പെട്ടുകൊണ്ടിരുന്ന യുവതി, ‘അമലോത്ഭവ’ എന്നാണു തന്റെ പേരെന്നു വെളിപ്പെടുത്തി. ജൂലൈ 16 -നായിരുന്നു അവസാന ദർശനം. ലോകത്തിൽ പ്രശസ്തമായ മരിയൻ തീർത്ഥാടനകേന്ദ്രങ്ങളിൽ, ഒന്നാം സ്ഥാനം ലൂർദ്ദിനാണ്. ദിവസംതോറും അവിടെ ദിവ്യകാരുണ്യ പ്രദക്ഷിണവും ജപമാല പ്രദക്ഷിണവും നടത്തുന്നുണ്ട്. തിരുന്നാൾ ദിവസങ്ങളിൽ ഇവിടെ അനേകം രോഗശാന്തികൾ നടക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും അധികം അത്ഭുതങ്ങൾ നടക്കുന്നത് ദിവ്യകാരുണ്യപ്രദിക്ഷണ സമയത്താണ്; നിനക്ക് ഏതാണ് ഇഷ്ടം വിശുദ്ധ കുർബാന സ്വീകരിക്കുന്നതോ, ഗ്രോട്ടോയിലെ കന്യാമാതാവിനെ ദർശിക്കുന്നതോ? എന്ന ഒരു കുരുക്ക് ചോദ്യം ഒരാൾ വിശുദ്ധ ബെർണദീത്തയോട്  ചോദിച്ചു. അവൾ പറഞ്ഞു എന്തൊരു അസാധാരണമായ ചോദ്യമാണിത്. അവരെ വേർപെടുത്തുക സാധ്യമല്ല; യേശുവും  മേരിയും എപ്പോഴും ഒന്നിച്ച് നിൽക്കുക തന്നെ ചെയ്യും.

 3. റോസാമിസ്റ്റിക്കാ മാതാവ്

     വടക്കൻ ഇറ്റലിയിലെ വോ എന്ന നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് മോണ്ടിച്ചിയാരി.  റോസാമിസ്റ്റിക്കാ മാതാവ് എന്ന പേരിൽ അറിയപ്പെടുന്ന പരിശുദ്ധ അമ്മ 1947 -ൽ പിയറിന എന്ന നേഴ്സ് ആശുപത്രി ചാപ്പലിൽ പ്രാർത്ഥിച്ചിരിക്കുന്ന വേളയിലാണ് പ്രത്യക്ഷപ്പെട്ടത്. ആദ്യതവണ മാതാവ് പ്രത്യക്ഷപ്പെട്ടപ്പോൾ മൂന്നു വാളുകൾ അവളുടെ ഹൃദയത്തെ തുളയ്ക്കപ്പെട്ടിരുന്ന രീതിയിലാണ് കാണപ്പെട്ടത്. മൂന്ന് വാളുകൾ സൂചിപ്പിക്കുന്നത് സമർപ്പിത പൗരോഹിത്യം ജീവിതത്തിന്റെ അശ്രദ്ധയോടെയുള്ള ബലിയർപ്പണങ്ങളും, വിശുദ്ധ കുർബാനയെ അശ്രദ്ധയോടെ സമീപിക്കുന്നതും, ദൈവവിളി ഉപേക്ഷിച്ചു പോകുന്ന സമർപ്പിതരെ  സൂചിപ്പിക്കുന്നതുമാണ്.  തുടർന്നുള്ള പ്രത്യക്ഷ്യകരണത്തിൽ,  മൂന്ന് റോസപുഷ്പങ്ങളാണ്, ആ വാളുകൾക്ക് പകരം അവിടെ കാണപ്പെട്ടത്. പ്രാശ്ചിത്തം, പരിഹാരം, പ്രാർത്ഥന  എന്നീ  മൂന്ന് കാര്യങ്ങളാണ് മൂന്ന് റോസപുഷ്പങ്ങൾ സൂചിപ്പിക്കുന്നത്. പ്രത്യക്ഷപ്പെട്ടമ്പോൾ പരിശുദ്ധ അമ്മയുടെ മുഖത്തു ദുഃഖ ഭാവം  നിഴലിച്ചിരുന്നു.  കണ്ണീരൊഴുക്കിയാണ് പലപ്പോഴും മാതാവ്  പ്രത്യക്ഷപ്പെട്ടത്.

4. അയർലണ്ടിലെ നോക്ക്

    അയർലണ്ടിലെ ഹിൽ ടോക്കിലെ ഒരു ചെറിയ ഗ്രാമമാണ് നോക്ക്. പ്രൊട്ടസ്റ്റൻറ് അധിനിവേശം  ശക്തമായിരിക്കുന്ന സമയം. 1879 ഓഗസ്റ്റ്  21; മേരി ബയറൻ ഇടവക ദേവാലയം അടയ്ക്കാനായി പോയപ്പോൾ, പുൽത്തകിടിയിൽ മൂന്നു വ്യക്തികളെ കണ്ടു. പരിശുദ്ധ അമ്മ, വിശുദ്ധ യൗസേപ്പിതാവ്,  വിശുദ്ധ യോഹന്നാൻ. വിശുദ്ധ യോഹന്നാൻ ഒരു മെത്രാൻ കുർബാനയ്ക്ക് അണിഞ്ഞൊരുങ്ങി നിൽക്കുന്നത് പോലെയും, പുറകിൽ അൾത്താരയിൽ ഒരു കുഞ്ഞാടും കാണപ്പെട്ടു. അൾത്താരയുടെയും, കുഞ്ഞാടിന്റെയും അടയാളങ്ങൾ കർത്താവിന്റെ  കാൽവരിയിലെ ദിവ്യബലിയെ അനുസ്മരിപ്പിക്കുന്നതും; മാതാവിന്റെ  സാന്നിധ്യം; ദിവ്യ ബലിയിൽ അമ്മയുടെ സാന്നിധ്യത്തെ ഒർമ്മിപ്പിക്കുന്നതും, വിശുദ്ധ യോഹന്നാന്റെ സാന്നിധ്യം, വിശുദ്ധ ബലിയുടെ ശ്ലൈഹീക പാരമ്പര്യത്തെയും, സഭയുടെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നതുമാണ്. 

5. കാതറിൻ  ലെബോ

        വിശുദ്ധ കാതറിൻ ലെബോറയെ നമ്മൾ അനുസ്മരിക്കുന്നത് അത്ഭുത കാശുരൂപത്തിന്റെ പേരിലാണ്. 1806 മെയ് 02 -ന്  പാരിസിൽ ജനിച്ചു. 1830 ജൂലൈ 18 -ന് നോവിസ്സ് ആയിരുന്നപ്പോൾ പരിശുദ്ധ അമ്മയുടെ ആദ്യദർശനം ഉണ്ടായി. അവളെ മഠത്തിന്റെ  ചാപ്പലിലേക്ക് ഒരു ശിശു ആനയിക്കുകയും, ഗുരുത്തിയമ്മയുടെ കസേരയിൽ പരിശുദ്ധ അമ്മയെ കാണുകയും ചെയ്തു. പരിശുദ്ധ അമ്മ ഇടതുകരം  ആൾത്താരയിലേക്ക് ചൂണ്ടി പറഞ്ഞു; ഇതാ ഇവിടെയാണ് നിന്റെ  ഹൃദയം തുറക്കേണ്ടത്; അവിടെ നിന്നും നിനക്ക് ആവശ്യമായ എല്ലാ ആശ്വാസവും  ലഭിക്കും. അവിടെ നിന്നും, പ്രസാദ വരത്തിന്റെ നീർച്ചാലുകൾ സ്വീകരിക്കുക;  കുരിശു അപമാനിക്കപ്പെടും, തെരുവുകളിൽ രക്തമൊഴുകും, സിംഹാസനങ്ങൾ ഇളക്കപ്പെടും; നീ അൾത്താരയുടെ അരുകിലേക്ക് വരിക.

6. ലൊറേറ്റോ മാതാവ്

        പാരമ്പര്യമനുസരിച്ച് ലൊറേറ്റോ എന്നതു  അർത്ഥമാക്കുന്നത് പരിശുദ്ധ ഭവനം എന്നാണ്.  ഈ ഭവനത്തിന്റെ പ്രത്യേകത, പരിശുദ്ധ അമ്മ ജനിച്ചതും, മംഗളവാർത്ത നടന്നതും, യേശുവും യൗസേപ്പിതാവും  ജീവിച്ചതും  ഇവിടെയാണ്. 1294 ഡിസംബർ 19 -ന് ഇറ്റലിയിലെ അംഗോണ പ്രവിശ്യയിലെ ലൊറേറ്റോ  മലയിൽ ഇത് അത്ഭുതകരമായി കൊണ്ട് വയ്ക്കപ്പെട്ടു. അത്ഭുതപരതന്ത്രരായ  ജനങ്ങൾ മെത്രാനെ വിളിക്കുകയും മെത്രാൻ പരിശുദ്ധ അമ്മയോട് പ്രാർത്ഥിക്കുകയും ചെയ്തു. അമ്മ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ്; എന്റെ  മരണശേഷം അപ്പസ്തോലന്മാർ ഈ ഭവനത്തിൽ ബലിയർപ്പിച്ചു എന്നോടുള്ള ബഹുമാനം സൂക്ഷിച്ചു;  ഇതിന്റെ  അൾത്താര വിശുദ്ധ പത്രോസും, കേദാർ മരത്തിന്റെ തടിയിൽ എന്റെ രൂപം വിശുദ്ധ ലൂക്കായും നിർമ്മിച്ചു.

7. ലാസലൈറ്റിലെ പരിശുദ്ധ മാതാവ്

   1846 -ലെ ഫ്രാൻസിന്റെ രാഷ്ട്രീയ, സാമൂഹിക, പ്രശ്നങ്ങൾ സഭയെയും സ്വാധീനിച്ചിരുന്നു. ഞായറാഴ്ച ആചരണവും, കൗദാശിക ജീവിതവും,  ശക്തമാക്കാൻ, പ്രോത്സാഹിപ്പിക്കാൻ പരിശുദ്ധ അമ്മ  1846 സെപ്റ്റംബർ 19 -ന്  ചെറിയ കുളം, എന്നറിയപ്പെടുന്ന സ്ഥലത്ത് തങ്ങളുടെ ഉച്ചഭക്ഷണ ശേഷം, പതിവിന് വിപരീതമായി മെലാനി കാൽവൈറ്റ് എന്ന 15 വയസ്സുകാരിയും, മാക്സിമിൻ എന്ന  11 വയസ്സുകാരനും മയങ്ങി.  അവിടെ മറിയം പ്രത്യക്ഷപ്പെട്ട് ദൈവം നിന്ദയെയും, ദൈവവിചാരക്കുറവിനെയും കുറിച്ചും, ഞായറാഴ്ച ആചരണത്തിന്റെ പ്രാധാന്യത്തെപ്പ്റ്റിയും  സംസാരിച്ചു.

8. ഗരബന്താളിലെ പരിശുദ്ധ കന്യക

   ഏതാണ്ട് 80 ഓളം കുടുംബങ്ങൾ താമസിച്ചിരുന്ന ഗരബന്താളിലെ  ഗ്രാമത്തിലാണ് 1961 -ൽ പരിശുദ്ധ കന്യക പ്രത്യക്ഷപ്പെട്ടത്. ദർശനം ലഭിച്ചത് നാല് കുട്ടികൾക്കായിരുന്നു. 1961 ഒക്ടോബർ പതിനെട്ടാം തീയതി ആ കുട്ടികൾക്ക് ആദ്യത്തെ സന്ദേശം മാതാവിൽനിന്നും  ലഭിക്കുകയുണ്ടായി. നാം അത്യധികം ത്യാഗങ്ങൾ സഹിക്കണം, അതിലേറെ പ്രാശ്ചിത്തം ചെയ്യണം, ദിവ്യകാരുണ്യ നാഥനെ കൂടുതലായി സമീപിക്കണം. പരിശുദ്ധ കുർബാനയ്ക്ക് നൽകുന്ന പ്രാധാന്യം കുറഞ്ഞുവരുന്നു; ശിക്ഷയുടെ പാനപാത്രം കവിഞ്ഞൊഴുകുന്നു; എന്നിങ്ങനെ ആയിരുന്നു പരിശുദ്ധ അമ്മ ഗരബന്താളിലെ കുട്ടികളോട് പറഞ്ഞത്.  തിരുവോസ്തിയുടെ അത്ഭുതങ്ങൾ ആയിരുന്നു മറ്റൊരു പ്രത്യേകത; ദർശന വേളയിൽ എല്ലാം തന്നെ ഒരു മാലാഖ കുട്ടികൾക്ക് ദിവ്യകാരുണ്യ നൽകുമായിരുന്നു; 1969 ജൂലൈ 3  – ന്  അർദ്ധരാത്രിയിൽ കുട്ടികളിലൊരാളായ കൊഞ്ചിത്ത നിറവൃതിയിൽ ആഴ്ന്നു കുർബാന സ്വീകരിക്കാൻ ഒരുങ്ങി. പ്രകാശ പൂർണ്ണമായ ഒരു തിരുവോസ്തി അവളുടെ നാവിൽ കാണപ്പെടുകയും; ക്യാമറ കണ്ണുകൾ അത് പകർത്തുകയും ചെയ്തു. 

9. അക്കിത്തയിലെ കന്യക

        ജപ്പാന്റെ പശ്ചിമഭാഗത്തായി സ്ഥിതി ചെയ്യുന്ന പട്ടണമാണ് അക്കിത്ത. കൂത്ത് സോക്കോ സസാഗവ എന്ന യുവതി 1931 മെയ് 28 -ന്  ജനിച്ചു. 1960-ൽ 33-മത്തെ വയസിൽ ആഗ്നസ് എന്ന പേര് സ്വീകരിച്ചു കത്തോലിക്കാ സഭയിൽ അംഗമായി. തുടർന്ന്, ദൈവസ്നേഹത്താൽ പ്രചോദിതയായി കന്യകാമറിയത്തിന്റെ സഹോദരിമാർ എന്ന സന്യാസ സമൂഹത്തിൽ അംഗമായി. 1973 ജൂൺ 12 -ന്  സിസ്റ്റർ ആഗ്നസ് ആരാധനയ്ക്കായി ദേവാലയത്തിൽ വന്നപ്പോൾ പ്രഭയേറുന്ന പ്രകാശരശ്മികൾ കണ്ടു. ആശ്ചര്യഭരിതയായി, തുടർച്ചയായ ദിവസങ്ങളിൽ അവൾ ഇത് കാണുകയും ദിവ്യകാരുണ്യ  സ്നേഹം ആഴത്തിൽ അനുഭവിക്കുകയും, തുടർന്ന് പഞ്ചക്ഷത ധാരിയായി മാറുകയും ചെയ്തു. ഇതിന്റെ തുടർച്ചയായി പരിശുദ്ധ അമ്മ അവൾക്കു സന്ദേശങ്ങൾ  നൽകാൻ ആരംഭിച്ചു.  മനുഷ്യകുലത്തിന്റെ  പാപപരിഹാരത്തിനായി പ്രാർത്ഥിക്കുവിൻ; തിരുഹൃദയ ഭക്തിയും, തിരു രക്തഭക്തിയും പുലർത്തുക; അവളുടെ കയ്യിലെ പഞ്ചക്ഷതത്തിലെ മുറിവുണങ്ങുകയും, പരിശുദ്ധ അമ്മയുടെ തിരു ശരീരത്തിൽ നിന്ന് രക്തം തുടർച്ചയായി ഒഴുകുകയും ചെയ്തു. ദേവാലയത്തിലെ മരം കൊണ്ടുള്ള പരിശുദ്ധ അമ്മയുടെ രൂപത്തിൽ നിന്നാണിത് കണ്ടത്. ക്രിസ്തുവിനെ ആശ്വസിപ്പിക്കുന്ന ആത്മാക്കളെ ഞാൻ തേടുന്നു;  പ്രാർത്ഥന; പരിത്യാഗം;  സത്യസന്ധമായ ദാരിദ്ര്യം; ത്യാഗസന്നദ്ധമായ പുണ്യ പ്രവർത്തികൾ; എന്നിവ നല്ലവനായ ദൈവത്തെ ആശ്വസിപ്പിക്കും; ദേവാലയങ്ങളും അൾത്താരകളും ശൂന്യമാക്കപ്പെടും, അനേകം വൈദികരെ സാത്താൻ പ്രേലോഭിപ്പിക്കും, സാത്താന്യ പ്രവർത്തികൾ സഭാ ചട്ടക്കൂട്ടിലേക്ക് വ്യാപിക്കും; എന്നിങ്ങനെ ആയിരുന്നു പരിശുദ്ധ അമ്മയുടെ സന്ദേശങ്ങൾ.

10. ബെത്താനിയായിലെ പരിശുദ്ധ കന്യക

        1928 നവംബർ 22 -ന്  മരിയ എസ്പരൻസിയ  ജനിച്ചു. 1978  -ൽ മരിയ പരിശുദ്ധ കന്യകയിൽ നിന്ന് ഒരു മിഷൻ സ്വീകരിച്ചു; അടുത്തുള്ള കുട്ടികളെ ജ്ഞാനസ്നാനം, കുമ്പസാരം,കുർബാനയ്ക്കായി ഒരുക്കുക. ആ നിർദ്ദേശം അവൾ അനുസരിക്കുകയും, പരിശുദ്ധ അമ്മ അതിനായി പ്രത്യേകം ഒരുക്കുകയും ചെയ്തു. 1981  -ലെ ജോൺപോൾ രണ്ടാമൻ മാർപാപ്പാക്കെതിരെയുള്ള വധശ്രമം അവൾ  പ്രവചിച്ചിരുന്നു. അതുപോലെ, 1991 ഡിസംബർ എട്ടാം തീയതി അവളുടെ ഫാം ഹൗസിലെ ദേവാലയത്തിൽ, വിശുദ്ധ ബലിയർപണ മദ്ധ്യേ  തിരുവോസ്തികൾ തിരുശരിരമായി മാറി. പലയവസരങ്ങളിലും   പരിശുദ്ധ അമ്മ അവൾക്കു ദിവ്യകാരുണ്യം നൽകിയിരുന്നു.  2004 ഓഗസ്റ്റ്  ഒമ്പതാം തീയതി അവളുടെ ആത്മാവ് ദൈവത്തിങ്കലേക്ക് യാത്രയായി.  

11. സത്വര സഹായ മാതാവ്

        1815  – ൽ  ന്യൂ -ഓർലിൻസ് യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യം മുന്നേറിയപ്പോൾ ന്യൂ ഓർലിൻസ് പട്ടണത്തിലെ ഉറുസെലിൻ കോൺവെന്റിലേക്കു ജനം ഓടി വന്നു. അവരും സിസ്റ്റേഴ്സും ഒന്നിച്ചിരുന്നു പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടി രാത്രി മുഴുവൻ പ്രാത്ഥിച്ചു കൊണ്ടിരുന്നു. പിറ്റേദിവസം ജനുവരി എട്ടിന് വിശുദ്ധ ബലിയർപ്പണ മദ്ധ്യേ സന്ദേശം ലഭിച്ചു.  യുദ്ധക്കളം മുഴുവനും ഒരു പുകവന്ന് നിറഞ്ഞു ശത്രു സൈന്യം മുഴുവൻ ചിതറിക്കപ്പെടുകയും,  അമേരിക്ക വിജയം നേടുകയും ചെയ്തു. അന്നുമുതൽ,  എല്ലാവർഷവും മാതാവിന്റെ  മാധ്യസ്ഥത്തിൽ അമേരിക്കയുടെ വിജയം ആഘോഷിക്കാറുണ്ട്. 

12. സക്രാരിയുടെ അരികിൽ 

     വൈദികരുടെ മരിയൻ പ്രസ്ഥാനത്തിന്റെ  സ്ഥാപകനായ ഫാ. സ്തേഫാനോ ഗോബിക്കു ആഗസ്റ്റ് 21, 1981 -ൽ പരിശുദ്ധ അമ്മ നൽകിയ സന്ദേശത്തിൽ നാം വായിക്കുന്നു; നിങ്ങളെല്ലാവരും സക്രാരിയുടെ മുൻപിൽ ആയിരിക്കേണ്ട സമയമാണിത്. ദിവ്യസക്രാരിയുടെ സമീപം ചെന്ന്, അവിടുന്നുമായി സുലളിതമായ ഒരു അനുദിന ജീവിത സമ്പർക്ക ശൈലി സ്ഥാപിച്ചെടുക്കുക. ഒരു നല്ല സ്നേഹിതനെ കണ്ടെത്തുകയെന്ന;  സ്വാഭാവികതയോടും, ആ സ്നേഹിതനിൽ  വിശ്വാസം അർപ്പിക്കുക എന്ന ലാളിത്യത്തോടും, ആവശ്യങ്ങളിൽ സഹായം എത്തിക്കുന്ന വിശ്വസ്തമിത്രത്തെ പ്രാപിക്കുന്ന വിനയത്തോടും യേശുവിനെ വീക്ഷിക്കുക. യേശുവിനെ നിങ്ങളുടെ ഏറ്റവും പ്രിയങ്കരനായ സ്നേഹിതൻ ആക്കുക. ആത്മീയ ജീവിതത്തിൽ അടിത്തറയിടാൻ പരിശുദ്ധ ‘അമ്മ നൽകിയ സന്ദേശമാണിത്. നിരന്തരം യേശുവുമായി സമ്പർക്കത്തിൽ ആയിരിക്കുക. വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ, ‘സഭയും വിശുദ്ധ കുർബാനയും’ എന്ന ചാക്രിക  ലേഖനത്തിൽ ഇതുതന്നെ വ്യക്തമാക്കുന്നുണ്ട്; നമ്മുടെ കാലഘട്ടത്തിൽ പ്രാർത്ഥിക്കുന്ന വ്യക്തിയായി മാറണമെങ്കിൽ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിൽ  സന്നിഹിതനായിരിക്കുന്ന ക്രിസ്തുവിനോട് ഹൃദ്യമായ സ്നേഹത്തോടെയുള്ള ആത്മീയഭാഷണത്തിലും, നിശബ്ദമായ ആരാധനയിലും സമയം ചെലവഴിക്കണം. വത്സല സഹോദരി സഹോദരന്മാരെ, എത്രയോ തവണ ഞാൻ ഇത് അനുഭവിക്കുകയും, ഇതിൽനിന്ന് ശക്തിയും, ആശ്വാസവും പിന്തുണയും നേടുകയും ചെയ്തിട്ടുണ്ട്. അമ്മ ആവശ്യപ്പെടുന്നതും, ദിവ്യകാരുണ്യ ഈശോയോട് ഇപ്പോഴും സ്നേഹഭാഷണത്തിൽ ആകാനാണ്. പരിശുദ്ധ അമ്മയുടെ പ്രത്യക്ഷകരണത്തിൽ എല്ലാം പങ്കുവെച്ച വേദന ദിവ്യകാരുണ്യത്തിന്റെ സാന്നിധ്യത്തിൻ  മുമ്പിൽ അനുഭവപ്പെടുന്ന ഏകാന്തതയും, നിശബ്ദതയും  എന്റെ  മാതൃ ഹൃദയത്തെ ഒത്തിരി വ്രണിതമാക്കുന്നു എന്നതാണ്.

Share this :

Leave a comment

Your email address will not be published. Required fields are marked *