ദിവ്യബലിക്കു മുമ്പുള്ള പ്രാർത്ഥന
സർവശക്തനും നിത്യനുമായ ദൈവമേ, അങ്ങയുടെ ഏകജാതനായ ഞങ്ങളുടെ കർത്താവീശോമിശിഹായുടെ ദിവ്യകൂദാശയെ, ഞാൻ സമീപിക്കുന്നു. ആതുരനായ ഞാൻ, ജീവന്റെ വൈദ്യനെ; അശുദ്ധനായ ഞാൻ, കരുണയുടെ ഉറവയെ; അന്ധനായ ഞാൻ, നിത്യ വെളിച്ചത്തിന്റെ പ്രകാശധോരണിയെ; ദരിദ്രനായ ആലംബഹീനനായ ഞാൻ, സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും നാഥനെ സമീപിക്കുന്നു. നാഥാ, അങ്ങയുടെ മഹത്വമേറിയ ഔദാര്യത്താൽ എന്റെ രോഗത്തെ സുഖപ്പെടുത്തുകയും മാലിന്യങ്ങളെ കഴുകിക്കളയുകയും അന്ധതയെ പ്രകാശമാക്കുകയും ദാരിദ്ര്യത്തെ സമ്പന്നതയാക്കുകയും നഗ്നതയെ മറയ്ക്കുകയും ചെയ്യണമേ. എളിമ, വണക്കങ്ങളോടും, ശുദ്ധതയോടും, വിശ്വാസത്തോടും പശ്ചാത്താപത്തോടും, സ്നേഹത്തോടും എന്നെ രക്ഷയിലേക്കു നയിക്കുന്നതിന് സഹായകമായ ദൃഢലക്ഷ്യത്തോടും കൂടെ മാലാഖമാരുടെ ഭോജനവും, രാജാക്കന്മാരുടെ രാജാവും, പ്രഭുക്കന്മാരുടെ പ്രഭുവുമായ അങ്ങയെഞാൻ ഉൾക്കൊള്ളട്ടെ. കർത്താവിന്റെ ശരീരരക്തങ്ങളുടെ കൂദാശയും അതിന്റെ യാഥാർത്ഥ്യവും ഓജസ്സും ഞാൻ സ്വീകരിക്കട്ടെ. ദയാപരനായ ദൈവമേ, പരിശുദ്ധ കന്യകാമറിയത്തിന്റെ ഉദരത്തിൽ നിന്നു ജാതനായ അങ്ങയുടെ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ തിരുഗാത്രം ഞാൻ ഉൾക്കൊള്ളുന്നതുവഴി അവിടുത്തെ മൗതീകശരീരത്തിൽ എണ്ണപ്പെടുകയും ചെയ്യുമാറാകട്ടെ. സ്നേഹനിധിയായ പിതാവേ! ഈ ലോകതീർത്ഥയാത്രയിൽ കൂദാശയുടെ മറവിൽ അങ്ങുടെ പ്രിയപുത്രനെ സ്വീകരിക്കുന്നതു വഴി സ്വർഗ്ഗഭാഗ്യത്തിൽ അങ്ങയോടുകൂടെ നിത്യം ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങയുടെ തിരുസുതനെ അഭിമുഖമായി കണ്ടാനന്ദിക്കുന്നതിന് ഒരു ദിവസം ഇടയാക്കണമേ.
ആമ്മേൻ