അപ്പസ്തോലന്മാരുടെ കാലഘട്ടത്തിൽ എങ്ങനെയായിരുന്നു ബലിയർപ്പിച്ചിരുന്നത്?
അപ്പം മുറിക്കൽ ശുശ്രൂഷയെ കുറിച്ച് അപ്പോസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽ ഒരുപാട് പരാമർശങ്ങൾ ഉണ്ട്. അപ്പം മുറിക്കൽ ശുശ്രൂഷ എപ്രകാരമായിരിക്കണം എന്ന് യേശുക്രിസ്തുവിന്റെ പെസഹാ ആചരണത്തെ ഉദ്ധരിച്ചുകൊണ്ട് പൗലോസ് ശ്ലീഹാ കൊറിന്തോസുകാർക്ക് എഴുതിയ ലേഖനത്തിൽ ആദിമ ക്രൈസ്തവ സമൂഹത്തെ ഓർമ്മപ്പെടുത്തുന്നുണ്ട്. യഹൂദരുടെ പാരമ്പര്യം അനുസരിച്ച് പെസഹായ്ക്കും മറ്റ് തിരുനാളുകളിലും അപ്പം മുറിക്കുന്നതിനോട് അനുബന്ധിച്ച് പ്രാർത്ഥനകളും വിശുദ്ധ ഗ്രന്ഥ പാരായണങ്ങളും ഉണ്ടായിരുന്നു. അപ്പോസ്തോലന്മാരുടെ കാലം തൊട്ടുള്ള ആദിമ ക്രൈസ്തവ സമൂഹത്തിൽ അപ്പം മുറിക്കൽ ഒരു പ്രധാന ശുശ്രൂഷയായി നിലനിന്നിരുന്നു, അത് വിശുദ്ധ കുർബാനയുടെ ഒരു ആദ്യകാല രൂപമാണ്. ആദിമ ക്രൈസ്തവരിൽ മഹാഭൂരിപക്ഷവും യഹൂദർ ആയിരുന്നതിനാൽ അവരുടെ ബലിയർപ്പണങ്ങളിലും യഹൂദ സ്വാധീനം കാണാൻ കഴിയും. ക്രിസ്തുവിനെക്കുറിച്ചുള്ള അപ്പോസ്തോലന്മാരുടെ പ്രബോധനങ്ങളും, കൂട്ടായ്മയിൽ ഉള്ള പ്രാർത്ഥനയും, അപ്പം മുറിക്കലും ആദിമ ക്രൈസ്തവ സമൂഹത്തിന്റെ പ്രധാന സവിശേഷതയായി നിലനിന്നിരുന്നു. ബലിയർപ്പണത്തിനു നിയതമായ ഒരു രൂപം കൈവന്നിരുന്നില്ല.