പരി. കുർബാന ആരുടെയും സ്വകാര്യ സമ്പത്തല്ല
“സഭ വി. കുർബാനയിൽനിന്ന്” എന്ന ചാക്രികലേഖനത്തിന്‍റെ മൂന്നാമദ്ധ്യായം പരി. കുർബാനയുടെ ‘ശ്ലൈഹിക’ ഭാവത്തെക്കുറിച്ചാണ്. സഭ ശ്ലൈഹികമാണെന്നു പറയുന്നതുപോലെ പരി. കുർബാനയും ശ്ലൈഹികമാണെന്ന് പറയാമെന്നാണ് അദ്ദേഹം പഠിപ്പിക്കുന്നത്. ശ്ലീഹന്മാരുടെ അടിസ്ഥാനത്തിൽ പണിയപ്പെടുകയും ശ്ലൈഹിക പിൻഗാമികളുടെ ശുശ്രൂഷയിൽ വളർന്നുപന്തലിക്കുകയും ചെയ്യുന്ന സഭ ശ്ലൈഹികമാണെന്ന ബോധ്യം സഭയുടെ വിശ്വാസപ്രമാണത്തിന്‍റെ ഭാഗമാണ്. പരിശുദ്ധകുർബാനയിൽ പങ്കെടുക്കുന്നതിനായി ശ്ലീഹന്മാരുടെ പ്രബോധനങ്ങളാണ് നമുക്കു കൈമുതൽ. ശ്ലൈഹികശുശ്രൂഷയിൽ പങ്കുവഹിക്കുന്നവരുടെ നേതൃത്വത്തിലേ പരി. കുർബാന പരികർമ്മം ചെയ്യാനാവൂ. പരി. കുർബാനയെ സംബന്ധിച്ചുള്ള ശരിയായ ബോധനം നൽകാനുള്ള ചുമതല ശ്ലൈഹിക പിൻഗാമികളുടേതാണ്. ഇങ്ങനെയെല്ലാം നോക്കുമ്പോൾ പരി. കുർബാനയുടെ ശ്ലൈഹികശുശ്രൂഷ അദ്ദേഹവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നു കാണാം. പൗരോഹിത്യശുശ്രൂഷ എത്രമാത്രം അനുപേക്ഷണീയമാണെന്നാണ് പരി. പിതാവു ചൂണ്ടിക്കാട്ടുന്നത്. പരി. കുർബാനയുടെ സാധുവായ പരികർമ്മത്തിനു ശ്ലൈഹികശുശ്രൂഷ കൂടിയേ തീരൂ. പെസഹാവ്യാഴാഴ്ചതോറും വൈദികർക്ക് അയച്ചുകൊടുക്കുന്ന കത്തിൽ പൗരോഹിത്യവും പരി. കുർബാനയുമായുള്ള ബന്ധത്തിൻ്റെ പലവശങ്ങളും അദ്ദേഹം പ്രതിപാദിക്കുകയുണ്ടായി. ഈ ദിവ്യരഹസ്യം മിശിഹാ സഭയെയാണ് ഏൽപ്പിച്ചിട്ടുള്ളത്. സഭയ്ക്കുമാത്രമേ അതിന്‍റെ ക്രമവത്കരണങ്ങൾ നിശ്ചയിക്കാനാവൂ എന്നായിരുന്നു പരി. പിതാവിന്‍റെ ബോധ്യം. പരി. കുർബാന ആരുടെയും സ്വകാര്യ സമ്പത്തല്ല എന്ന് അദ്ദേഹം പല പ്രാവശ്യം പ്രസ്താവിച്ചിട്ടുണ്ട് എന്നോർമ്മിക്കുന്നത് നല്ലതാണ്. ഒരു പ്രാദേശിക സമൂഹത്തിന് ശ്ലൈഹികമായ സഭയോടു ബന്ധപ്പെടാതെ പരി. കുർബാന അർപ്പിക്കാനാവില്ല. പരി. കുർബാനയുടെ സാന്നിദ്ധ്യത്തിന് മെത്രാനോടും മാർപാപ്പയോടുമുള്ള ഗാഢമായ കൂട്ടായ്മയുണ്ടായിരിക്കണം. മെത്രാനാണ് പ്രാദേശിക സഭയിലെ കൂട്ടായ്മയുടെ അടിത്തറ. മെത്രാനോട് കൂട്ടായ്മയില്ലാതെ പരി. കുർബാന പരികർമ്മം ചെയ്യുക വൈരുദ്ധ്യമായിരിക്കും, വ്യർത്ഥമായ അഭ്യാസമായിരിക്കും. അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസിൻ്റെ സുപ്രസിദ്ധമായ വാക്കുകൾ ഇവിടെ പരി. പിതാവു ഉദ്ധരിക്കുന്നുണ്ട്: “മെത്രാനോടൊപ്പമോ, മെത്രാൻ അധികാരപ്പെടുത്തുന്നവരോടൊപ്പമോ അർപ്പിക്കപ്പെടുന്ന പരി. കുർബാനയാണ് വാസ്തവം” (EE, 39). മാർപാപ്പയോടുള്ള ബന്ധവും ഇതുപോലെതന്നെ സുപ്രധാനമാണ്. മെത്രാനെയും, മാർപാപ്പയെയും പരി. കുർബാനയിൽ അനുസ്മരിക്കുന്നതിൻ്റെയും അവരുമായി യോജിപ്പിൽ ബലിയർപ്പിക്കുന്നതിൻ്റെയും ആവശ്യം പലരും മറന്നുപോകുന്നതായി കാണുന്നതുകൊണ്ട് പരി. പിതാവിൻ്റെ വിശദീകരണം തികച്ചും പ്രസക്തമാണ്.