വിശുദ്ധബലിയർപ്പണവും, പരിശുദ്ധ അമ്മയും; വിശുദ്ധരും
ഒത്തിരി തീവ്രതയോടെ ബലിയർപ്പിച്ചിരുന്ന വിശുദ്ധ പാദ്രെ പിയോ ജപമാല ചൊല്ലിയാണ് ഒരുങ്ങിയിരുന്നതെന്ന് സാക്ഷ്യപ്പെടുത്താറുണ്ട്. പരിശുദ്ധ കന്യാമറിയത്തിന്റെ ജപമാല എന്ന അപ്പസ്തോലിക ലേഖനത്തിൽ ‘പ്രകാശത്തിന്റെ രഹസ്യങ്ങൾ’ പരിചയപ്പെടുത്തുമ്പോൾ അവസാന രഹസ്യമായി വിശുദ്ധ കുർബാന സ്ഥാപനം ചേർത്തുകൊണ്ട് ജോൺപോൾ രണ്ടാമൻ മാർപാപ്പ പറഞ്ഞു, ‘മറിയത്തിന് ഈ പരിശുദ്ധ കൂദാശയിലേക്ക് നമ്മെ നയിക്കാനാവും, കാരണം അവൾക്കിതുമായി ആഴമായി ബന്ധമുണ്ട്.’ വളരെ കൗതുകകരമായ ഒരു വിവരണം വിശുദ്ധ കൊച്ചുത്രേസിയാ തരുന്നുണ്ട്. തലമുടിയും, വസ്ത്രങ്ങളും എല്ലാം അലങ്കോലപ്പെട്ട മൂന്ന് നാല് വയസ്സുള്ള ഒരു പെൺകുട്ടിയാണ് എന്റെ ആത്മാവ്; അൾത്താരയിൽ യേശുവിന്റെ സമീപത്ത് ചെല്ലുവാൻ ഞാൻ ലജ്ജിച്ചു നിൽക്കുമ്പോൾ, പരിശുദ്ധ അമ്മ എന്റെ അവശ്യസ്ഥിതി കണ്ട്, അടുത്ത് വന്ന്, പഴയ വസ്ത്രങ്ങൾ മാറ്റി, വേറൊന്ന് ധരിപ്പിച്ച്, മുടി ചീകി ഒരുക്കി, ഒരു ചെറിയ പൂവും ചൂടി, ആകർഷകമാംവിധം എന്നെ ഒരുക്കുന്നു. അപ്പോൾ യാതൊരു മടിയും കൂടാതെ, മാലാഖമാരുടെ അരികിൽ എനിക്ക് ഇടം പിടിക്കാൻ കഴിയുന്നു. വിശുദ്ധരുടെ അനുഭവങ്ങളും വിവരണങ്ങളും എല്ലാം പരിശുദ്ധ അമ്മയോടൊപ്പം ബലിയർപ്പണത്തിലേക്ക് വരുവാൻ നമ്മളെ സഹായിക്കുന്നതാണ്. വിശുദ്ധ കുർബാനയിൽ പങ്കുകൊള്ളുന്നതിനുള്ള ഏറ്റവും നല്ല തയ്യാറെടുപ്പ് എന്നത് മേരിയോടൊപ്പം നടത്തുക എന്നാണ് വിശുദ്ധ മാക്സ്മില്യൻ കോൾബെ പറയുന്നത്. ഏതു ആയാലും അത് പാശ്ചാത്യമാണെങ്കിലും പൗരസ്ത്യമാണെങ്കിലും ബലിയർപ്പണത്തിൽ പരിശുദ്ധ അമ്മയെ അനുസ്മരിക്കുന്നു. ഒരിക്കൽ വിശുദ്ധ ബെർണ്ണഡിറ്റയോട് ഒരാൾ ചോദിച്ചു നിനക്കു ഏതാണിഷ്ടം വിശുദ്ധ കുർബാന സ്വീകരിക്കുന്നതോ ഗ്രോട്ടോയിലെ കന്യാമാതാവിനെ സന്ദർശിക്കുന്നതോ? അവൾ പറഞ്ഞു; എന്തൊരു അസാധാരണമായ ചോദ്യമാണ്, അവരെ വേർപ്പെടുത്തുക അസാധ്യമാണ്, യേശുവും മേരിയും എപ്പോഴും ഒന്നിച്ചു നിൽക്കുക തന്നെ ചെയ്യും. പരിശുദ്ധ അമ്മ സന്നിഹിത ആകാതെയുള്ള ബലിയർപ്പണങ്ങൾ സാധ്യമല്ല. ഈശോ ബലിയർപ്പിച്ചപ്പോൾ എല്ലാം അവളുണ്ട്; കുരിശിന്റെ ചുവട്ടിലും, കുരിശിന്റെ വഴിയിലും, കൊല്ലാൻ തിരയുമ്പോഴും അവൾ ഉണ്ട്. തിരുവചനത്തിൽ ഈശോയിൽ അശുദ്ധാത്മാവ് ഉണ്ട്, പിശാചുക്കളുടെ തലവനെ കൊണ്ടാണ് അവൻ പിശാചുക്കളെ പുറത്താക്കുന്നത് എന്നെല്ലാം ആക്ഷേപിക്കുമ്പോൾ നാം വായിക്കുന്നു ‘അവന്റെ അമ്മയും സഹോദരന്മാരും പുറത്തുനിൽക്കുന്നു’വെന്ന്. അവന്റെ ചങ്ക് പിടഞ്ഞപ്പോൾ, കാലുപതറിയപ്പോൾ, കണ്ണുകൾ ഈറനണിഞ്ഞപ്പോൾ അവന്റെ അമ്മ അവിടെ നിന്നിരുന്നു. ക്രൂശീതനോട് ചേർന്ന് നിന്നാണ് അമ്മ ബലിയർപ്പിച്ചത്. അതുകൊണ്ടാണ്, ഇന്നും ദിവ്യകാരുണ്യം അവഹേളിക്കപ്പെടുമ്പോൾ, ക്രിസ്തു അപമാനിക്കപ്പെടുമ്പോൾ, പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെടുന്നത്. വിശുദ്ധ അൽഫോൻസ് ലിഗോരി പുണ്യവാളൻ ദിവ്യകാരുണ്യ സന്ദർശന പ്രാർത്ഥന രചിച്ചപ്പോൾ കൂടെ പരിശുദ്ധ അമ്മയെ സന്ദർശിക്കുന്നതിന്റെയും പ്രാർത്ഥന ചേർത്തുവച്ചുകൊണ്ട് പറഞ്ഞു; ജ്ഞാനികൾ ഈശോയെ സന്ദർശിച്ചപ്പോൾ അവർ ഭവനത്തിൽ പ്രവേശിച്ചു; ശിശുവിനെ അമ്മയായ മറിയത്തോട് കൂടി ആരാധിച്ചു എന്നാണ് തിരുവചനം. തിരുവചനം പറഞ്ഞതുപോലെ, യേശുവും മേരിയും എപ്പോഴും ഒന്നിച്ചു നിൽക്കും.