പരിശുദ്ധ അമ്മയുടെ സാന്നിധ്യത്തിൽ ഭവനങ്ങൾ ആരാധനയുടെ സ്ഥലങ്ങൾ ആകും

അവിശ്വാസത്തിന്റെ ശബ്ദം മുഴങ്ങിയ സഖറിയായുടെ ഭവനം, ദൈവാരാധനയുടെ ഭവനമായി മാറുകയാണ്. സ്തോത്ര ഗീതങ്ങളും ദൈവസ്തുതികളും ഉയരുകയാണ്. ഒത്തിരിയേറെ ബലിയർപ്പണങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടും, സഹകാരി ആയിട്ടും, ഹൃദയത്തിൽ ആരാധന നിറയാത്ത സഖറിയാ പുരോഹിതന്റെ ഭവനം. ആഹ്ലാദത്തിന്റെ പങ്കുവെക്കൽ ശബ്ദങ്ങൾ കേൾക്കേണ്ട വീടാണ്; ശോകമൂകതയുടെയും, കുറ്റപ്പെടുത്തലുകളുടെയും സങ്കേതം ആയി മാറുന്നത്. ഈ ഭവനമാണ്, പരിശുദ്ധ അമ്മയുടെ സാന്നിധ്യത്തിൽ ദൈവകൃപയുടെ ഇടമായി മാറിയത്. ഇന്നും നമ്മുടെയൊക്കെ ജീവിതത്തിന്റെ തുടർതാളമെന്നതുപോലെ ഈ അനുഭവം രൂപപ്പെടുന്നു; മെക്സിക്കോയിലെ ഗാദിലൂപ്പ എന്ന സ്ഥലത്ത് 1531 -ൽ ജ്യൂവാൻ ടിയാഗോ എന്ന വ്യക്തിക്ക് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടപ്പോൾ ദുരാചാരങ്ങളുടെയും, അന്ധവിശ്വാസങ്ങളുടെയും സ്ഥലമായിരുന്ന ഗ്വാദിലൂപ്പ ദൈവാരാധനയുടെ സ്ഥലമായി മാറുകയാണ്.






















































































































































































































































































































































