ദൈവദൂതൻ മാർപാപ്പയുടെ ബലിയർപ്പണത്തിൽ കാർമികനെ നിർദ്ദേശിച്ചു

റോമിനടുത്തുള്ള ഫോർമെല്ലോ എന്ന സ്ഥലത്ത് സ്വമേധയാ സ്ഥാനമൊഴിഞ്ഞ് അതീവ ഭക്തി തീഷ്ണതയോടെ പരിശുദ്ധ കുർബാന അർപ്പിക്കുന്ന ഒരു മെത്രാൻ ഉണ്ടായിരുന്നു. എങ്കിലും ചില ദുഷ്ടബുദ്ധികൾ അദ്ദേഹം വിശുദ്ധപാത്രങ്ങൾ തീൻമേശയിൽ ഉപയോഗിച്ചു എന്നൊരു വ്യാജ ആരോപണം മാർപാപ്പയെ അറിയിക്കുകയും അത് വിശ്വസിച്ച മാർപാപ്പ മെത്രാനെ റോമിലേക്ക് വരുത്തി ജയിലിൽ അടയ്ക്കുകയും ചെയ്തു. അപ്രകാരം മെത്രാനെ തടങ്കലിൽ ഇട്ടതിന്റെ മൂന്നാം നാൾ, ഞായറാഴ്ച ദിവസം രാവിലെ ഒരു ദൈവദൂതൻ പ്രത്യക്ഷപ്പെട്ട് മാർപാപ്പയോട് പറഞ്ഞു, ഇന്ന് നീയോ വേറെ ഏതെങ്കിലും പുരോഹിത പ്രമുഖരോ ദിവ്യബലി അർപ്പിക്കരുത്. മെത്രാൻ മാത്രം ദിവ്യബലി അർപ്പിക്കണം. ഉറക്കമുണർന്ന മാർപ്പാപ്പ ചിന്തിച്ചു ദൈവം നിന്ദ നടത്തിയ മെത്രാനെക്കൊണ്ട് ബലിയർപ്പിക്കാൻ ഞാൻ അനുവദിക്കാൻ പാടുണ്ടോ? വീണ്ടും ദൈവദൂതൻ അദ്ദേഹത്തോട് പറഞ്ഞു; മെത്രാൻ അല്ലാതെ വേറെ ആരും ബലിയർപ്പിക്കാൻ പാടില്ല; ഈ ആജ്ഞ അനുസരിച്ച മാർപാപ്പ മെത്രാനെ വിളിച്ചുവരുത്തുകയും, അദ്ദേഹത്തിൻ്റെ ജീവിതചര്യകൾ ചോദിച്ചറിയുകയും, ആരോപിക്കപ്പെട്ട കുറ്റങ്ങളെ കുറിച്ച് പറയാൻ അവസരം കൊടുക്കുകയും ചെയ്തു. മെത്രാൻ രണ്ടു വാക്യങ്ങൾ മറുപടിയായി പറഞ്ഞു; ഞാൻ ഒരു പാപിയാണ്. ബലിപീഠ ഉപയോഗത്തിനായി മാറ്റി വച്ചിരിക്കുന്ന പാത്രം താങ്കളുടെ തീൻമേശയിൽ ഉപയോഗിച്ചോ? അദ്ദേഹം മറുപടി പറഞ്ഞു: ഞാൻ ഒരു പാപിയാണ്. മറ്റൊരു മറുപടിയും ലഭിക്കാത്തതിനാൽ മാർപാപ്പ ഉത്തരവിട്ടു. ഇന്ന് താങ്കൾ ഞങ്ങളുടെ സാന്നിധ്യത്തിൽ പരിശുദ്ധ കുർബാന അർപ്പിക്കുക. ബലി മദ്ധ്യേ പരിശുദ്ധാത്മാവ് സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വരുന്നതും, കാർമികന്റെയും ശുശ്രൂഷികളുടെയും ചുറ്റിലും ഒരു പ്രകാശ വലയം നിറയുന്നതും അവർ കണ്ടു. മെത്രാൻ്റെ നിരപരാധിത്വവും, വിശുദ്ധിയും ബോധ്യപ്പെട്ട മാർപാപ്പ അദ്ദേഹത്തെ ജയിലിൽ അടച്ചതിന് മാപ്പ് ചോദിക്കുകയും മോചിപ്പിക്കുകയും ചെയ്തു.























































































































































































































































































































































