വിശുദ്ധ കുർബാന അർപ്പണവും, അനുഷ്‍ഠാനവും
വിശുദ്ധ ബലിയർപ്പണം സഭയുടെ കേന്ദ്രമാണ്; സഭ ശക്തി സ്വീകരിക്കുന്നതും, വളരുന്നതും ദിവ്യകാരുണ്യത്തിൽ നിന്നാണ്. വിശുദ്ധ കുർബാനയിൽ കേന്ദ്രീകൃതമായ ഒരു സമൂഹമാണ് സഭ. സഭാ ജീവിതത്തിലും, സഭയുടെ ആത്മീയ ജീവിതത്തിലും, ഏറ്റവും പ്രധാനപ്പെട്ടതായി ദിവ്യബലിയർപ്പണം കാലാകാലങ്ങളായി നിലകൊള്ളുകയാണ്. വിസ്മൃതിയിലാണ്ട നാളും, പ്രാധാന്യത്തോടെ കരുതിയിരുന്ന സമയങ്ങളും, പാഷണ്ഡതകളും, ശീശ്മകളും അങ്ങനെ, പലവിധ കാര്യങ്ങൾ ബലിയർപ്പണത്തിന്റെയും, ദിവ്യകാരുണ്യ ആധ്യാത്മികതയുടെയും, വളർച്ചയെ സ്വാധീനിക്കുകയും, രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ദൈവശാസ്ത്രജ്ഞരും, ആത്മീയ ഗുരുക്കന്മാരും, അതിന്റെ പവിത്രത സൂക്ഷിക്കുന്നതിലും, ദൈവശാസ്ത്ര ക്രമീകരണത്തിലും, ഒത്തിരിയേറെ സംഭാവനകൾ നൽകിയവരാണ്. വിശുദ്ധ ഗ്രന്ഥവും, സഭാ പഠനവും, പാരമ്പര്യങ്ങളും, ബലിയർപ്പണത്തിന്റെ അനന്യത അടിവര ഇടുന്നതാണ്. വിശുദ്ധരുടെ ആത്മീയ ജീവിതത്തെ പരിപോഷിപ്പിച്ച, സഭയുടെ പൈതൃകത്തെ സംരക്ഷിക്കുന്ന, സഭാംഗങ്ങളുടെ കെട്ടുറപ്പിന് അടിത്തറയിടുന്ന ഈ ആത്മീയ സമ്പത്ത് മഹാ രഹസ്യവും, വെളിപാടിന്റെ പൂർണ്ണതയുമാണ്. ബലിയർപ്പണങ്ങളില്ലാതെ കൂദാശകൾ ഇല്ല, സഭയില്ല, ക്രിസ്തവരില്ല. ക്രിസ്തീയ രഹസ്യം ജീവിക്കുന്നതും, വ്യാപിപ്പിക്കുന്നതും, നവീകരിക്കുന്നതും ബലിവേദിയിലാണ്. ക്രിസ്തീയ ആരാധനകളും, വണക്കങ്ങളും, ദിവ്യകാരുണ്യ പ്രദക്ഷിണങ്ങളുമെല്ലാം ക്രൈസ്തവ ജീവിതത്തിന്റെ ആത്മീയസമ്പത്താണ്. ദിവ്യകാരുണ്യം; എല്ലാ സമയത്തും, ജീവിക്കേണ്ടതും, പ്രഘോഷിക്കേണ്ടതും ആരാധിക്കപ്പെടേണ്ടതുമാണ്. വിശുദ്ധ ബലിയർപ്പണത്തിന്റെ മഹത്വം; കർമ്മാനുഷ്ഠാനങ്ങളിലേക്ക് ചുരുങ്ങാനും, കർമ്മാനുഷ്ഠാനങ്ങൾ അടിസ്ഥാനമിടാതെ, ആഘോഷങ്ങൾക്ക് പ്രാധാന്യം കൊടുക്കാനും, ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ ദിവ്യകാരുണ്യമെന്ന മഹാ യാഥാർത്ഥ്യത്തെ പഠിക്കാനും, സ്നേഹിക്കാനും, ആഘോഷിക്കാനും സഹായിക്കുന്ന ലേഖനങ്ങളും, അനുഭവങ്ങളും, പഠനങ്ങളും എല്ലാവരിലേക്കും എത്തിക്കുകയെന്നതാണ് ഈ ഒരു സംരംഭത്തിന്റെ ലക്ഷ്യം.
ഫാ. റോബിൻ എം. സി. ബി. എസ്