December 22, 2024
#Book Reviews #Literature

വിശുദ്ധ കുർബാനയും സഭയും

ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ചാക്രിക ലേഖനമാണ് വിശുദ്ധ കുർബാനയും സഭയും

വിശുദ്ധ കുർബാനയെക്കുറിച്ച് മനോഹരമായി രചിക്കപ്പെട്ട ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ചാക്രിക ലേഖനമാണ് വിശുദ്ധ കുർബാനയും സഭയും. 2003 ഏപ്രിൽ 17 -ന് പെസഹാ വ്യാഴാഴ്ചയാണ് ഇത് രചിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ ലേഖനത്തിൽ വിശുദ്ധ കുർബാനയുടെ ശക്തിയെ സഭയ്ക്ക് പരിചയപ്പെടുത്താനുള്ള ശക്തമായ, നിരന്തരമായ ഒരു അഭിനിവേശമാണ് ഇതിന്റെ രചനയുടെ പിന്നിൽ എന്ന് വ്യക്തമാക്കുന്നുണ്ട്. ചരിത്രത്തിലൂടെയുള്ള സഭയുടെ പ്രയാണത്തിൽ അവൾക്ക് ലഭിച്ചിരിക്കുന്ന ഏറ്റവും വിലയേറിയ സ്വത്താണ്, വിശ്വാസികളുടെ സമൂഹത്തിലെ ക്രിസ്തുവിന്റെ സാന്നിധ്യവും, ആത്മീയ ഭക്ഷണവുമായ വിശുദ്ധ കുർബാന. ഈയൊരു അനുഭവം സ്വായത്തമാക്കിയ പരിശുദ്ധ പിതാവ് അത് തിരുസഭക്ക് മുഴുവനായി തന്റെ ചാക്രിക ലേഖനത്തിലൂടെ നൽകുകയാണ്. ഇത് ആത്മീയവും, ദൈവശാസ്ത്രപരവും, വ്യക്തിപരവും, ധ്യാനാത്മകവും, പ്രചോദനാത്മകവുമാണ്.

ആറ് അധ്യായങ്ങളിലൂടെയാണ്, വിശുദ്ധ കുർബാന സഭയുമായി ബന്ധപ്പെടുത്തി അദ്ദേഹം അവതരിപ്പിക്കുന്നത്. വിശ്വാസത്തിന്റെ രഹസ്യമാണ് വിശുദ്ധ കുർബാന എന്ന് പരിചയപ്പെടുത്തി, പരിശുദ്ധ അമ്മ, വിശുദ്ധ കുർബാനയുടെ വിശ്വാസം ജീവിച്ചവളാണ് എന്ന് ധ്യാനിച്ച് അവസാനിപ്പിക്കുന്ന ഗ്രന്ഥരചന ഒരു ചാക്രികലേഖനമെന്നതിലുപരിയായി പിതാവിന്റെ വിശുദ്ധ ബലിയർപ്പണത്തെക്കുറിച്ചുള്ള ധ്യാനവും, അനുഭവവും വ്യക്തിപരമായി പങ്കുവയ്ക്കുന്നതാണ്. അദ്ദേഹത്തിന്റ സെഹിയോൻ ഊട്ടുശാലയിൽ ബലിയർപ്പിച്ചപ്പോൾ അനുഭവിച്ച ആനന്ദത്തിന്റെ അവതരണം വിരൽ ചൂണ്ടുന്നത് വിശുദ്ധ ബലിയർപ്പണവുമായി അദ്ദേഹത്തിനുള്ള ആത്മ ബന്ധം ആണ്. വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ ഓർമിപ്പിക്കുന്നുണ്ട്; നമ്മുടെ കാലഘട്ടത്തിൽ സമർപ്പിതർ എല്ലാറ്റിനും ഉപരിയായി പ്രാർത്ഥന ജീവിതത്തിലൂടെ വ്യതിരക്തരാക്കപ്പെടണമെങ്കിൽ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിൽ സന്നിഹിതനായിരിക്കുന്ന ക്രിസ്തുവിനോട് ഹൃദ്യമായ സ്നേഹത്തോടെയുള്ള ആത്മീയഭാഷണത്തിലും, നിശബ്ദമായ ആരാധനയിലും സമയം ചെലവഴിക്കണം. വത്സര സഹോദരീസഹോദരന്മാരെ, ഞാൻ എത്രയോ തവണ ഇത് അനുഭവിക്കുകയും ഇതിൽനിന്ന് ശക്തിയും ആശ്വാസവും പിന്തുണയും നേടുകയും ചെയ്തിട്ടുണ്ട്. ഇതെല്ലം പിതാവിന്റെ വ്യക്തിപരമായ അനുഭവങ്ങളുടെ അവതരണമാണ്. അദ്ദേഹം തുടരുന്നു, നിരവധിയായ അജപാലക ശുശ്രൂഷകളിൽ വ്യാപൃതരാണ്. ആധുനിക ലോകത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ സാഹചര്യങ്ങളിൽ, വൈവിധ്യമാർന്ന വെല്ലുവിളികളിൽ സമർപ്പിതരുടെ ആത്മീയജീവിതത്തിന്റെ പോഷണമായും, അനുദിന അസ്വസ്ഥതകളുടെ പരിഹാരമായും, ശുശ്രൂഷകളുടെ യഥാർത്ഥ കേന്ദ്രമായും വിശുദ്ധ കുർബാനയെ കാണാൻ കഴിയണം. വിശുദ്ധ കുർബാന അർപ്പണത്തിൽ അടിസ്ഥാനപ്പെടുത്താതെയും, കേന്ദ്രീകരിക്കാതെയും ഒരു ക്രൈസ്തവ സമൂഹത്തെയും പണിതുയർത്താൻ ആവില്ല.

വിശ്വാസത്തിന്റെ രഹസ്യം
സഭാ അവളുടെ നാഥനായ ക്രിസ്തുവിൽ നിന്ന് സ്വീകരിച്ചിട്ടുള്ള നിരവധിദാനങ്ങളിൽ, അവ എത്ര വിലപിടിപ്പാർന്നതുമാകട്ടെ, കേവലം ഒന്നുമാത്രമല്ല വിശുദ്ധ കുർബാന; പിന്നെയോ, ഏറ്റവും പരമോന്നതമായ ദാനമാണ്; കാരണം, ഈ ദാനം അവിടുന്ന് തന്നെയാണ്. കർത്താവിന്റെ മരണത്തിന്റെയും ഉത്ഥാനത്തിന്റെയും അനുസ്മരണമായ സഭ വിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ രക്ഷാകര പ്രവർത്തിയുടെ ഈ കേന്ദ്ര സംഭവം യഥാർത്ഥത്തിൽ സന്നിഹിതമാവുകയും നമ്മുടെ രക്ഷാകര കർമ്മം സാക്ഷാത്കരിക്കപ്പെടുകയും ചെയ്യുന്നു. സത്താപരിണാമത്തെയും; യഥാർത്ഥ ശരീരം, യഥാർത്ഥ ഭക്ഷണം, എന്നി യാഥാർത്ഥ്യങ്ങളെയും പരിചയപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറയാൻ ആഗ്രഹിക്കുന്നതും, വിശുദ്ധ കുർബാനയുടെ വിശ്വാസത്തിന്റെ വിവിധ തലങ്ങളെ കുറിച്ചാണ്.

വിശുദ്ധ കുർബാന സഭയെ പണിതുയർത്തുന്നു.
സഭയുടെ വളർച്ചാപ്രക്രിയയുടെ കേന്ദ്രമാണ് വിശുദ്ധ കുർബാന അർപ്പണം എന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നു. സഭ പണിതുയർത്തപ്പെടുന്നതാകട്ടെ; നമ്മുടെ രക്ഷക്കായി ബലിയ൪പ്പിക്കപ്പെട്ട ദൈവ പുത്രനുമായുള്ള കൗദാശിക ഐക്യത്തിലൂടെയാണ്. ക്രിസ്തുവിന്റെ ശരീരത്തിലുള്ള പങ്കാളിത്തത്തിലൂടെ സഭ കൂടുതൽ ആഴത്തിൽ ക്രിസ്തുവിൽ ഒന്നാകുന്നു. ക്രിസ്തുവിന്റെ ബലിയർപ്പണത്തിലൂടെ സംഭവിച്ച ഐക്യമാണ് സഭയുടെ വളർച്ചയുടെ അടിസ്ഥാനം.

വിശുദ്ധ കുർബാനയുടെയും സഭയുടെയും അപ്പസ്തോലികത
അപ്പസ്തോലന്മാരുടെ വിശ്വാസമനുസരിച്ച് അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാന അവർക്ക് ഭരമേല്പിക്കപ്പെട്ടതും അവരിലൂടെയും അവരുടെ പിൻഗാമികളിലൂടെയും നമുക്ക് ലഭിച്ചതും ആണ്. ഈ ഒരു അധ്യായത്തിലൂടെ വിശുദ്ധനായ ജോൺപോൾ പഠിപ്പിക്കുന്നതും പറഞ്ഞുതരുന്നതും വിശുദ്ധ ബലിയർപ്പണത്തിന്റെ ഔന്നിത്യം സഭയോടും സഭാ പഠനങ്ങളോടും ചേർന്ന് നിൽക്കുന്നിടത്ത് ആണ് എന്നാണ്. വിശ്വാസികളുടെ സാന്നിധ്യത്തിൽ പോലും, അത് ക്രിസ്തുവിന്റെയും സഭയുടെയും പ്രവർത്തിയാണ്, അപ്പസ്തോല പാരമ്പര്യത്തെയും സഭാ കൂട്ടായ്മയും ചേർത്തു നിർത്തി മാത്രമേ ബലിയർപ്പണം സാധ്യമാകു.

വിശുദ്ധ കുർബാനയും സഭാ കൂട്ടായ്മയും
കൂട്ടായ്മ സ്ഥാപിക്കുകയും നിലനിർത്തുകയും ചെയ്യുന്നത് വിശുദ്ധ ബലിയർപ്പണമാണ്. ഐക്യം വളർത്തുന്നതിൽ വിശുദ്ധ കുർബാനക്കുള്ള പ്രത്യേക ശക്തിയാണ് ഞായറാഴ്ച കുർബാനയുടെ പ്രാധാന്യത്തിനുള്ള ഒരു കാരണം. അതുകൊണ്ടാണ്, യഥാർത്ഥ പൗരോഹിത്യം ഇല്ലാത്ത സമൂഹങ്ങളിൽ നിന്നും കത്തോലിക്കർ ദിവ്യകാരുണ്യം സ്വീകരിച്ചു കൂടാ എന്ന് പറയുന്നത്.

പരിശുദ്ധ കുർബാന അർപ്പണത്തിന്റെ മഹത്വം
അന്ത്യ അത്താഴ സായാഹ്നത്തിലെ ഈശോയുടെ ‘ലാളിത്യവും ആഡംബരവും’ അതോടൊപ്പം പെസഹാ ഭക്ഷണത്തിനുവേണ്ടി വിശാലമായ മട്ടുപ്പാവ് ശ്രദ്ധാപൂർവം തയ്യാറാക്കാൻ ശിഷ്യന്മാരോട് ഈശോ നിർദ്ദേശിക്കുന്നതിന്റെ പിൻബലത്തിലാണ് മാർപാപ്പ വിശുദ്ധ കുർബാനയർപ്പണത്തിന്റെ മഹത്വത്തെക്കുറിച്ച് പഠിപ്പിക്കുന്നത്. ലാസറിന്റെ സഹോദരി മറിയത്തിന്റെ ബഥാനിയയിലെ തൈലാഭിഷേകവും മറ്റുള്ളവർ ദുർവ്യയമായി കാണുമ്പോഴും കർത്താവിന് അത് വെറുതെയായി തീരുന്നില്ല. വിശുദ്ധ ബലിയർപ്പണത്തിന്റെ ബാഹ്യമായ കാര്യങ്ങളിലും മഹത്വം പുലർത്തണമെന്നും, ശ്രദ്ധ ചെലുത്തണമെന്നുമുള്ള നിർദ്ദേശമായി ഇതിനെ പരിഗണിക്കാവുന്നതാണ്.

വിശുദ്ധ കുർബാനയുടെ സ്ത്രീയായ മറിയത്തിന്റെ ശിഷ്യ സമൂഹത്തിൽ
കുർബാനയുടെ സ്ത്രീ, ചലിക്കുന്ന സക്രാരി എന്നൊക്കെയാണ് പരിശുദ്ധ അമ്മയെ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ചാക്രികലേഖനത്തിൽ വിശേഷിപ്പിക്കുന്നത്. വിശുദ്ധ കുർബാനയും പരിശുദ്ധ അമ്മയും തമ്മിലുള്ള ബന്ധവും, ത്രിത്വൈക സ്തുതി ആണ് വിശുദ്ധ കുർബാന എന്നുള്ള പഠനവും, ആ പരമമായ സ്തുതി പരിശുദ്ധ അമ്മ അർപ്പിക്കുന്നത് സ്തോത്ര ഗീതത്തിലൂടെ ആണ് എന്നൊക്കെ പരിശുദ്ധ പിതാവ് നമ്മളെ പരിചയപ്പെടുത്തുന്നുണ്ട്. പരിശുദ്ധ അമ്മ, മറിയത്തിന്റെ ഒരു തീക്ഷ്ണതയോടെ ബലിയർപ്പണത്തിൽ പങ്കെടുക്കാൻ പരിശുദ്ധ പിതാവ് ആവശ്യപ്പെടുന്നു. അവൾ ആദ്യ അർപ്പണത്തിൽ പങ്കെടുത്തത് പോലെയും, പരിശുദ്ധ അമ്മയുടെ വിശുദ്ധ കുർബാന വിശ്വാസം പോലെയും, പുത്രനോട് ചേർന്ന് പരിശുദ്ധാത്മാവിൽ പിതാവിനെ സ്തുതിച്ച സ്തോത്രം ഗീതം പോലെയും, വിശുദ്ധ കുർബാന മാറണമെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. ആദ്യത്തെ സക്രാരിയായ പരിശുദ്ധ അമ്മ, കുർബാനയുടെ സ്ത്രീയായ പരിശുദ്ധ അമ്മ, നമ്മളെ വിശുദ്ധ ബലിയർപ്പിക്കാൻ സഹായിക്കും. ഈ ഒരു ബലിയർപ്പിക്കുമ്പോൾ ‘ഇത് നിങ്ങൾ എൻറെ ഓർമ്മയ്ക്കായി ചെയ്യുവിൻ’ എന്നാവശ്യപ്പെട്ട ക്രിസ്തുവിന്റെ വചനവും ‘അവൻ നിങ്ങളോട് പറയുന്നത് നിങ്ങൾ ചെയ്യുവിൻ’ എന്ന് പറഞ്ഞ പരിശുദ്ധ അമ്മയുടെ വചനവും നമ്മൾ നിറവേറ്റുകയാണ്. വിശുദ്ധ കുർബാനയും സഭയും എന്ന ചാക്രിക ലേഖനം അതിന്റെ സാരാംശത്തിൽ, ചിന്തകളിൽ, അവതരണത്തിൽ ആഴമുള്ളതാണ്. ആവർത്തിച്ചുള്ള വായനകൾ പുതിയ അർത്ഥതലങ്ങളിലേക്കു വഴി തുറക്കുന്നതാണ്. ഈയൊരു സാരസംഗ്രഹം വളരെ ലളിതവും ചുരുക്കവും ആണ്; അതിനാൽ യഥാർത്ഥ വായനയിലേക്ക് ഇത് മിഴി തുറക്കട്ടെ.

 

Share this :

Leave a comment

Your email address will not be published. Required fields are marked *