December 22, 2024
#Holy Mass #Religious

വിശുദ്ധ കുർബാനയും; സമർപ്പിതരും

സഭയും സമർപ്പിതരും ജന്മം എടുക്കുന്നത് പെസഹാ രഹസ്യത്തിലാണ്. അതുപോലെ, വിശുദ്ധ കുർബാന അടിസ്ഥാനവും കേന്ദ്രവും അല്ലാതെ ഒരു ക്രിസ്തീയ സമൂഹവും  സമർപ്പിത  ജീവിതവും രൂപപ്പെടുകയില്ല. (വൈദികർ 6 ) മാത്രമല്ല, രക്ഷാകരാ ബലിയിൽ നിന്നുമാണ് സമർപ്പിതർ അനുസ്യുതം  ജീവൻ സ്വീകരിച്ചു കൊണ്ടിരിക്കുന്നതും. ( സഭയും വിശുദ്ധ കുർബാനയും, 12 ) സഭയുടെ ദൃഷ്ടികൾ അൾത്താരയിലെ  കൂദാശയിൽ സന്നിഹിതനായിരിക്കുന്ന ക്രിസ്തുവിൽ ഉറച്ചിരിക്കുന്നു. സമർപ്പിതരാകട്ടെ, അവിടുത്തെ സീമാതീതമായ സ്നേഹത്തിന്റെ ആവിഷ്കാരം അൾത്താരയിൽ കണ്ടെത്തുകയുമാണ്. അങ്ങനെ സമർപിത ജീവിതം ‘പെസഹാ ത്രിദിനങ്ങളുടെ’ അനന്തര ശുശ്രൂഷകളായി മാറുകയാണ്. കർത്താവിന്റെ   തിരുമണിക്കുറിലേക്ക് പ്രവേശിക്കുന്ന ഓരോ സമർപ്പിതനും ക്രിസ്തുവുമായി ഐക്യത്തിൽ ആവുകയാണ്. ഐക്യത്തിലേക്ക് പ്രവേശിക്കുക എന്നത്, ആ അനുഷ്ഠാനത്തിലൂടെ സന്നിഹിതമാക്കപ്പെടുന്ന, അനുഭവത്തിന്റെ ഒരു പ്രേക്ഷിതനായിരിക്കാനുള്ള ദൗത്യത്തെക്കുറിച്ച് ബോധവാനാവുക എന്ന് കൂടി അർത്ഥമാക്കുന്നുണ്ട്. (നാഥാ ഞങ്ങളോടുത്തു വസിച്ചാലും, 24 ) അങ്ങനെ സമർപ്പിതർ ക്രിസ്തുവുമായുള്ള ഐക്യത്തിലൂടെ, തങ്ങളിൽ തന്നെ ഒതുങ്ങാതെ, മനുഷ്യകുലത്തിനുള്ള കുദാശയായി  മാറുകയാണ്. അതാകട്ടെ, ക്രിസ്തു കൈവരിച്ച രക്ഷയുടെ അടയാളവും, ഉപകരണവും, ഭൂമിയുടെ ഉപ്പും, ലോകത്തിന്റെ പ്രകാശവും ആണ്. (VC 23 ) അതുവഴി, വിശുദ്ധ കുർബാന സുവിശേഷ വത്കരണത്തിനുള്ള സ്രോതസ്സായി മാറുകയാണ്.

              സഭയും വിശുദ്ധ കുർബാനയും എന്ന ചാക്രിക ലേഖനത്തിലൂടെ വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ സമർപ്പിതരെ ഓർമിപ്പിക്കുന്നുണ്ട്; നമ്മുടെ കാലഘട്ടത്തിൽ സമർപ്പിതർ എല്ലാറ്റിനും ഉപരിയായി പ്രാർത്ഥന ജീവിതത്തിലൂടെ വ്യതിരക്തരാക്കപ്പെടണമെങ്കിൽ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിൽ സന്നിഹിതനായിരിക്കുന്ന ക്രിസ്തുവിനോട് ഹൃദ്യമായ സ്നേഹത്തോടെയുള്ള ആത്മീയഭാഷണത്തിലും, നിശബ്ദമായ ആരാധനയിലും സമയം ചെലവഴിക്കണം. വത്സല സഹോദരീസഹോദരന്മാരെ, ഞാൻ എത്രയോ തവണ ഇത്  അനുഭവിക്കുകയും ഇതിൽനിന്ന് ശക്തിയും ആശ്വാസവും പിന്തുണയും നേടുകയും ചെയ്തിട്ടുണ്ട്.  സമർപ്പിതർ  നിരവധിയായ അജപാലക ശുശ്രൂഷകളിൽ  വ്യാപൃതരാണ്. ആധുനിക ലോകത്തിന്റെ  സാമൂഹികവും സാംസ്കാരികവുമായ സാഹചര്യങ്ങളിൽ, വൈവിധ്യമാർന്ന വെല്ലുവിളികളിൽ സമർപ്പിതരുടെ  ആത്മീയജീവിതത്തിന്റെ  പോഷണമായും, അനുദിന  അസ്വസ്ഥതകളുടെ പരിഹാരമായും, ശുശ്രൂഷകളുടെ യഥാർത്ഥ കേന്ദ്രമായും വിശുദ്ധ കുർബാനയെ  കാണാൻ കഴിയണം. വിശുദ്ധ കുർബാന അർപ്പണത്തിൽ അടിസ്ഥാനപ്പെടുത്താതേയും,  കേന്ദ്രീകരിക്കാതെയും ഒരു ക്രൈസ്തവ സമൂഹത്തെയും പണിതുയർത്താൻ ആവില്ല.

            ‘നാഥാ ഞങ്ങളോടത്ത് വസിച്ചാലും’  എന്ന അപ്പസ്തോലിക ലേഖനത്തിൽ പരിശുദ്ധ പിതാവ് ‘കണ്ടതും കേട്ടതുമായ’ കാര്യങ്ങൾ അറിയിക്കുന്നതിനായി തിടുക്കത്തിൽ തിരിച്ചുപോയ എമ്മാവൂസ്  ശിഷ്യന്മാരെ പരിചയപ്പെടുത്തി പങ്കുവയ്ക്കുകയാണ്, ‘ക്രിസ്തുവിന്റെ ശരീര രക്തങ്ങളിൽ പങ്കുചേർന്ന് യഥാർത്ഥ ഉത്ഥിതനെ കണ്ടുമുട്ടുന്ന സമർപ്പിതർക്ക് അനുഭവിക്കുന്ന ആനന്ദം പങ്കുവെക്കാതിരിക്കാൻ ആവില്ല. കാരണം, വിശുദ്ധ കുർബാനയനുഭവം സുവിശേഷ വത്കരണത്തിനുള്ള അടിയന്തര ക്ഷണമാണ്.” ( സഭയും വിശുദ്ധ കുർബാനയും, 26 ). ഇത് യാഥാർഥ്യമാകണമെങ്കിൽ ഓരോ സമർപ്പിതനും വിശുദ്ധ കുർബാന പ്രകാശിപ്പിക്കുന്ന മൂല്യങ്ങളും, പ്രചോദിപ്പിക്കുന്ന മനോഭാവങ്ങളും സ്വജീവിതത്തിൽ സാംശീകരിക്കണം. വിശുദ്ധ ബലി എന്നത് കാൽവരിയുടെ പൊള്ളയായ ആവിഷ്കരണമോ അനുഷ്ഠാനങ്ങളോ അല്ല; അത് അനുകരണവും ആവർത്തനവുമായി തീരേണ്ടതുമല്ല. കാരണം, തിരുവത്താഴം  എന്നത് ജീവന്റെ  മാത്രമല്ല, അതോടു  ചേർന്നുള്ള മരണത്തിന്റെയും ആഘോഷമാണ്. സമർപ്പിതരാകട്ടെ, ഒരേസമയം ബലിയർപ്പകരും ബലിവസ്തുവുമാണ്. നമ്മുടെ ശരീരം നുറുക്കപ്പെടാതെ അർപ്പിക്കപ്പെടുന്ന ബലിയപൂർണ്ണമത്രെ!! ബലിയാകാത്ത സമർപ്പിത ജീവിതങ്ങൾ  കുരിശിൽ നിന്ന് വേർതിരിക്കപ്പെട്ട ക്രിസ്തുവിനെ പോലെയും; കുരിശു മരണമില്ലാത്ത കാൽവരി പോലെയും ആകും. ഇവിടെയാണ് ദിവ്യകാരുണ്യ ആരാധനയ്ക്കും വിശുദ്ധ കുർബാന അർപ്പണത്തിനുശേഷം ശുശ്രൂഷ ജീവിതം ആരംഭിക്കുന്ന വിശുദ്ധ മദർ തെരേസയുടെ മാതൃക. ആദ്യമ ക്രൈസ്തവരുടെ ശുശ്രൂഷ ജീവിതത്തിന് ശക്തിയായി നിന്നത് അപ്പം മുറിക്കൽ ശുശ്രൂഷ ആയിരുന്നു. കപ്പൽ യാത്രയിൽ പൗലോശ്ലീഹാ   ബലിയർപ്പിക്കുന്ന ഒരു സന്ദർഭമുണ്ട്. പതിനാലു  ദിവസങ്ങൾ; ദിക്കും ദിശയും അറിയാതെ, ഭക്ഷിക്കാതെ, പാനം ചെയ്യാതെ മരണത്തെ മുന്നിൽ കണ്ട യാത്രികർ  പൗലോസ് ശ്ലീഹായുടെ ബലിയർപ്പണത്തിനു ശേഷം ശക്തിയും ഊർജവും സ്വീകരിച്ച് ഉന്മേഷമുള്ളവരാവുകയാണ്. ( അപ്പ 27,33-36) ആദ്യ ശിഷ്യരുടെ പ്രേഷിത യാത്രയിലും, അപകടങ്ങളിലും ജീവനായി തീർന്നത് വിശുദ്ധ കുർബാന അർപ്പണങ്ങൾ ആയിരുന്നുവന്നത്, ഇന്നത്തെ സമർപ്പിത  ജീവിതത്തെയും പ്രചോദിപ്പിക്കേണ്ടതാണ്.

              അൾത്താരയിൽ നിന്നും, വിശുദ്ധ ബലിയർപ്പണങ്ങളിൽ നിന്നും അകന്ന സമർപ്പിത ജീവിതങ്ങളെ സങ്കൽപ്പിക്കാൻ ആവുകയില്ല. സഭയും വിശുദ്ധ കുർബാനയും എന്ന ചാക്രിക ലേഖനത്തിലൂടെ പറയുകയാണ്, ‘വിശുദ്ധ കുർബാനയിലെ ക്രിസ്തുവിൽ നിന്നാണ് സഭ അവളുടെ ജീവിതം  സ്വീകരിക്കുന്നത്. അവനിലൂടെ അവൾക്ക് ഭക്ഷണം ലഭിക്കുന്നു, അവൾക്ക് നവോത്ഥാനം ലഭിക്കുന്നു. അതുകൊണ്ട്, തന്നെ ക്രൈസ്തവ ജീവിതത്തിന്റെ ഉറവിടവും പാരമ്യവും വിശുദ്ധ ബലിയർപ്പണവും, ബലിജീവിതവുമാണ്.  സമർപ്പിത ജീവിതങ്ങളിലെ അപചയങ്ങളുടെ കാൽ പെരുമാറ്റങ്ങൾ കാതോർത്തിരുന്നാൽ കേൾക്കാൻ കഴിയുന്ന അകലത്തിലെത്തിയിരിക്കുന്ന ഈ കാലത്തിൽ ദിവ്യകാരുണ്യ ആരാധനയുടെയും, വിശുദ്ധ ബലിയർപ്പണത്തിലൂടെയും സമർപ്പിത ജീവിതങ്ങളെ കരുത്തുള്ളതാക്കി മാറ്റാൻ പരിശ്രമിക്കാം.

Share this :

Leave a comment

Your email address will not be published. Required fields are marked *