സീറോ മലബാർ സഭയുടെ ആരാധന ക്രമ ചരിത്രം
വിശുദ്ധ കുർബാനയുടെ ആരാധന ക്രമചരിത്രത്തെക്കുറിച്ച് അറിവ് ഉണ്ടാകേണ്ടത് ഒരാവശ്യമാണ്. വിശുദ്ധ കുർബാനയുടെ അന്തസ്സത്തയ്ക്ക് വകഭേദം വരാതെ; അനുഷ്ഠാനങ്ങൾക്കും ആചാരങ്ങൾക്കും കാര്യമാത്ര പ്രസക്തമായ വ്യത്യസ്തതയുണ്ട്. ക്രിസ്തുവിന്റെ ഏകബലി പല പ്രേഷിതരംഗങ്ങളിൽ അർപ്പിച്ചപ്പോൾ; അവിടുത്തെ ഭൂപ്രകൃതിയും, ആചാരങ്ങളും ബലിയോട് ഇടകലർന്നതിനാൽ കർമ്മങ്ങൾക്കും, അനുഷ്ഠാനങ്ങൾക്കും മാറ്റം വന്നെങ്കിലും; വിശുദ്ധ കുർബാനയുടെ ആന്തരികതയിൽ മാറ്റങ്ങൾ സംഭവിച്ചിട്ടില്ല. വിശുദ്ധ തോമാശ്ലീഹായാണ് സീറോ മലബാർ ക്രൈസ്തവരുടെ പിതാവ്. വിശുദ്ധ തോമാശ്ലീഹായിലൂടെയാണ് സീറോ മലബാർ ക്രൈസ്തവർക്ക് വിശുദ്ധ കുർബാനയുടെ ആദ്യപാഠങ്ങൾ ലഭിക്കുന്നത്. എന്നിരുന്നാലും, ആദ്യകാല നൂറ്റാണ്ടുകളിലെ ബലിയർപ്പണത്തെ സംബന്ധിച്ച് വിശദമായ ഒരു രൂപരേഖ തയ്യാറാക്കാൻ നമുക്ക് കഴിയില്ല. വളരെ ലളിതവും ഹ്രസ്വവുമായ ഒരു കുർബാന അർപ്പണത്തെക്കുറിച്ച് അപ്പോക്രിഫൽ ഗ്രന്ഥമായ തോമായുടെ നടപടികൾ പ്രതിപാദിക്കുന്നുണ്ട്. എന്നാൽ പ്രാർത്ഥനകളുടെയോ, അനുഷ്ഠാനങ്ങളുടെയോ സൂക്ഷ്മമായ വിവരണം തോമായുടെ നടപടി പുസ്തകം നൽകുന്നില്ല. ശ്ലീഹന്മാർ കർത്താവിന്റെ ഉത്ഥാനത്തിനുശേഷം ഭവനങ്ങളിൽ ഒരുമിച്ചുകൂടി അപ്പം മുറിക്കൽ ശുശ്രൂഷ നടത്തിയിരുന്നു. മാത്രമല്ല, യഹൂദ ക്രൈസ്തവരുടെ പ്രാർത്ഥനാ രീതികൾ ആദിമ ക്രൈസ്തവ സഭയിൽ നിർണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്നാൽ പ്രാർത്ഥനകൾക്ക് ഒരു നിയതമായ രൂപം ഉണ്ടായിരുന്നില്ല. മാത്രമല്ല, കാർമികരുടെ മനോധർമ്മം അനുസരിച്ച് വ്യത്യാസങ്ങളോടെയാണ് അവ ചൊല്ലി വന്നത്.
മൂന്നു നാല് നൂറ്റാണ്ടുകളോടെയാണ് അലക്സാൻഡ്രിയൻ, അന്ത്യോക്യൻ, പേർഷ്യൻ (സുറിയാനി) എന്നീ വ്യത്യസ്ത ആരാധന ക്രമ പാരമ്പര്യങ്ങൾ നീയതരൂപം പ്രാപിക്കുന്നത്. തോമാശ്ലീഹായാൽ തന്നെ സ്ഥാപിക്കപ്പെട്ട ഇന്ത്യയിലെ സഭ; മാർത്തോമാ ശ്ലീഹായുടെ പാരമ്പര്യം പൈതൃകമായുള്ള പേർഷ്യൻ സഭയുമായി ആദ്യ നൂറ്റാണ്ടു മുതൽ സമ്പർക്കം പുലർത്തിയിരുന്നു. ആയതിനാൽ, വിശ്വാസത്തിൽ തങ്ങളുടെ പൊതു പിതാവായ മാർത്തോമാ ശ്ലീഹായുടെ പൈതൃകം പേറുന്ന പൗരസ്ത്യ സുറിയാനി ആരാധനക്രമമാണ് അവർ സ്വന്തമായി സ്വീകരിച്ചത്. പൊതു പൈതൃകമായിരുന്ന പൗരസ്ത്യ സുറിയാനി ആരാധന ക്രമത്തോട് മാർത്തോമ ക്രിസ്ത്യാനികൾ മമത പുലർത്തിയിരുന്നെങ്കിലും, അടിസ്ഥാനപരമായ കാര്യങ്ങളിൽ വ്യത്യാസം വരുത്താതെ, ഭാരതത്തിലെ സാംസ്കാരിക ആചാരാനുഷ്ഠാനങ്ങളോട് ഉൾച്ചേർന്ന് അവർ ആരാധനക്രമം പരിക്രമം ചെയ്തു വന്നു. മേൽക്കൂരയുള്ള ക്രിസ്തീയ ദേവാലയങ്ങളെ മറ്റു ആരാധനാലയങ്ങളിൽ നിന്ന് തിരിച്ചറിയാൻ വിഷമമായിരുന്നുവെന്നു മിഷനറിമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വിവാഹ ചടങ്ങിൽ താലി, മന്ത്രകോടി, മരണത്തോട് അനുബന്ധിച്ചുള്ള പ്രത്യേക ആചാരാനുഷ്ഠാനങ്ങൾ എന്നിവ സാംസ്കാരിക അനുരൂപണങ്ങൾക്ക് ഉദാഹരണങ്ങളാണ്.
ഈ പൗരസ്ത്യ സുറിയാനി പാരമ്പര്യമാണ് ഉദയംപേരൂർ സുനഹദോസ് (1599) വരെ മാർത്തോമ ക്രിസ്ത്യാനികൾ പിന്തുടർന്നത്. ഗോവൻ മെത്രാപ്പോലീത്ത അലക്സിസ് മെനെസിസ് അധ്യക്ഷനായ സമിതി മാർത്തോമാ ക്രിസ്ത്യാനികളുടെ കുർബാനയിൽ പാഷണ്ഡത ഉണ്ടെന്ന് ആക്ഷേപിക്കുകയും, നെസ്തോറിയസിന്റെയും, അദ്ദായിയുടെയും പേരിൽ അറിയപ്പെട്ടിരുന്ന രണ്ട് അനാഫൊറകൾ കത്തിച്ചു കളയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന്, ഉദയംപേരൂർ സുനഹദോസ് നിർദ്ദേശപ്രകാരമുള്ള ക്രമമാണ് മാർത്തോമാ ക്രിസ്ത്യാനികൾ ഉപയോഗിച്ചത്. വിശുദ്ധ കുർബാനയുടെ കൗദാശികമായ പൂർത്തീകരണത്തിന് പോർച്ചുഗലിൽ നിന്നും കൊണ്ടുവരുന്ന വീഞ്ഞ് തന്നെ വേണമെന്നും, പുളിപ്പില്ലാത്ത അപ്പം ഉപയോഗിക്കണമെന്നും കരുതിയിരുന്ന മെത്രാൻ, പാശ്ചാത്യ സഭയുടെ തിരുവസ്ത്രങ്ങൾ ഉപയോഗിക്കാൻ നിഷ്കർഷിക്കുകയും, ആരാധനക്രമ പഞ്ചാംഗം ലത്തീൻ പോലെ ആക്കുകയും, തിരുനാളുകളും, ഓർമ്മദിനങ്ങളും തിരുത്തുകയും ചെയ്തു. നിർദ്ദേശിച്ച പല മാറ്റങ്ങളും നടപ്പിൽ വരുത്തിയത് മാർത്തോമാ ക്രിസ്ത്യാനികളുടെ മെത്രാനായി വന്ന ബിഷപ്പ് ഫ്രാൻസിസ് റോസ് ആണ്. സുറിയാനി ഭാഷയിൽ പരിഭാഷചെയ്ത്, ലത്തീൻ ആരാധനക്രമങ്ങൾ നടപ്പിലാക്കാൻ, സുറിയാനി, ലത്തീൻ ഭാഷകളിൽ പാണ്ഡിത്യം ഉണ്ടായിരുന്ന ബിഷപ്പ് റോസിന് വളരെ എളുപ്പം സാധിച്ചു. സുറിയാനിക്കാരുടെ കുർബാന തക്സ റോമിൽ നിന്ന് അച്ചടിച്ചു വാങ്ങാൻ ഫ്ലോറൻസ് മെത്രാൻ ശ്രമം തുടങ്ങിയതോടെയാണ്, ബിഷപ്പ് ഫ്രാൻസിസ് റോസ് പ്രചരിപ്പിച്ച ആരാധനക്രമങ്ങൾക്ക് മാറ്റം വരുന്നത്. എന്നിരുന്നാലും, വിശുദ്ധ കുർബാനയ്ക്ക് ഐക്യരൂപം വരുത്താനാണ് ശ്രമിച്ചത്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ ഐക്യരൂപം എന്നത് ലത്തീൻ ക്രമം സുറിയാനിയിലേക്കു മാറ്റുക എന്നതായിരുന്നു. 1774 – ൽ റോമിൽ നിന്ന് നൽകിയ സുറിയാനി കുർബാനയിൽ മുൻപ് ഇല്ലാതിരുന്ന പ്രാർത്ഥനകളും, അനുഷ്ഠാനങ്ങളും, അടയാളങ്ങളും, ആചാരങ്ങളും ചേർക്കപ്പെട്ടിരുന്നു. ഉദാഹരണമായി സുവിശേഷ വായനയ്ക്ക് മുൻപ് ആശീർവദിക്കുന്ന രീതി, മുട്ടുകുത്തിയുള്ള ആചാരങ്ങൾ, പഞ്ചാംഗം തുടങ്ങിയവ.
പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ അധിഷ്ഠിതമായ സീറോ മലബാർ ലിറ്റർജിയുടെ പുനരുദ്ധാരണത്തിന് തുടക്കം കുറിച്ചത് പതിനൊന്നാം പയസ് മാർപാപ്പയായിരുന്നു. പാരമ്പര്യത്തിലുള്ള കുർബാന ക്രമം പുനരുദ്ധരിക്കുന്നതിന്റെ ആവശ്യകത റോമിലെ പൗരസ്ത്യ സഭകൾക്ക് വേണ്ടിയുള്ള കോൺഗ്രിഗേഷൻ ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു. അങ്ങനെ 1954 – ൽ ഈ കോൺഗ്രിഗേഷൻ ഒരു കമ്മിറ്റിയെ നിയമിക്കുകയും, 1957-ൽ ഈ കമ്മിറ്റി സമർപ്പിച്ച പുനരുദ്ധരിക്കപ്പെട്ട കുർബാനയുടെ ക്രമം, പന്ത്രണ്ടാം പയസ് മാർപാപ്പ അംഗീകരിക്കുകയും ചെയ്തു. തുടർന്ന്, 1960 -ൽ തന്നെ ആലുവയിൽ നിന്ന് ‘തക്സ ദേ കൂദാശ’ എന്ന പേരിൽ കുർബാനയുടെ നവീകരിച്ച കൃതി സുറിയാനിയിൽ പ്രസിദ്ധീകരിച്ചു. ഭാഗികമായ മലയാള പരിഭാഷയോടു കൂടിയ കുർബാനയുടെ തക്സ, 1962 -ൽ പ്രസിദ്ധീകരിക്കുകയും, സീറോ മലബാർ സഭയിൽ ഉപയോഗിച്ചു തുടങ്ങുകയും ചെയ്തു. മലയാളഭാഷയിൽ തന്നെ കുർബാനയിൽ പങ്കെടുക്കാൻ കഴിഞ്ഞത് വലിയ അനുഗ്രഹമായി പലരും കരുതിയെങ്കിലും, അതിന്റെ ദൈർഘ്യം, ആവർത്തനം, ഭാഷാശൈലി, തുടങ്ങിയവയെപ്പറ്റി പരാതികൾ ഉയർന്നതിനാൽ, സമൂലം പരിഷ്കരിച്ച 1968 -ലെ സമ്പൂർണ്ണ മലയാളം കുർബാന ഉപയോഗത്തിൽ വന്നു. പരീക്ഷണാർത്ഥം അംഗീകാരം നൽകിയതിനാൽ, കഴിവതും വേഗം പൗരസ്ത്യ സഭാ പാരമ്പര്യത്തോട് വിശ്വസ്തത പുലർത്തുന്ന തക്സ തയ്യാറാക്കാൻ റോമിൽ നിന്ന് ആവശ്യപ്പെട്ടു. അതിൻ പ്രകാരം തയ്യാറാക്കിയ റാസ ക്രമത്തിന് 1985 -ൽ റോം അംഗീകാരം നൽകി. ചാവറ അച്ചനെയും അൽഫോൻസാമ്മയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ 1986 -ൽ ഫെബ്രുവരി എട്ടിന് കോട്ടയത്ത് വച്ച് ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് പുനരുദ്ധരിച്ച ഈ റാസ ക്രമം അനുസരിച്ച് ആദ്യമായി കുർബാന അർപ്പിച്ചത്.
ആഘോഷപൂർവ്വകമായ ക്രമത്തിന്റെയും, സാധാരണ ക്രമത്തിന്റെയും തക്സക്ക് 1989 -ൽ പരിശുദ്ധ സിംഹാസനം അംഗികാരം നൽകി. പരിശുദ്ധ കുർബാനയുടെ കാലത്തിനനുസരിച്ചുള്ള പ്രാർത്ഥനകൾ (പ്രോപ്രിയാ) തയ്യാറാക്കി റോമിൽ നിന്നുള്ള അംഗീകാരത്തോടെ ഉപയോഗിച്ചു തുടങ്ങിയത് 2005ലാണ്.
Thresiamma John
06th Oct 2024സുറിയാനി ആരാധന ക്രമം വീണ്ടെടുക്കാൻ പൂർവപിതാക്കന്മാർ നടത്തിയ ത്യാഗത്തിന്റെയും.. കണ്ണുനീരിന്റെയും ചരിത്രം ” വർത്തമാന ” പുസ്തകം വായിച്ചവർക്കു.. ഇന്ന് നടക്കുന്ന കുർബാന തർക്കങ്ങളൊക്കെ എങ്ങിനെ സഹിക്കാൻ സാധിക്കും 😭