December 22, 2024
#Adorations #Catechism

ദിവ്യകാരുണ്യ ആരാധനയുടെ ചരിത്രം, പ്രാധാന്യം

തിരുസഭയിലെ വിവിധ ഭക്താനുഷ്ഠാനങ്ങലൊന്നായി ദിവ്യകാരുണ്യ ആരാധനയെ നമുക്ക് പരിഗണിക്കാൻ കഴിയില്ല. ദിവ്യകാരുണ്യ ആരാധന, ദൈവത്തിന് മാത്രം നൽകുന്ന ആരാധനയാണ്. വിശുദ്ധ കുർബാന അർപ്പണ സമയത്തും അതിനുശേഷവും ഇത് തുടരണമെന്ന്  സഭ നിഷ്കർഷിക്കുന്നുണ്ട്. ദിവ്യകാരുണ്യ ആരാധനയുടെ പ്രാധാന്യം അനുസ്മരിച്ച് കൊണ്ട് ജോൺപോൾ രണ്ടാമൻ മാർപാപ്പ പഠിപ്പിക്കുന്നു, വിശുദ്ധ ബലിയർപ്പണത്തിലൂടെ മാത്രമല്ല, ദിവ്യകാരുണ്യ ആരാധനയിലൂടെയും, വരപ്രസാദങ്ങളുടെ സ്രോതസായ ക്രിസ്തുവുമായി ബന്ധമുണ്ടാക്കാൻ നമുക്ക് സാധിക്കുന്നു. വിശുദ്ധ അൽഫോസ് ലിഗോരി പറയുന്നു, ‘കൂദാശകൾ കഴിഞ്ഞുള്ള ഭക്താനുഷ്ടാനങ്ങളിൽ വച്ച് എറ്റവും  പരമോന്നതമായത് ദിവ്യകാരുണ്യ ആരാധനയാണ്. അത്, ദൈവത്തിന് ഏറ്റവും പ്രീതികരവും, നമുക്ക് ഏറ്റവും പ്രയോജനകരവുമാണ്.  ദിവ്യകാരുണ്യ ആരാധന വിശുദ്ധ കുർബാനയിലെ ആരാധനയുടെ തുടർച്ചയാണ്.

        വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ, തന്റെ ചാക്രിക ലേഖനമായ ‘സഭയും വിശുദ്ധ കുർബാനയും’ നമ്പർ 25 -ൽ  പറയുന്നുണ്ട്, വിശുദ്ധ കുർബാനയുടെ ആരാധന, സഭാ ജീവിതത്തിന് വിലമതിക്കാനാവാത്ത വിധം പ്രധാനപ്പെട്ടതാണ്. ദിവ്യ ബലിയുടെ ആഘോഷവുമായി പരിപൂർണ്ണമായും ബന്ധപ്പെട്ടതാണ് ഈ ആരാധന. ദിവ്യബലിയ്ക്കുശേഷം, സൂക്ഷിക്കപ്പെടുന്ന ദിവ്യ സാദൃശ്യങ്ങളിൽ ഉള്ള ക്രിസ്തുവിന്റെ  സാന്നിധ്യം; അപ്പവും വീഞ്ഞുമായി നിലനിൽക്കുന്നിടത്തോളം കാലം മാറ്റമില്ലാതെ തുടരുന്നു. വിശുദ്ധ കുർബാനയുടെ ആരാധന, പ്രത്യേകിച്ചും ദിവ്യകാരുണ്യത്തിന് പരസ്യ പ്രതിഷ്ഠയും, ദിവ്യകാരുണ്യ രൂപത്തിൽ സന്നിഹിതനായിരിക്കുന്ന ക്രിസ്തുവിനു മുന്നിലുള്ള ആരാധന പ്രാർത്ഥനയും പ്രോത്സാഹിപ്പിക്കാനും, സ്വന്തം സാക്ഷ്യത്തിലൂടെ ശക്തമാക്കാനും, ഇടയന്മാർക്ക് ചുമതലയുണ്ട്. (സഭയും വിശുദ്ധ കുർബാനയും, 25 )

               യേശുവിനോടൊപ്പം സമയം ചെലവാക്കുന്നതും, വത്സല ശിഷ്യനെ പോലെ അവിടുത്തെ മാറിൽ ചേർന്ന് കിടന്ന് ഹൃദയത്തിൽ അഗാധമായ സ്നേഹം അനുഭവിക്കുന്നതും എത്ര ആനന്ദകരമാണ്. നമ്മുടെ കാലഘട്ടത്തിൽ, ക്രൈസ്തവർ എല്ലാറ്റിലും ഉപരി പ്രാർത്ഥനാ ജീവിതത്തിൽ വ്യതിരക്തരാക്കപ്പെടണമെങ്കിൽ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിൽ സന്നിഹിതനായിരിക്കുന്ന ക്രിസ്തുവിനോട് ഹൃദ്യമായ സ്നേഹത്തോടെയുള്ള ആത്മീയഭാഷണത്തിലും, നിശബ്ദമായ ആരാധനയിലും സമയം ചെലവഴിക്കുവാനുള്ള നവമായ ആവശ്യം ഉണ്ടാവാതിരിക്കുന്നത് എങ്ങനെ?  വത്സല സഹോദരി സഹോദരന്മാരെ, എത്രയോ തവണ ഞാൻ ഇത് അനുഭവിക്കുകയും ഇതിൽ നിന്ന് ശക്തിയും ആശ്വാസവും പിന്തുണയും നേടുകയും ചെയ്തിട്ടുണ്ട്. (സഭയും വിശുദ്ധ കുർബാനയും, 25 ) സഭയുടെ പ്രബോധന അധികാരത്തിൽ ആവർത്തിച്ച് ശുപാർശ ചെയ്യുകയും, പ്രശംസിക്കുകയും ചെയ്തിട്ടുള്ള ഈ പതിവ് നിരവധി വിശുദ്ധരുടെ ജീവിത മാതൃകകളാൽ ശക്തമാക്കപ്പെട്ടതാണ്. ഇക്കാര്യത്തിൽ ഏറെ ശ്രദ്ധേയനാണ് വിശുദ്ധ അൽഫോൻസ് ലിഗോരി. അദ്ദേഹം പറയുകയാണ് വിശുദ്ധിക്കുള്ള ഒരിക്കലും വറ്റാത്ത ഉറവയാണ് ദിവ്യകാരുണ്യ ആരാധനയെന്നും, അതിനോട് ചേർന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ കുറിച്ചു,  ദിവ്യനാഥന്റെ തിരുശ്ശരീരത്തിലും, തിരുരക്തത്തിലും ഉള്ള നമ്മുടെ പങ്കാളിത്തത്തിന്റെ ഫലങ്ങൾ ദിവ്യകാരുണ്യ ആരാധന സമൃദ്ധമാക്കുകയും, വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

        വിശുദ്ധ കുർബാന അർപ്പണത്തിന് പുറമേയുള്ള ദിവ്യകാരുണ്യ ഭക്താനുഷ്ട്ടാനങ്ങൾ  ആദിമ സഭയിൽ ഉണ്ടായിരുന്നില്ല. വിശുദ്ധ കുർബാനയിലുള്ള ഈശോയുടെ സാന്നിധ്യം ഏറെ വിശ്വാസത്തോടും ഭക്തിയോടും കൂടി സമീപിക്കേണ്ട ദിവ്യ രഹസ്യം ആണെന്ന് തിരിച്ചറിവാണ് ദിവ്യകാരുണ്യ ഭക്തനുഷ്ഠാനങ്ങളുടെ  ആരംഭ കാരണം. വിശുദ്ധ കുർബാന ഈശോയുടെ കൗദാശികമായ തുടർ സാന്നിധ്യമാണ് എന്ന് ആദിമ ക്രൈസ്തവർ വിശ്വസിച്ചു. വിശുദ്ധ കുർബാന കേന്ദ്രീകൃതമായി തങ്ങളുടെ മത ജീവിതത്തെ അവർ ക്രമപ്പെടുത്തി. എല്ലാ ഞായറാഴ്ചകളിലും വിശുദ്ധ ബലിയർപ്പണത്തിനായി അവർ ഒരുമിച്ചുകൂടി. സഭയിലെ ഡിക്കന്മാർ വിശുദ്ധ കുർബാന സൂക്ഷിക്കുകയും പിന്നീട് രോഗികൾക്ക് വീടുകളിൽ കൊണ്ടുപോയി നൽകുകയും ചെയ്തിരുന്നു. വിശുദ്ധ കുർബാനയുടെ ഒരംശം പോലും നഷ്ടപ്പെടാതിരിക്കാനും അവർ സസൂക്ഷ്മം ശ്രദ്ധ ചെലുത്തിയിരുന്നു. വിശുദ്ധ കുർബാനയിലുള്ള ഈശോയുടെ സാന്നിധ്യത്തിൽ ആഴമായി വിശ്വസിച്ചിരുന്നത് കൊണ്ടാണ് ഇത്ര വലിയ ശ്രദ്ധ അവർ പുലർത്തിയത്.

       മരുഭൂമിയിലെ സന്യാസികൾ തങ്ങളുടെ ഗുഹകളിൽ വിശുദ്ധ കുർബാന സൂക്ഷിച്ചിരുന്നു. അവർ മറ്റൊരു സ്ഥലത്തേക്ക് താമസം മാറുമ്പോൾ വിശുദ്ധ കുർബാന കൂടെ കൊണ്ടുപോയിരുന്നു. യഥാസമയങ്ങളിൽ, വിശുദ്ധ കുർബാന സ്വീകരിക്കുന്നതിനു വേണ്ടിയാണ് അവർ ഇപ്രകാരം ചെയ്തിരുന്നത്. സന്യാസികൾ ഇപ്രകാരം വിശുദ്ധ കുർബാന സൂക്ഷിക്കുന്നതിനും സ്വീകരിക്കുന്നതിനെയും കുറിച്ച് സഭാ പിതാവായ വിശുദ്ധ ബേസിൽ പ്രതിപാദിക്കുന്നുണ്ട്.

സന്യാസഭവനങ്ങളിൽ ചാപ്പലുകളിൽ വിശുദ്ധ കുർബാന സൂക്ഷിക്കുന്ന പതിവ് പ്രാരംഭ കാലം മുതലേ ഉണ്ടായിരുന്നു. രോഗികൾക്കും മരണാസനർക്കും നൽകുന്നതിന് വേണ്ടിയാണ് ഇപ്രകാരം വിശുദ്ധ കുർബാന സൂക്ഷിച്ചിരുന്നത്. ക്രമേണ അതിനു സമീപം കത്തിച്ച മെഴുകുതിരി വിളക്കു വയ്ക്കാൻ തുടങ്ങി. പിന്നീടാണ് വിശുദ്ധ കുർബാന സക്രാരിയിൽ സൂക്ഷിക്കുന്ന പതിവ് സഭയിൽ തുടങ്ങിയത്.

           വിശുദ്ധ കുർബാന അർപ്പണത്തിന് പുറമേയുള്ള ദിവ്യകാരുണ്യ ആരാധനയെ കുറിച്ചുള്ള വ്യക്തമായ തെളിവുകൾ നമുക്ക് ലഭിക്കുന്നത് മധ്യകാലങ്ങളിൽ വച്ചാണ്. വിശുദ്ധ കുർബാനയിലുള്ള ഈശോയുടെ സാന്നിധ്യത്തെക്കുറിച്ച് ദൈവശാസ്ത്രജ്ഞന്മാർക്കിടയിൽ ഉടലെടുത്ത വ്യത്യസ്ത അഭിപ്രായങ്ങളാണ്, ദിവ്യകാരുണ്യ ഭക്തനുഷ്ഠാനങ്ങൾ സഭയിൽ ആരംഭിക്കുന്നതിന് വഴിതെളിച്ചത്. ഫ്രാൻസിലെ കോർബിയിൽ ബെനെഡിക്റ്റിൻ സന്യാസി ആയിരുന്ന പാസ്കസിയൂസ് റാഡ്ബെർത്തോസും, രണ്ട് നൂറ്റാണ്ടുകൾക്ക് ശേഷം ഫ്രാൻസിലെ ബെറാങ്കിരിയുസും   വിശുദ്ധ കുർബാനയിലുള്ള ഈശോയുടെ യഥാർത്ഥ സാന്നിധ്യത്തെ നിരാകരിച്ചു. ഇപ്രകാരം, വിശുദ്ധ കുർബാനയിലുള്ള ഈശോയുടെ യഥാർത്ഥ സാന്നിധ്യം ദുർവ്യാഖ്യാനം ചെയ്യപ്പെടുകയും, നിഷേധിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ തങ്ങളുടെ വിശ്വാസം പരസ്യമായി ഏറ്റു പറയുന്നതിലും, പ്രകടിപ്പിക്കുന്നതിനും സഭ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. വിശുദ്ധ കുർബാനയിൽ സന്നിഹിതനായ ഈശോയെ, വിശ്വാസികൾക്ക് ദർശിക്കുന്നതിനും ആരാധിക്കുന്നതിന് വേണ്ടി കുർബാന അർപ്പണത്തിന് ഇടയ്ക്ക് തിരുവോസ്തി ഉയർത്തുന്ന പതിവും പന്ത്രണ്ടാം നൂറ്റാണ്ടിൽ  തിരുസഭയിൽ ആരംഭിച്ചു. അതുപോലെതന്നെ, സന്യാസികൾ തങ്ങൾ താമസിക്കുന്ന മുറികളുടെ ജനലുകൾ തുറന്നിട്ടാൽ സക്രാരി ദർശിക്കാനും ആരാധിക്കാനും സാധ്യമാകുന്ന രീതിയിൽ സന്യാസ ഭവനങ്ങൾ നിർമ്മിക്കാൻ തുടങ്ങി. വിശുദ്ധ കുർബാനയുടെ ആരാധന, ഈശോയുടെ തിരുശരീര രക്തങ്ങളുടെ തിരുന്നാൾ, പരിശുദ്ധ കുർബാനയുടെ വാഴ്വ്, ദിവ്യകാരുണ്യപ്രദക്ഷിണങ്ങൾ, പരിശുദ്ധ കുർബാനയുടെ വിസിത,  ദിവ്യകാരുണ്യ കോൺഗ്രെസ്സുകൾ എന്നിവയും സഭയിൽ ആരംഭിച്ചു.

          ദിവ്യകാരുണ്യ ഭക്താഭ്യാസങ്ങളുടെ ഉറവിടം,  വിശുദ്ധ കുർബാന അർപ്പണമാണ്. ദിവ്യകാരുണ്യ ആരാധനയുടെ അടിസ്ഥാനം, കുർബാനയിലുള്ള ഈശോയുടെ യഥാർത്ഥ സാന്നിധ്യമാണ്. സത്യദൈവവും, സത്യമനുഷ്യനുമായ ഈശോ ദിവ്യകാരുണ്യത്തിൽ  സന്നിഹിതൻ ആകയാൽ ദിവ്യകാരുണ്യ ആരാധന നടത്തുന്നത് ഉചിതവും അനുഗ്രഹദായകവുമാണ്. വിശുദ്ധ കുർബാന ആരാധനയുടെ തുടർച്ചയാണ് ദിവ്യകാരുണ്യ ആരാധന എന്നു  ഗ്രഹിക്കാൻ വലിയ ബുദ്ധിമുട്ടുണ്ടാവുകയില്ല. ദിവ്യകാരുണ്യ ആരാധനയുടെ പ്രാധാന്യവും മൂല്യവും വേണ്ടവിധത്തിൽ മനസ്സിലാക്കുന്നതിന് വിശുദ്ധ കുർബാന അർപ്പണവുമായുള്ള ബന്ധം സുവിതമാക്കണം.

Share this :

Leave a comment

Your email address will not be published. Required fields are marked *