ഫ്രാൻസിസ് ഓഫ് അസീസി
- Oct 03, 2024
- 0
- 1 min read
ഫ്രാൻസിസ് ഓഫ് അസീസിയുടെ ആദ്യ ജീവചരിത്രകാരൻ സെലാനോയിലെ തോമസ് പറയുന്നു: “സ്വർഗത്തിൽ നിന്ന് നേരിട്ട് ഒരു വിശുദ്ധനും, പാവപെട്ട ഒരു പുരോഹിതനും ഒരേ സമയം എന്റെ അടുത്തേക്ക് വരുകയാണെങ്കിൽ, ഞാൻ ആദ്യം പുരോഹിതന്റെ അരികിലേക്ക് ഓടി ചെന്ന് അദ്ദേഹത്തെ ബഹുമാനിക്കും, കൈകൾ ചുംബിക്കും; ഞാൻ വിശുദ്ധനോട് പറയും: ‘ഹേയ്, സെൻ്റ് ലോറൻസ്, കാത്തിരിക്കൂ! അവൻ്റെ കൈകൾ ജീവൻ്റെ വചനത്തെയും കർത്താവിന്റെ ശരീരത്തെയും കൈകാര്യം ചെയ്യുന്നു. വിശുദ്ധ ഫ്രാൻസിസിൻ്റെ ദിവ്യബലിയോടുള്ള സ്നേഹം അപ്രകാരമായിരുന്നു. പരിശുദ്ധ ‘അമ്മ ഒരു പ്രാവശ്യം ക്രിസ്തുവിനെ ലോകത്തിനു നൽകിയപ്പോൾ, പുരോഹിതർ അനുദിനം ക്രിസ്തുവിന് അൾത്താരയിൽ ജനനം നൽകുകയാണ്.
അദ്ദേഹം തന്റെ സഭയെ അഭിസംബോധന ചെയ്തുകൊണ്ട് എഴുതി:
എല്ലാവരും ഭയത്താൽ നിറയട്ടെ!
ലോകം മുഴുവൻ വിറയ്ക്കട്ടെ
സ്വർഗം ആനന്ദിക്കട്ടെ!!
ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു,
ഒരു പുരോഹിതൻ്റെ കയ്യിൽ, അൾത്താരയിൽ!
ഓ, അത്ഭുതകരമായ ഔന്നത്യവും മഹത്തായ മഹത്വവും!
ഉദാത്തമായ വിനയം!
ഹേ വിനീതമായ മഹത്വമേ!
നമ്മോടും എല്ലാ സൃഷ്ടികളോടും ഉള്ള സ്നേഹത്താൽ നമ്മുടെ ദരിദ്രവും ദുർബലവുമായ മനുഷ്യ സ്വഭാവം സ്വീകരിച്ച ദൈവത്തിൻ്റെ അവിശ്വസനീയമായ ഔദാര്യം യേശുക്രിസ്തുവിൽ ഫ്രാൻസിസ് കണ്ടു. ഈ നല്ല ദൈവമാണ്, തൻ്റെ ദൈവികമായ പ്രത്യേകാവകാശങ്ങൾക്കായി ശഠിക്കാതെ, നമ്മുടെ ദാരിദ്ര്യത്തിൽ നമ്മോടൊപ്പം ചേർന്ന് ‘സ്വയം ശൂന്യമാക്കി’ ഫ്രാൻസിസിൻ്റെ ഹൃദയം കവർന്നത്. മനുഷ്യനായിത്തീർന്ന ദൈവത്തോട് അഗാധമായ വാത്സല്യം ഉണ്ടായിരുന്നതുപോലെ, ഫ്രാൻസിസിന് കുർബാനയോട് അഗാധമായ ബഹുമാനവും സ്നേഹവും ഉണ്ടായിരുന്നു, അൾത്താരയിൽ പിതാവിൻ്റെ വചനം അപ്പത്തിൻ്റെയും വീഞ്ഞിൻ്റെയും സാദൃശ്യത്തിൽ ദിവസേന നമ്മുടെ അടുക്കൽ “ഇറങ്ങി” ദൈവത്തിൻ്റെ നന്മ ചൊരിയുന്നത് തുടരുന്നു.
നമുക്ക് മുന്നിൽ സ്വയം സമർപ്പിക്കാൻ മടിക്കാത്ത ദൈവത്തിൻ്റെ വിസ്മയിപ്പിക്കുന്ന വിനയത്തെക്കുറിച്ചുള്ള പ്രബോധനങ്ങളും അതിൽ അദ്ദേഹത്തിന്റെ ആശ്ചര്യങ്ങളും ഫ്രാൻസിസിൻ്റെ രചനകളിൽ കാണാൻ കഴിയും. ഫ്രാൻസിസിനെ സംബന്ധിച്ചിടത്തോളം, ദൈവം യഥാർത്ഥത്തിൽ “നന്മയുടെ പൂർണ്ണത” ആണെന്നുള്ള ഏറ്റവും ശ്രദ്ധേയവും സ്ഥിരവുമായ ഓർമ്മപ്പെടുത്തലാണ് ദിവ്യബലി.
വിശുദ്ധ ഫ്രാൻസിസ് തൻ്റെ രചനകളിൽ കൂദാശയെ വിശേഷിപ്പിക്കാൻ കുർബാന എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. പകരം, അവൻ മിക്കപ്പോഴും പരാമർശിക്കുന്നത് “നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ ഏറ്റവും വിശുദ്ധമായ ശരീരത്തെയും രക്തത്തെയും” എന്നാണ്. ഇതിലൂടെ കൂദാശ ഒരു നിശ്ചലമായ കാര്യം അല്ല, മറിച്ച് ബലിപീഠത്തിൽ സന്നിഹിതനായ ഒരു ചലനാത്മക വ്യക്തിയാണെന്ന്; തൻ്റെ ശിഷ്യന്മാരോടുകൂടെ ഗലീലിയിൽ നടക്കുന്നതുപോലെ; ഫ്രാൻസിസ് ഊന്നിപ്പറയുന്നു. അവൻ തൻ്റെ ജീവിതാവസാനം എഴുതിയ തൻ്റെ നിയമത്തിൽ പറയുന്നു, “ദൈവത്തിൻ്റെ അത്യുന്നതനായ പുത്രൻ്റെ ഏറ്റവും വിശുദ്ധമായ ശരീരവും രക്തവും അല്ലാതെ മറ്റൊന്നും ഞാൻ അവനായി കാണുന്നില്ല.”
ഫ്രാൻസിസ് കൂദാശയിലേക്ക് ഉറ്റുനോക്കിയപ്പോൾ, ക്രൂശിക്കപ്പെട്ട കർത്താവിൻ്റെ ഒരു പ്രതീകമോ ഓർമ്മപ്പെടുത്തലോ കണ്ടില്ല, മറിച്ച് യേശു തന്നെ, അവനെ [പുരോഹിതൻ്റെ] കൈകളിൽ ഏൽപ്പിക്കുകയും ഞങ്ങൾ അവനെ തൊടുകയും, ദിവസവും നാവിൽ സ്വീകരിക്കുകയും ചെയ്യുന്നു. അതിനെ, കുർബാന എന്ന് പരാമർശിച്ചാൽ പോലും, ഓരോ ദിവസവും പിതാവിൻ്റെ മടിയിൽ നിന്ന് ബലിപീഠത്തിന്മേൽ ഇറങ്ങിവരുന്നവൻ്റെ ജീവനുള്ള, ശ്വാസോച്ഛ്വാസ സാന്നിധ്യത്തിൻ്റെ യാഥാർത്ഥ്യം ഉൾക്കൊള്ളാൻ പര്യാപ്തമാവുന്നില്ല.
കർത്താവിന്റെ യഥാർത്ഥ സാന്നിധ്യം അദ്ദേഹത്തിന് സജീവവും മൂർത്തവും അടുപ്പമുള്ളതുമാണ്. ഫ്രാൻസിസിനെ സംബന്ധിച്ചിടത്തോളം, അവൻ്റെ കർത്താവും സഹോദരനുമായ യേശു ദിവ്യബലി സ്വീകരിക്കുമ്പോഴെല്ലാം വ്യക്തിപരമായി അവൻ്റെ അടുക്കൽ വന്നു. ഇത് ആത്മാവിൻ്റെ കൃപയാൽ മാത്രം മനസ്സിലാക്കാൻ കഴിയുന്ന ഒരു യാഥാർത്ഥ്യമാണ്, അത് സ്നേഹമാണ്. അദ്ദേഹം തന്റെ സഹോദരങ്ങളോട് പറയാറുണ്ട്; ഞാൻ ബലിയർപ്പിക്കാൻ വരുന്നില്ല എന്നു കാണുകയാണെങ്കിൽ ഞാൻ മരിച്ചതായി കരുതണം. വിശുദ്ധ ബലിയർപ്പണം കൈകാര്യം ചെയ്യുന്ന പൗരോഹിത്യത്തിന്റെ മഹത്വം കൊണ്ട് അദ്ദേഹം പുരോഹിതൻ ആകാൻ തയ്യാറില്ല. അദ്ദേഹം എഴുതി:
സഹോദരന്മാരേ, ദൈവത്തിൻ്റെ വിനയം നോക്കുവിൻ.
നിങ്ങളുടെ ഹൃദയങ്ങൾ അവൻ്റെ മുമ്പാകെ പകരുക’ [സങ്കീർത്തനങ്ങൾ 62:9]
സ്വയം താഴ്ത്തുക;
അവനാൽ നിങ്ങൾ ഉയർത്തപ്പെടും!!
നിങ്ങൾക്കായി ഒന്നും കരുതരുത്;
തന്നെത്തന്നെ പൂർണ്ണമായി നിങ്ങൾക്ക് നൽകുന്നവൻ
നിങ്ങളെ പൂർണ്ണമായും സ്വീകരിച്ചേക്കാം!