ആദ്യ നൂറ്റാണ്ടുകളിൽ എപ്രകാരമാണ് ബലിയർപ്പിച്ചിരുന്നത്?
ഒരേസമയം വിരുന്നും ബലിയർപ്പണവുമായിരുന്ന വിശുദ്ധ കുർബാന എപ്പോഴാണ് പൂർണ്ണമായും ആരാധനാക്രമ രീതിയിലുള്ള ഒരു ബലിയർപ്പണമായി രൂപപ്പെട്ടത് എന്ന് കൃത്യമായി നമുക്ക് മനസ്സിലാക്കാൻ സാധിക്കില്ല. സഭാ പിതാവായ വിശുദ്ധ ജസ്റ്റിന്റെ പരാമർശത്തിൽ നിന്നും യഹൂദരുടെ സിനഗോഗുകളിലെ പ്രാർത്ഥനാ രീതിയോട് സമമായ ഒരു പ്രാർത്ഥന രീതിയായിരുന്നു ക്രിസ്ത്യാനികൾ രണ്ടും മൂന്നും നൂറ്റാണ്ടുകളിൽ അവലംബിച്ചിരുന്നത് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഈ കാലഘട്ടങ്ങളിൽ എല്ലാം കർത്താവിന്റെ ദിവസം എന്ന് അറിയപ്പെട്ടിരുന്ന ആഴ്ചയുടെ ആദ്യ ദിനത്തിൽ ആയിരുന്നു ക്രൈസ്തവർ ഒരുമിച്ച് കൂടിയിരുന്നതും പ്രാർത്ഥിച്ചിരുന്നതും. ഈ കാലഘട്ടങ്ങളിലെ ബലിയർപ്പണ രീതികളുടെ സവിശേഷതകൾ താഴെ പറയുന്നവയാണ്:
സുവിശേഷങ്ങളിൽ നിന്നും ലേഖനങ്ങളിൽ നിന്നും ഉള്ള വായനകൾ, വായനകളെ അടിസ്ഥാനപ്പെടുത്തിയുള്ള വചന പ്രസംഗങ്ങൾ, മധ്യസ്ഥ പ്രാർത്ഥനകൾ, സമാധാനാശംസ, പ്രാർത്ഥനയോടും കൃതജ്ഞത സ്തോത്രത്തോടും കൂടിയുള്ള സ്ഥാപന വാക്യങ്ങൾ
ക്രിസ്തുവിന്റെ തിരുശരീര രക്തങ്ങളിൽ ഉള്ള ജനങ്ങളുടെ പങ്കാളിത്തം, ദരിദ്രരെ സഹായിക്കാനുള്ള നേർച്ച ശേഖരിക്കൽ
ആ കാലഘട്ടങ്ങളിൽ ബലിയർപ്പണത്തിനോട് ചേർന്ന് വിരുന്ന് ഉണ്ടായിരുന്നില്ല. ക്രിസ്തുവിന്റെ സഭയിൽ അംഗബലം കൂടിയതിനാൽ അവ ഒരുപക്ഷേ പ്രായോഗികമല്ലാതായിരുന്നത് ആയിരിക്കാം കാരണം. അതിനാൽ തന്നെ ഒരൊറ്റ ബലിപീഠത്തിലും കാർമ്മികനിലും കേന്ദ്രീകരിച്ചിട്ടുള്ള ബലിയർപ്പണ രീതി ക്രമേണ നിലവിൽ വന്നു. പെസഹായെ അനുസ്മരിക്കാൻ ക്രിസ്തുവിന്റെ സ്ഥാപനവാക്യങ്ങൾ ഉരുവിടുന്നതിന് പ്രാധാന്യം ലഭിച്ചു. ഹിപ്പോളിറ്റസിന്റെ അപ്പസ്തോലിക പാരമ്പര്യമാണ് ദിവ്യകാരുണ്യ ആരാധനാക്രമത്തെ കുറിച്ചുള്ള ആദ്യത്തെ പൂർണ്ണമായ പതിപ്പ്. അത് പ്രകാരം സ്ഥാപനവാക്യങ്ങളും യഹൂദ ആരാധനാക്രമ രീതികളും ക്രിസ്തുവിന്റെ രക്ഷാകര രഹസ്യങ്ങളെ കുറിച്ചുള്ള ധ്യാനങ്ങളും, ആദ്യ ക്രൈസ്തവ സമൂഹങ്ങളിൽ ഉണ്ടായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. ഈ കാലഘട്ടത്തിൽ വിരുന്ന് പ്രായോഗികം അല്ലായിരുന്നു എങ്കിലും പ്രതീകാത്മകമായി ഒരു വിരുന്നായിട്ടാണ് ബലിയർപ്പണത്തെ കണ്ടിരുന്നത്.