വിശുദ്ധ കുർബാന: വിശ്വസിക്കേണ്ട രഹസ്യം
വിശ്വാസത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ ആഘോഷമാണ് വിശുദ്ധ കുർബാന. കുർബാന അത്യുൽകൃഷ്ടമായ വിശ്വാസത്തിന്റെ രഹസ്യമാണ്. നമ്മുടെ വിശ്വാസത്തിന്റെ ആകെത്തുകയും സംക്ഷേപവുമാണത്. സഭയുടെ വിശ്വാസം സാരാംശപരമായി കുർബാനാധിഷ്ഠിത വിശ്വാസമാണ്. അത് കുർബാനയുടെ മേശയിൽ സവിശേഷമാംവിധം പരിപോഷിപ്പിക്കപ്പെടുന്നു (സ്നേഹത്തിന്റെ കൂദാശ 6). കുർബാനയിലുള്ള വിശ്വാസത്തിന്റെ ഒന്നാമത്തെ ഘടകം ദൈവത്തിന്റെ തന്നെ രഹസ്യമാണ്; ത്രിത്വാത്മകസ്നേഹമാണത് (സ്നേഹത്തിന്റെ കൂദാശ 7). പരിശുദ്ധ ത്രിത്വത്തിന്റെ സ്നേഹരഹസ്യത്തിൽ പങ്കുചേരാനുള്ള വിളിയാണ് വിശുദ്ധ കുർബാനയിലുള്ളത്. ലോകത്തോടുള്ള ദൈവത്തിന്റെ അനന്തമായ സ്നേഹത്തിന്റെ ആവിഷ്കാരമാണ് വിശുദ്ധ കുർബാന. ‘എന്തെന്നാൽ, അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നല്കുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു’. ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചത് ലോകത്തെ ശിക്ഷയ്ക്ക് വിധിക്കാനല്ല, പ്രത്യുത, അവൻ വഴി ലോകം രക്ഷപ്രാപിക്കാനാണ്’ (യോഹ 3: 16-17). ദൈവത്തിന്റെ ഏറ്റവും സ്പഷ്ടമായ കൗദാശികപ്രകാശനമാണ് വിശുദ്ധ കുർബാന. വിശുദ്ധ കുർബാനയിൽ ഈശോ തന്നെത്തന്നെ നമുക്കായി നല്കുന്നു. അവിടുന്നു തന്റെ ജീവന്റെ സമഗ്രതയാണ് നമുക്കു നല്കുന്നത് (സ്നേഹത്തിന്റെ കൂദാശ 7)