February 19, 2026
#Adorations #Catechism #Church #Editorial #News

ദിവ്യകാരുണ്യ അത്ഭുതങ്ങളെ പരിചയപ്പെടുത്താനും, ലോകം മുഴുവൻ നടക്കുന്ന ലൈവ് ആരാധനകൾ ലഭ്യമാക്കാനും, വിശുദ്ധ കാർലോസ് അക്യൂട്ടീസിന്റെ ജീവിതം പരിചയപ്പെടുത്താനും പുതിയ മൊബൈൽ ആപ്പ് പുറത്തിറങ്ങി!!

St Carlo: Eucharistic miracles


Download ; https://play.google.com/store/apps/details?id=com.stcarloshrine.carlomiracles&pcampaignid=web_share

2026 ഫെബ്രുവരി 14-ന്, പെൻസിൽവേനിയയിലെ മാൽവേണിലുള്ള വിശുദ്ധ കാർലോ അക്യുട്ടിസ് തീർത്ഥാടന കേന്ദ്രം, വിശുദ്ധ കുർബാന അത്ഭുതങ്ങൾക്കായി സമർപ്പിക്കപ്പെട്ട പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി. യുവ ഇറ്റാലിയൻ വിശുദ്ധന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. “കാർലോ തന്റെ കാലഘട്ടത്തിലെ സാങ്കേതികവിദ്യ ഉപയോഗിച്ചത് ജനങ്ങളെ വിശുദ്ധ കുർബാനയിലുള്ള ഈശോയോട് അടുപ്പിക്കാനായിരുന്നു,” മാൽവേൺ റിട്രീറ്റ് ഹൗസിലെ വിശുദ്ധ കാർലോ അക്യുട്ടിസ് തീർത്ഥാടന കേന്ദ്രത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ മേരി ബിയ ഡാമിക്കോ പറഞ്ഞു. “ഈ ആപ്പിലൂടെ ഞങ്ങൾ ആ ദൗത്യം മുന്നോട്ട് കൊണ്ടുപോവുകയാണ്. വിശുദ്ധ കുർബാന ഈശോയുടെ ജീവിക്കുന്ന ഹൃദയമാണെന്ന് പ്രഘോഷിക്കാൻ ഞങ്ങൾ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. വിശുദ്ധ കാർലോയുടെ മനോഹരമായ ജീവിതയാത്രയും ഈ ആപ്പ് പങ്കുവെക്കുന്നു. ഓരോരുത്തരും സൃഷ്ടിക്കപ്പെട്ടത് വിശുദ്ധരാകാനാണെന്നും ആ പാതയിൽ മുന്നേറാൻ ഇത് എല്ലാവരെയും ക്ഷണിക്കുന്നുവെന്നും” അവർ കൂട്ടിച്ചേർത്തു. വിശുദ്ധ കാർലോ അക്യുട്ടിസിന്റെ മാതാവ് അന്റോണിയ അക്യുട്ടിസുമായി സഹകരിച്ചാണ് ഈ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. യുവ വിശുദ്ധൻ തന്റെ ‘ഇന്റർനാഷണൽ എക്സിബിഷൻ ഓഫ് യൂക്കറിസ്റ്റിക് മിറക്കിൾസ്’ എന്ന പ്രദർശനത്തിലൂടെ ക്രോഡീകരിച്ച വിശുദ്ധ കുർബാന അത്ഭുതങ്ങളുടെ ചരിത്രങ്ങൾ ഇപ്പോൾ മൊബൈലിൽ ലഭ്യമാകും.
2006-ൽ 15-ാം വയസ്സിൽ അന്തരിക്കുകയും 2025 സെപ്റ്റംബറിൽ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുകയും ചെയ്ത കാർലോ അക്യുട്ടിസ്, സഭ അംഗീകരിച്ച വിശുദ്ധ കുർബാന അത്ഭുതങ്ങളെ പട്ടികപ്പെടുത്താനും പ്രചരിപ്പിക്കാനും സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നു. മൊബൈൽ സാങ്കേതികവിദ്യയും സോഷ്യൽ മീഡിയയും വരുന്നതിന് എത്രയോ മുമ്പ് തന്നെ, ഇന്റർനെറ്റ് സുവിശേഷവൽക്കരണത്തിനുള്ള ശക്തമായ ഉപകരണമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. കാർലോയുടെ ജീവിതത്തിലെ നിർണ്ണായക നിമിഷങ്ങളിലൂടെയുള്ള ഒരു സംവേദനാത്മക യാത്രയായ “ലിവ് ലൈക് കാർലോ” (Live Like Carlo), ലോകമെമ്പാടുമുള്ള ചാപ്പലുകളിൽ നിന്നുള്ള ഓൺലൈൻ ആരാധന (Adoration) എന്നിവയും ഈ ആപ്പിലെ പ്രത്യേകതകളാണ്.

ലോകമെമ്പാടുമുള്ള യുവാക്കളിലേക്ക് എത്താനുള്ള ഉപകരണം

“യേശുവിനെക്കുറിച്ചും പ്രത്യേകിച്ച് വിശുദ്ധ കുർബാനയെക്കുറിച്ചും സംസാരിക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് കാർലോ ഇഷ്ടപ്പെട്ടിരുന്നു. അവന്റെ ഭക്തി ലോകമെമ്പാടുമുള്ള യുവാക്കളിലേക്കും കുടുംബങ്ങളിലേക്കും എത്തുന്ന രീതിയിൽ പങ്കുവെക്കപ്പെടുന്നത് കാണുമ്പോൾ എനിക്ക് സന്തോഷമുണ്ട്,” ഈ സംരംഭത്തെക്കുറിച്ച് അന്റോണിയ അക്യുട്ടിസ് പറഞ്ഞു. ഫിലാഡൽഫിയ ആർച്ച് ബിഷപ്പ് നെൽസൺ ജെ. പെരസ് ഈ ആപ്പിനെ “അതിശയകരം” എന്ന് വിശേഷിപ്പിച്ചു. യുവാക്കളുമായി ബന്ധപ്പെടുക എന്ന തന്റെ മുൻഗണനകളിലൊന്ന് ഇതിലൂടെ നിറവേറ്റപ്പെടുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “വിശുദ്ധ കാർലോ അക്യുട്ടിസ് തീർത്ഥാടന കേന്ദ്രവും ഈ ആപ്പും നമ്മുടെ വൈദികർക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും കുട്ടികളോട് കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് സംസാരിക്കാൻ സഹായകമാകും. എല്ലാ ദിവസവും വിശ്വാസം ജീവിക്കാനുള്ള നമ്മുടെ വിളിയെ ഇത് പിന്തുണയ്ക്കുന്നു,” അദ്ദേഹം പറഞ്ഞു.

Share this :

Leave a comment

Your email address will not be published. Required fields are marked *