ഈ മലബാറിലെ സകലമാന കുടിയേറ്റ കേന്ദ്രങ്ങളും പരിശുദ്ധ കുർബാനക്ക് ചുറ്റും വളർന്ന നഗരങ്ങളാണ്
അഭിവന്ദ്യ ജോസഫ് പാംപ്ലാനി പിതാവ് തലശേരി അതിരൂപതയിലെ തോമാപുരം ഇടവകയിൽ വച്ച് നടക്കുന്ന ദിവ്യ കോൺഗ്രസിൽ നടത്തിയ ആമുഖ പ്രസംഗം!!
പ്രിയപ്പെട്ടവരെ ഈ പരിശുദ്ധ കുർബാനയെ സ്നേഹിക്കാൻ പരിശുദ്ധ കുർബാനയോട് ഒത്തായിരിക്കുവാൻ, പരിശുദ്ധകുർബാനയാണ് നമ്മുടെ സർവ്വസ്വവും എന്ന സത്യം തിരിച്ചറിയാൻ ഈ പ്ലാറ്റിനം ജൂബിലിയിലേക്ക് നമ്മൾ കടക്കുമ്പോൾ, ഈ വർഷം പരിശുദ്ധ കുർബാനയെ സ്നേഹിക്കുന്ന വർഷമാകണം എന്ന് അതിരൂപതയുടെ ആലോചനാ സമിതികൾ എല്ലാം ഒരു മനസ്സോടെ ചിന്തിച്ചത് ഏറെ അർത്ഥപൂർണ്ണമാണ് എന്ന് ഞാൻ വിചാരിക്കുന്നു. കാരണം, ഈ മലബാറിന്റെ മണ്ണിലേക്ക് നൂറു വർഷങ്ങൾക്കു മുമ്പ് നമ്മുടെ പൂർവികർ കുടിയേറി പാർത്തപ്പോൾ നമ്മളെ നമ്മളാക്കി തീർക്കാൻ കർത്താവ് കൂടെ നടന്ന അനുഭവമാണ് കുടിയേറ്റ ജനം, പരിശുദ്ധ കുർബാന എന്ന് വിശേഷിപ്പിക്കുന്നത്. സ്വന്തമായി ഒരു ഷെഡ് കെട്ടുന്നതിനു മുൻപേ ജനം തങ്ങൾക്ക് പൊതുവായി ഒരു ആല നിർമ്മിച്ച് അവിടെ പരിശുദ്ധ കുർബാന അർപ്പിച്ച് അപ്രകാരം നിർമ്മിച്ച ആലകൾ പിന്നീട് ഒരു ജനതയുടെ വിശ്വാസത്തിന്റെയും, സാമൂഹിക ജീവിതത്തിന്റെയും അടിസ്ഥാന കേന്ദ്രമായി മാറിയ പട്ടണങ്ങളായി പരിണമിച്ച ഈ മലബാറിലെ സകലമാന കുടിയേറ്റ കേന്ദ്രങ്ങളും പരിശുദ്ധ കുർബാനക്ക് ചുറ്റും വളർന്ന നഗരങ്ങളാണ്. എന്ന് നമുക്കേറെ അഭിമാനത്തോടെ സന്തോഷത്തോടെ പറയാൻ പറ്റും. ആദിമസഭ പരിശുദ്ധ കുർബാനയെ കുറിച്ച് പഠിപ്പിക്കുമ്പോൾ രക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിന്റെ സുന്ദരമായ ഒരു പദപ്രയോഗമുണ്ട് ‘സീനെ ദോമിനിക്ക നോൺ പോസിറ്റീമോസ്’ എന്നാണ് അതായത് ഞായറാഴ്ച കുർബാന ഇല്ലാതെ ഞങ്ങൾക്ക് ജീവിക്കാൻ ആവില്ല. എന്ന് ആദിമസഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ജീവിക്കുകയും ചെയ്തു. ശരിക്കും ആ ഒരു വിശ്വാസത്തിന്റെ ആഴത്തെ ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തിയ, പൂർവികരുടെ പിൻഗാമികളാണ് നാം. അതുകൊണ്ടാണ്, കുടിയേറ്റത്തിന്റെ ശതാബ്ദിയിലേക്ക്
നാം കാലെടുത്തു വെക്കുമ്പോൾ നാം ഈ വർഷം എങ്ങനെ ആചരിക്കണം എന്ന ചിന്തയ്ക്ക് രണ്ടാമതൊന്നും ആലോചിക്കേണ്ടതില്ല. നമ്മെ നമ്മൾ ആക്കിയ, പരിശുദ്ധ കുർബാനയെ ധ്യാനിക്കാൻ സ്നേഹിക്കാൻ ഈ വർഷം നമുക്ക് സമർപ്പിക്കാം എന്ന് തീരുമാനിച്ചത്. പ്രിയപ്പെട്ടവരെ പരിശുദ്ധ കുർബാന ഒരു അപ്പമല്ല അതൊരു വസ്തുവല്ല നമ്മുടെ കർത്താവും രക്ഷകനുമായ പരിശുദ്ധ ത്രീത്വത്തിലെ രണ്ടാം ആളായ പുത്രൻ തമ്പുരാൻ തന്റെ സകല മഹിമ പ്രതാപങ്ങളോടും മഹത്വത്തിന്റെ പൂർണ്ണതയിൽ നമ്മോടൊത്തായിരിക്കുന്നതാണ്. വിശുദ്ധഗ്രന്ഥത്തിൽ ഉടനീളം ദൈവജനത്തെ ദൈവം വിളിക്കുമ്പോൾ അവർക്കെല്ലാം കൊടുക്കുന്ന ഒരു ആശ്വാസത്തിന്റെ വചനമുണ്ട്, ഭയപ്പെടേണ്ട, ഞാൻ നിന്നോട് കൂടെയുണ്ട്. ഇതാണ് ദൈവം താൻ ക്ഷണിച്ച താൻ തിരഞ്ഞെടുത്ത സകലമാനമനുഷ്യരോടും ആവർത്തിച്ച് ആവർത്തിച്ചു
പറഞ്ഞ സത്യം. പ്രിയപ്പെട്ടവരെ ഞാൻ നിന്നോട് കൂടെയുണ്ട് എന്ന ആ ദൈവത്തിന്റെ അരുളപ്പാടിന്റെ
സാക്ഷാത്കാരമാണ് പരിശുദ്ധകുർബാനയിൽ നമ്മോടൊത്ത് വസിച്ചുകൊണ്ട് ദൈവം ഇവിടെ സാക്ഷാത്കരിക്കുന്നത്. ആ
ദൈവസാന്നിധ്യത്തെ സ്തുതിക്കാം. നമ്മോടൊത്ത്, നമ്മുടെ കുടുംബത്തോടൊത്ത് വിദൂരങ്ങളിലും വിദേശങ്ങളിലും പഠനത്തിലും ജോലിയിലും
ആയിരിക്കുന്ന നമ്മുടെ മക്കളോടൊത്ത് വസിക്കുന്ന ദൈവത്തിൻറെ പേരാണ് പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോ.
പ്രിയപ്പെട്ടവരെ ദൈവം നമ്മോടുകൂടെ എന്നർത്ഥം ഉള്ള എമ്മാനുവേൽ എന്നവൻ വിളിക്കപ്പെടും എന്ന
ഐസയ്യാസിന്റെ പ്രവചനത്തിന്റെ പൊരുൾ പരിശുദ്ധ കുർബാനയെ നോക്കിയാണ് നാം പഠിക്കുക. കൂടെ വസിക്കുന്ന
ദൈവമാണ് പരിശുദ്ധ കുർബാന. പരിശുദ്ധ കുർബാനയെ നോക്കിയിരുന്നാൽ നാമെല്ലാം പ്രകാശമുള്ളവരായി തീരും. പുറപ്പാടിന്റെ
പുസ്തകം 34 ആം അധ്യായം 29 മുതലുള്ള തിരുവചനങ്ങളിൽ നാം മലമുകളിൽ കയറി കർത്താവിനെ മുഖാമുഖം കണ്ടു സംസാരിച്ച മോശ തിരികെ ഇറങ്ങി വന്നപ്പോൾ അഹറോനും ജോഷ്വക്കും അവന്റെ മുഖത്തേക്ക് നോക്കാൻ പോലും കഴിയാത്ത വിധം അവന്റെ മുഖം സൂര്യനെ
പോലെ തേജസ്സുകൊണ്ട് ജ്വലിച്ചിരുന്നു. പരിശുദ്ധ കുർബാനയെ നോക്കിയിരിക്കുമ്പോൾ ഈ കുർബാനയെ ആരാധിക്കുമ്പോൾ പരിശുദ്ധ കുർബാനയുടെ സന്നിധിയിൽ ആയിരിക്കുമ്പോൾ നമ്മിലും സംഭവിക്കുന്നത് ഈ ഒരു വലിയ അത്ഭുതമാണ്. പ്രിയപ്പെട്ടവരെ നാം ഓരോരുത്തരും ദിവ്യകാരുണ്യത്താൽ പ്രകാശിക്കുന്നവരായി മാറുന്നു. തിന്മയുടെ, അന്ധകാരത്തിന്റെ എല്ലാ ശക്തികളും ഈ ദേശം വിട്ടുപോകുന്ന അനുഭവമാണ്
ദിവ്യകാരുണ്യ ആരാധനയിലൂടെ സംഭവിക്കുന്നത് എന്ന സത്യം നാം മനസ്സിലാക്കുക. ഈ ദിവ്യകാരുണ്യ കോൺഗ്രസിൽ
വലിയ അത്ഭുതങ്ങൾ സംഭവിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം, സത്യം സത്യമായും ദൈവം നമ്മോടൊത്ത്
വസിക്കുമ്പോൾ, അവിടുന്ന് നമ്മോട് മുഖാമുഖം സംസാരിക്കുമ്പോൾ, അവിടുന്ന് തന്റെ കരങ്ങൾ നീട്ടി നമ്മെ തൊടുമ്പോൾ, സുഖപ്പെടാത്ത
ഏത് രോഗങ്ങളാണ് ഉള്ളത്, വിട്ടുമാറാത്ത ഏത് സങ്കടങ്ങളാണ് ഉള്ളത്. അവിടുത്തേക്ക് തുടച്ചുനീക്കാൻ കഴിയാത്ത ഏത് കണ്ണുനീരാണ്
നമ്മിൽ ശേഷിക്കുക. വിശ്വസിക്കുക നീ ദൈവത്തിൻറെ മഹത്വം ദർശിക്കാൻ പോകുന്ന അവസരമാണ് ഈ പരിശുദ്ധ കുർബാന എന്ന സത്യം
ഓർക്കുക.
മൂന്നാമതായി, അവസാനമായി, മദർ തെരേസ പറഞ്ഞ ഒരു സത്യം പറഞ്ഞു ഞാൻ അവസാനിപ്പിക്കുകയാണ്. മദർ തെരേസായെ സൗദി
അറേബ്യയിൽ മഠം തുടങ്ങാൻ അവിടുത്തെ രാജാവ് നേരിട്ട് ക്ഷണിച്ചു. മദറിന്റെ വലിയ നന്മകൾ കേട്ട് ഇതര മതസ്ഥർക്ക് പ്രവർത്തിക്കാൻ
ഒരുപാട് പരിമിതികൾ ഉള്ള രാജ്യത്ത് രാജാവ് തന്നെ മദറിനെ വിളിച്ചു. മദറിനു വേണ്ട സൗകര്യങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു. മദർ പറഞ്ഞു ഞങ്ങൾക്ക് എല്ലാ ദിവസവും പരിശുദ്ധ കുർബാന വേണം. ഒരു വൈദികനെ അതുകൊണ്ട് ഇവിടെ താമസിപ്പിക്കണം. ഈ രാജ്യത്ത് ഒരു വൈദികന് കൂടി അനുവാദം കൊടുക്കണം. രാജാവ് പറഞ്ഞു, അത് ഞങ്ങളുടെ രാജ്യത്തിന്റെ നിയമത്തിന് എതിരാണ് മദർ പറഞ്ഞു. പരിശുദ്ധ കുർബാനയില്ലാതെ, ഞങ്ങൾക്ക് നന്മ ചെയ്യാൻ ആവില്ല. ഞങ്ങളുടെ ശക്തി പരിശുദ്ധ കുർബാനയാണ്. പ്രിയപ്പെട്ടവരെ, എന്നിട്ട് മദർ തെരേസ പറഞ്ഞ സുന്ദരമായ ഒരു വാചകം ഇതാണ്; പരിശുദ്ധ കുർബാനയിൽ ഈശോയുടെ തിരുമുഖം കാണാൻ കഴിയാത്തവർക്ക്, ഒരിക്കലും സാധാരണക്കാരനിൽ, പാവപ്പെട്ടവനിൽ, ദരിദ്രനിൽ, രോഗിയിൽ ഈശോയുടെ തിരുമുഖം കാണാൻ കഴിയില്ല. എല്ലാ ജീവകാരുണ്യവും ദിവ്യകാരുണ്യത്തെ ആരാധിച്ചു കൊണ്ടാണ് ആരംഭിക്കുന്നത് എന്ന അത്ഭുതകരമായ സത്യം
പ്രിയപ്പെട്ടവരെ ആ അമ്മ നമ്മളെ പഠിപ്പിക്കുകയാണ്. അതൊരു വലിയ സത്യമാണ്; പരിശുദ്ധ കുർബാനയെ സ്നേഹിച്ച്, സ്നേഹിച്ച്, സർവ്വതും അപരനായി പങ്കുവെക്കുന്ന ദിവ്യകാരുണ്യമായി മാറുന്ന അത്ഭുതമാണ് ഈ ദിവ്യകാരുണ്യ കോൺഗ്രസിൽ
സംഭവിക്കാനിരിക്കുന്നത്. നമുക്ക്പ്രാർത്ഥിക്കാം നിത്യസ്തുതിക്ക് യോഗ്യമായ പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും, സ്തുതിയും, പുകഴ്ചയും, ഉണ്ടായിരിക്കട്ടെ.