കഴുത സഞ്ചരിച്ച വഴിയിലൂടെ…..

തിരുവോസ്തികളും അത് പൊതിഞ്ഞിരുന്ന അൾത്താരവിരിയും രക്തത്തിൽ കുതിർന്നിരിക്കുന്നതായാണ് അവർ കണ്ടത് !!
സ്പാനിഷ് – മോർ യുദ്ധ പരമ്പരകൾക്കിടെ ദറോക്കയിൽ, 1290 -ൽ ഒരു അത്യപൂർവ്വ അത്ഭുതം സംഭവിക്കുകയുണ്ടായി. കാസലോ ഓഫ് ഷിയോൽ കീഴടക്കാൻ അണിനിരന്ന സ്പാനിഷ് സൈന്യാധിപന്മാരുടെ ആവശ്യപ്രകാരം യുദ്ധസ്ഥലത്ത് പുരോഹിതനായിരുന്ന ഡോൺ മാത്യൂ മാർട്ടിനസ് ദിവ്യബലി അർപ്പിക്കുകയായിരുന്നു. ആറ് സൈന്യാധിപന്മാർക്കായി ആറ് തിരുവോസ്തികൾ വാഴ്ത്തി കൂദാശ ചെയ്ത വേളയിൽ മുന്നറിയിപ്പില്ലാതെ ശത്രുക്കളുടെ ആക്രമണം ഉണ്ടായി. ദിവ്യബലി നിർത്തിവെക്കാൻ നിർബന്ധിതനായ പുരോഹിതൻ, ശത്രുക്കളുടെ കണ്ണിൽ പെടാതെ തിരുവോസ്തികൾ തുണിയിൽ പൊതിഞ്ഞ് ഒരു പാറയുടെ കീഴെ ഒളിപ്പിച്ചുവെച്ചു. സ്പാനിഷുകാർ യുദ്ധം ജയ്യിക്കുകയും, വിജയത്തിന്ന ന്ദിസൂചകമായി ഒളിപ്പിച്ചുവെച്ച തിരുവോസ്തികൾ വീണ്ടെടുക്കാനും സ്വീകരിക്കാനുമായി സ്ഥലത്ത് എത്തിച്ചേരുകയും ചെയ്തു. എന്നാൽ, തിരുവോസ്തികളും അത് പൊതിഞ്ഞിരുന്ന അൾത്താരവിരിയും രക്തത്തിൽ കുതിർന്നിരിക്കുന്നതായാണ് അവർ കണ്ടത്. അവിശ്വസനീയവും, അതിശ്രേഷ്ഠവുമായ ഈ മഹാത്ഭുതത്തിന്റെ തെളിവായ രക്തം പുരണ്ട തിരുവസ്ത്രം ആര് കൊണ്ടുപോകണം എന്നതിൽ തർക്കമുണ്ടാവുകയും,
തുടർന്ന് ഭൂരിപക്ഷ അഭിപ്രായപ്രകാരം തിരുവസ്ത്രം കഴുതയുടെ പുറത്തുവെച്ച് കഴുതയെ സ്വതന്ത്രമായി വിടുകയും ചെയ്തു. 12 ദിവസം സഞ്ചരിച്ച് 200 മൈൽ ദൂരം പിന്നിട്ട ശേഷം കഴുത തളരുകയും, ഡെറോക്കയിലെ സെന്റ് മാർക്ക് ദേവാലയത്തിനു മുന്നിൽ വീഴുകയും ചെയ്തു. പ്രസ്തുത സ്ഥലത്ത് പരിശുദ്ധ മറിയത്തിന്റെ നാമധേയത്തിൽ ഒരു ദേവാലയം പണികഴിപ്പിക്കുകയും, രക്തം പുരണ്ട തിരുവസ്ത്രം ഇവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. ആ തിരുവസ്ത്രത്തിലെ രക്തശേഷിപ്പ് യാതൊരു വ്യത്യാസവും കൂടാതെ പ്രസ്തുത ദേവാലയത്തിൽ ജീവിക്കുന്ന ദിവ്യകാരുണ്യ അത്ഭുതമായി ഇന്നും വണക്കത്തിലുണ്ട്.























































































































































































































































































































































