ഇരിങ്ങാലക്കുട രൂപതയിലെദിവ്യകാരുണ്യ കോൺഗ്രസ്
ഇരിങ്ങാലക്കുട: ദിവ്യകാരുണ്യത്തിൻ്റെ ശക്തിയും ചൈതന്യവും വിളിച്ചോതി ഇരിങ്ങാലക്കുട രൂപതാ ദിവ്യകാരുണ്യ കോൺഗ്രസ്. കേരളസഭാ നവീകരണത്തിന്റെയും, രൂപത സുവർണ്ണ ജൂബിലി വാർഷികത്തിൻ്റെയും, മുന്നോടിയായി മെയ് 19 നാണ് ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ ദിവ്യകാരുണ്യ കോൺഗ്രസ്സ് നടത്തപ്പെട്ടത്. രൂപത ഭദ്രാസന ദൈവാലയമായ സെന്റ് തോമസ് കത്തീഡ്രൽ അങ്കണത്തിൽ രൂപത മെത്രാൻ അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ്റെ അധ്യക്ഷതയിൽ നടന്ന ദിവ്യകാരുണ്യ കോൺഗ്രസ് സമ്മേളനം, അപ്പസ്തോലിക് ന്യൂൺഷോ ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് പാനിക്കുളം ഉദ്ഘാടനം ചെയ്തു. മെയ് 19 ന് രാവിലെ 9.30 മുതൽ കത്തീഡ്രലിനോടു ചേർന്ന് 7 കേന്ദ്രങ്ങളിലായി സെമിനാറുകളോടെയാണ് ദിവ്യകാരുണ്യ കോൺഗ്രസ് ആരംഭിച്ചത്. പ്രധാന വേദിയായ കത്തീഡ്രൽ ദൈവാലയങ്കണത്തിൽ ദിവ്യകാരുണ്യ ആരാധനയും, ദിവ്യബലിയും, ദിവ്യകാരുണ്യ പ്രദക്ഷിണവും നടത്തപ്പെട്ടു. രൂപതയിലെ രണ്ടര ലക്ഷത്തോളം അത്മായവിശ്വാസികളുടെ പ്രതിനിധികളും വൈദികരും സന്യസ്ഥരുമടക്കം ഏകദേശം ഇരുപതിനായിരത്തോളം ആളുകൾ ദിവ്യകാരുണ്യ മഹോത്സവത്തിന് സാക്ഷികളായി.