ദൈവൈക്യശുശ്രുക്ഷ
ദൈവത്തോടും സഹോദരങ്ങളോടുമുള്ള ഗാഢമായ ഐക്യം സ്ഥാപിക്കുക എന്നതാണ് കൂർബാനയിലൂടെ ലക്ഷ്യമാക്കുന്നത്. ദൈവൈക്യശുശ്രൂഷയിലെ ഏറ്റവും അടുത്ത ഒരുക്കമാണ് കർത്തൃപ്രാർത്ഥന. ദൈവത്തോടും സഹോദരങ്ങളോടും അനുരഞ്ജനപ്പെട്ട് ഗാഢമായ ഐക്യപ്പെടലിന് ഒരുങ്ങിനില്ക്കുന്ന ദൈവമക്കളാണ് ഒരുമിച്ച് സ്വർഗസ്ഥനായ പിതാവിനെ വിളിച്ച് പ്രാർത്ഥിക്കുന്നത്. ദിവ്യരഹസ്യങ്ങളിൽ പങ്കുചേർന്ന് ഈശോമിശിഹായോടും അവിടുന്നിലൂടെ പരിശുദ്ധത്രിത്വത്തോടും വിശ്വാസികൾ ഐക്യപ്പെടുന്നു. അതുപോലെതന്നെ, സഹോദരരോടും ഐക്യപ്പെടുന്നു.
സമാധാനാശംസയെത്തുടർന്ന്, കാർമ്മികൻ ‘വിശുദ്ധ കുർബാന വിശുദ്ധ ജനത്തിനുള്ളതാകുന്നു’ എന്നു പറഞ്ഞ് വിശുദ്ധ കുർബാന സ്വീകരിക്കുന്നവർക്കുണ്ടായിരിക്കേണ്ട ജീവിതവിശുദ്ധിയെക്കുറിച്ച് ജനത്തെ അനുസ്മരിപ്പിക്കുന്നു. പ്രത്യുത്തരമായി പരിശുദ്ധ ത്രിത്വത്തിന്റെ പരമപരിശുദ്ധിയെ പ്രഘോഷിക്കുന്നതിനൊപ്പം വിശ്വാസികൾ തങ്ങളുടെ അയോഗ്യതയും ഏറ്റുപറയുന്നു. നിശ്ചിത തിരുനാളുകളിൽ വിശുദ്ധ കുർബാനയുടെ മാഹാത്മ്യം ഉദ്ഘോഷിച്ചു കൊണ്ട് ആരാധനാസമൂഹം ദ്ഹീലത്ത് എന്ന പ്രത്യേക ഗീതം ആലപിക്കുന്നു.
തിരുശ്ശരീരത്തിന്റെയും തിരുരക്തത്തിന്റെയും സാദൃശ്യങ്ങളിലാണ് സീറോമലബാർ കുർബാനയിൽ വിശ്വാസികൾ ദിവ്യകാരുണ്യം സ്വീകരിക്കുന്നത്. മുറിക്കപ്പെടുന്ന ശരീരവും ചിന്തപ്പെടുന്ന രക്തവുമാണ് വിശ്വാസികൾക്ക് നല്കുന്നത്. ഈ ദിവ്യരഹസ്യത്തിൽപങ്കുചേരുന്ന വ്യക്തി കർത്താവിന്റെ മരണത്തിലും ഉത്ഥാനത്തിലുമാണ് പങ്കുചേരുന്നത്.
കാർമ്മികനാണ് ആദ്യം വിശുദ്ധ കുർബാന സ്വീകരിക്കുന്നത്. കാർമ്മികന്റെ കൂർബാന സ്വീകരണസമയത്ത് സമൂഹം പ്രത്യുത്തരഗീതവും (ഊനായാ ദ്വേമ്മ), അതിന്റെ അനുഗീതവും (ബാത്തെ ദ്ഊനായ) അടങ്ങുന്ന ദിവ്യകാരുണ്യഗീതം (ഓനീസാ ദ്വേമ്മ പാടുന്നു). വിശുദ്ധ കുർബാന കൈകളിൽ സ്വീകരിക്കുന്ന പതിവാണ് പൗരസ്ത്യസുറിയാനി പാരമ്പര്യത്തിലുള്ളത്. കുർബാന സ്വീകരിക്കുവാൻ കരങ്ങൾ നീട്ടിയിരുന്നുവെന്ന് കുർബാനയുടെ വ്യാഖ്യാനങ്ങളിൽ കാണുന്നു. കുരിശാകൃതിയിൽ നീട്ടപ്പെട്ട കരങ്ങളിൽ വിശുദ്ധ കുർബാന സ്വീകരിച്ച് ഉൾക്കൊള്ളുമ്പോൾ നമ്മൾ കർത്താവിന്റെ മരണത്തിലും ഉത്ഥാനത്തിലും പങ്കുചേരുന്നു. സീറോമലബാർ സഭയിൽ വിശുദ്ധകുർബാന നാവിൽ സ്വീകരിക്കുന്ന പാരമ്പര്യവുമുണ്ട്.
കാർമ്മികനും ശുശ്രൂഷികളും ദിവ്യകാരുണ്യം വഹിച്ച് പ്രദക്ഷിണമായി മദ്ബഹയുടെ വാതില്ക്കലേക്കു പോകുന്നു. വിശ്വാസികൾ പ്രദക്ഷിണമായി കാർമ്മികനെ സമീപിച്ച് വിശുദ്ധ കുർബാന സ്വീകരിക്കുന്നു. സ്വർഗീയരുടേയും ഭൗമികരുടേതുമായ രണ്ട് പ്രദക്ഷിണങ്ങളുടെ സമ്മേളനമായിട്ടാണ് നർസായി ദിവ്യകാരുണ്യസ്വീകരണസമയത്തെ കാർമ്മികന്റെയും ശുശ്രൂഷികളുടെയും ജനങ്ങളുടെയും പ്രദക്ഷിണങ്ങളെ കാണുന്നത്.
അവലംബം സിറോമലബാർ സഭയുടെ ആരാധനക്രമവിശ്വാസപരിശീലനം; സിറോമലബാർ സിനഡ് പ്രസിദ്ധീകരണം