December 22, 2024
#Book Reviews #Literature

‘ഡൈസ് ഡൊമിനി’, ‘ഓൺ കീപ്പിങ് ഗോഡ്’സ് ഡേ ഹോളി’

‘ഡൈസ് ഡൊമിനി’, ‘ഓൺ കീപ്പിങ് ഗോഡ്’സ് ഡേ ഹോളി’ – കർത്താവിന്റെ ദിനം; വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ഞായറാഴ്ച ആചരണത്തിന്റെ പ്രാധാന്യത്തെ വ്യക്തമാക്കിയുള്ള അപ്പസ്തോലിക പ്രബോധനമാണ്. അഞ്ചു അധ്യായങ്ങളിലായി, ഞായറാഴ്ച ആചരണത്തിന്റെ പ്രാധാന്യം അദ്ദേഹം ഇതിലൂടെ വ്യക്തമാകുന്നു. ദൈവത്തിന്റെ ദിനത്തിൽ ആരംഭിച്ചു, ക്രിസ്തുവിന്റെ ദിവസത്തിലേക്ക്, സഭയുടെ ദിവസത്തിലേക്ക്, മനുഷ്യരുടെ ദിവസത്തിലേക്ക്, അവസാനം സമയത്തിന്റെ പൂർണ്ണതയിൽ ഈ ദിനം എത്തിനിൽക്കുന്നതായി അദ്ദേഹം പഠിപ്പിക്കുന്നു. ദൈവത്തിന്റെ വിശ്രമത്തെ ‘ചലനാത്മകമായ ഓർമ്മയായി’ പരിചയപ്പെടുത്തി ദൈവത്തിന്റെ രക്ഷാകര പ്രവർത്തികളെല്ലാം നല്ലതായി കണ്ട ദൈവത്തോട് ചേർന്ന് ധ്യാനിക്കുന്നതാണ് സാബത്ത് വിശ്രമം എന്ന് പഠിപ്പിക്കുന്ന ആദ്യ അധ്യായവും, ആദ്യ സൃഷ്ടിയായ ക്രിസ്തുവിൽ സാബത്തു ദിവസം പൂർണ്ണത പ്രാപിക്കുന്ന രണ്ടാം അധ്യായവും, സഭയുടെ ഒത്തുചേരലിൽ എത്തേണ്ട കർത്താവിന്റെ ദിവസത്തെ പരിചയപ്പെടുത്തുന്ന മൂന്നാം അധ്യായവും, സഹോദരങ്ങളേ മറക്കാൻ അനുവദിക്കാത്തതാണ് ഞായറാഴ്ച ആചരണം എന്ന നാലാം അധ്യായവും, നമ്മളെ കർത്താവിന്റെ ദിനത്തിന്റെ വിവിധ തലങ്ങളിലേക്ക് നയിക്കുന്ന ദൈവികമാനവും സാമൂഹ്യമാനവും നിത്യതയുടെ ദർശനങ്ങളും നമ്മളെ അതിശയപ്പെടുത്തുന്നതാണ്.
ആദിമസഭയിൽ വിശുദ്ധ കുർബാനയർപ്പണത്തിനുള്ള പ്രത്യേക ദിവസമായി തിരഞ്ഞെടുത്തിരുന്നത് ഞായറാഴ്ചയാണ് (അപ്പ 20:7). ഡിഡാക്കെയും വിശുദ്ധ ജസ്റ്റിന്റെ കൃതിയും ഞായറാഴ്ചയാചരണത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നുണ്ട്. കർത്താവിന്റെപീഡാനുഭവമരണോത്ഥാനരഹസ്യത്തിന്റെ സ്മരണ ആചരിക്കുവാൻ സമുചിതമായ ദിവസമായി കർത്താവിന്റെ ഉത്ഥാനദിനമായ ഞായറാഴ്ചയാണ് ആദിമക്രിസ്ത്യാനികൾ കരുതിയിരുന്നത്. യഹൂദന്മാരുടെ സാബത്തുദിനത്തിനു സമാന്തരമായിട്ടാണ് ക്രിസ്ത്യാനികൾ ഞായറാഴ്ചയെ വീക്ഷിച്ചിരുന്നത്. തന്മൂലം സാബത്തുദിവസത്തെക്കുറിച്ച് ചിന്തിച്ചിരുന്നതുപോലെ, പരിശുദ്ധമായി ആചരിക്കപ്പെടേണ്ട ദിവസം, വിശ്രമത്തിന്റെ ദിവസം എന്നിങ്ങനെ ഞായറാഴ്ചയെക്കുറിച്ചും ചിന്തിച്ചു തുടങ്ങി.
1998-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഞായറാഴ്ച ആചരണത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച കർത്താവിന്റെ ദിവസം (Dies Domini) എന്ന ശ്ലൈഹികലേഖനം ഞായറാഴ്ചയുടെ വ്യത്യസ്തമാനങ്ങൾ പ്രതിപാദിക്കുന്നുണ്ട്. കർത്താവിന്റെ ഉത്ഥാനദിവസം (കർത്താവിന്റെ ദിവസം 20) എന്നതിനുപുറമേ ആഴ്ചയിലെ ഒന്നാം ദിവസമായസൃഷ്ടിയുടെ ദിവസം (കർത്താവിന്റെ ദിവസം 24), പരിശുദ്ധാത്മാവ് ശീഹന്മാരുടെമേൽ എഴുന്നള്ളിവന്ന പന്തക്കുസ്തയുടെ ഓർമ്മദിവസം (കർത്താവിന്റെ ദിവസം 20), യഹൂദപാരമ്പര്യത്തിലെ ഏഴാം ദിവസമായ സാബത്തു കഴിഞ്ഞു വരുന്ന ദിവസം എന്ന അർത്ഥത്തിൽ യുഗാന്ത്യത്തിന്റെ സൂചനയരുളുന്ന എട്ടാം ദിവസം (കർത്താവിന്റെ ദിവസം 26) എന്നിങ്ങനെയെല്ലാം ക്രൈസ്തവ പാരമ്പര്യത്തിൽ ഞായറാഴ്ചയ്ക്ക് പ്രാധാന്യം കൈവന്നു. ക്രൈസ്തവവിശ്വാസികൾ പെസഹാരഹസ്യത്തിന്റെ അനുസ്മരണമായ അപ്പം മുറിക്കൽ നടത്തേണ്ട ദിവസം എന്ന നിലയിലാണ് ഞായറാഴ്ചയ്ക്ക് ഏറ്റവും കൂടുതൽ പ്രാധാന്യം ലഭിച്ചത്. ഞായറാഴ്ച ദിവസത്തിൻറെ പാരമ്പര്യത്തെയും അതിന്റെ പ്രാധാന്യത്തെയും സംബന്ധിക്കുന്ന കുറിപ്പാണ് ഈ ലേഖനം. ഈ ലേഖനം രചനയിൽ വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ കർത്താവിന്റെ ദിവസം എന്ന അപ്പസ്തോലിക ആഹ്വാനമാണ് ആധികാരിക രേഖയായി സ്വീകരിച്ചിരിക്കുന്നത്. ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്രമാണ് വിശുദ്ധ ബലിയർപ്പണം. പ്രത്യേകിച്ച് ഞായറാഴ്ചകളിലെയർപ്പണം. യഹൂദ ജനത സാബത്ത് പ്രാധാന്യത്തോടെ കരുതുകയും ആചരിക്കുകയും ചെയ്തതുപോലെ ക്രൈസ്തവർ ഞായറാഴ്ച ആചരണം അതിപ്രാധാന്യത്തോടെ ഘോഷിച്ചിരുന്നു. ദൈവവചനവും, ആദിമ സഭയുടെ പഠനങ്ങളും, സഭാ പിതാക്കന്മാരും നമ്മളെ അത് ഓർമിപ്പിക്കുന്നു. എന്നാൽ, മാറുന്ന സാഹചര്യത്തിൽ ഞായറാഴ്ച ആചരണത്തിന്റെ പ്രാധാന്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. വെറുമൊരു വിശ്രമത്തിന്റെയും, മത്സരങ്ങളുടെയും, യാത്രകളുടെയും, ദിവസമായി ഞായറാഴ്ച മാറുകയാണ്, അതുകൊണ്ടാണ്, തന്റെ അപ്പസ്തോലിക ആഹ്വാനത്തിലൂടെ മാർപാപ്പ ‘റീ ഡിസ്കവർ സൺ‌ഡേ’ എന്നു ദൈവവിശ്വാസികളെ ഓർമിപ്പിക്കുന്നത്.
ഈശോ ഉത്ഥാനത്തിലൂടെയാണ് സാബത്തു വിശ്രമത്തിലേക്ക് പ്രവേശിച്ചത്. അതിനാൽ, ക്രൈസ്തവർ സാബത്ത് ഞായറാഴ്ചയുമായി ബന്ധപ്പെടുത്തിയാണ് ചിന്തിച്ചിരുന്നത്. ഞായറാഴ്ച, ആഴ്ചയുടെ ആരംഭ ദിവസവും, പുതിയ സൃഷ്ടിയായ ക്രിസ്തുവിന്റെ ജനനദിവസവും ആണ്. മനുഷ്യ ശരീരത്തെ മഹിതമാക്കി, സൃഷ്ടിക്ക് പുതിയ ജനനം നൽകിയ ദിവസം. അതുപോലെ, ഇത് എട്ടാം ദിവസമാണ് ‘ദി എയ്ത് ഡേ’ സൃഷ്ടിയുടെ അവസാനത്തിലേക്കുള്ള, നിത്യജീവിതത്തിലേക്കുള്ള പ്രവേശനവും, കർത്താവിന്റെ വിശ്രമത്തിലേക്കുള്ള മനുഷ്യ രാശിയുടെ പ്രേവേശനവും ഇത് അർത്ഥമാക്കുന്നുണ്ട്. കർത്താവിന്റെ വിശ്രമത്തിലൂടെ ഉദ്ദേശിക്കുന്നത് ‘ഡിവൈൻ ഇനാക്ടീവനെസ്സ്’ അല്ല മറിച്ച് എന്റെ പിതാവ് ഇപ്പോഴും പ്രവർത്തനനിരതനാണ് ഞാനും പ്രവർത്തിക്കുന്നു ( യോഹ 5 ,17 ) ഒരു ‘ലൈവ് റിമംബരൻസ്’ ആണ്. സൃഷ്ടികൾക്ക് ശേഷം, ‘എല്ലാം നല്ലതാണെന്ന്’ ധ്യാനിച്ച് വിശ്രമിച്ച ദൈവത്തിന്റെ ‘ചലനാത്മകമായ വിശ്രമം’ ആണിത്. കഴിഞ്ഞ കാലങ്ങളിലെയും, ഇപ്പോഴത്തെയും ദൈവത്തിന്റെ അനുഗ്രഹങ്ങളെ ഓർത്തെടുക്കുന്ന ദിവസം; അതിനാൽ തന്നെ ഇത് വെറും വിശ്രമത്തിൽ ഒതുങ്ങുന്നതോ, ജോലി ചെയ്യാതിരിക്കുന്നതിൽ അവസാനിക്കുന്നതല്ല.
ദൈവ വചനത്തിൽ കർത്താവിന്റെ ദിവസം,
പ്രത്യേകിച്ച് സുവിശേഷത്തില്‍ വിവരിക്കുന്നതനുസരിച്ച് യേശുവിന്റെ ഉത്ഥാനം ഞായറാഴ്ചയാണ് സംഭവിച്ചത് ( മർക്കോ 16 ,2 ,9 ; ലൂക്ക 24 , 1 ; യോഹ 20 ,1 ) കർത്താവ് അന്ന് തന്നെയാണ് എമ്മാവൂസിലേക്കു പോകുന്ന രണ്ട് ശിഷ്യന്മാർക്കും, (ലൂക്ക 24 , 13 -35 ) ഒന്നിച്ചു കൂടിയിരുന്ന പതിനൊന്നു സ്ലീഹന്മാർക്കും (ലൂക്ക 24 , 36; യോഹ 20 , 19 ) പ്രത്യക്ഷപ്പെട്ടത്. ഒരാഴ്ച കഴിഞ്ഞ്, ഞായറാഴ്ച തന്നെയാണ് ഉത്ഥിതനായ കർത്താവ് തോമാശ്ലീഹായ്ക്ക് പ്രത്യക്ഷപ്പെട്ടത് (യോഹ 20 ,6 ). പന്തക്കുസ്തദിനവും ഒരു ഞായറാഴ്ച ആയിരുന്നു ( അപ്പ 2 ,1 ). ആദ്യ പ്രഘോഷണവും, ആദ്യ മാമോദിസയും നടന്നത് ഞായറാഴ്ച ആയിരുന്നു( അപ്പ 2 ,41 ). അപ്പോസ്തോലന്മാരുടെ കാലം മുതൽ ക്രിസ്ത്യാനികൾ ഞായറാഴ്ച ദിവസം ഒന്നിച്ചു കൂടുകയും, വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തിരുന്നു ( അപ്പ 20 ,7 -12 ; 1 കോറി 16 , 2 ). ഞായറാഴ്ചയെ കർത്താവിന്റെ ദിവസം എന്നാണ് വിളിച്ചിരുന്നത് ( വെളി 1 , 10 ). വിശുദ്ധ യോഹന്നാനു ലഭിച്ച വെളിപാടാണ്, വെളിപാട് ഗ്രന്ഥത്തിന്റെ രചനയുടെ അടിസ്ഥാനം; ഇതു സ്വർഗീയ ആരാധനയെ സംബന്ധിച്ച വെളിപാടാണ്. അദ്ദേഹത്തിന് വെളിപാട് ലഭിച്ചതാകട്ടെ ഞായറാഴ്ച ദിവസം, അദ്ദേഹം ധ്യാന നിരതനായിരിക്കുമ്പോഴാണ്.
ആദിമ സഭയും, സഭ പിതാക്കൻമാരും
ആദിമസഭയിൽ, ഞായറാഴ്ച വിശുദ്ധ കുർബാനയർപ്പണത്തിന് ഒന്നിച്ചു കൊള്ളണമെന്ന് ഒരു പ്രത്യേക നിയമം വഴി നിഷ്കർഷിച്ചിരുന്നില്ല. എന്നാൽ, സഭാ പിതാക്കന്മാർ ഞായറാഴ്ചകളിൽ ബലിയർപ്പണത്തിൽ പങ്കെടുക്കണമെന്ന് വിശ്വാസികളോട് പ്രത്യേകം നിർദ്ദേശിച്ചിരുന്നു. സഭയിൽ ഒരു പ്രത്യേക നിയമമായി അക്കാലത്ത് ഉണ്ടായിരുന്നില്ലെങ്കിലും, ഞായറാഴ്ച ബലിയർപ്പണത്തിൽ പങ്കെടുക്കുക എന്നത് തങ്ങളുടെ കടമയായി ക്രൈസ്തവർ കണക്കാക്കിയിരുന്നു. ‘ചിലർ സാധാരണ ചെയ്യാറുള്ളത് പോലെ നമ്മുടെ സഭായോഗങ്ങൾ ഉപേക്ഷിക്കരുത്’ എന്ന് ഹെബ്രായർക്ക് എഴുതിയ ലേഖനത്തിൽ വായിക്കുന്നുമുണ്ട്. രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ജീവിച്ചിരുന്ന ചരിത്രകാരനായ പ്ലീനി ദി യങ്‌ർ അദ്ദേഹം ഞായറാഴ്ചകളിൽ സൂര്യോദയത്തിനു മുൻപ് ഉണർന്ന് ദൈവത്തെ വാഴ്ത്തുന്ന ക്രൈസ്തവരെ കുറിച്ച് പറയുന്നുണ്ട്. ആ കാലഘട്ടങ്ങളിൽ ഞായറാഴ്ച ഒരു അവധി ദിവസമായിരുന്നില്ല. അതിനാലാണ് അവർ പ്രഭാതത്തിൽ സൂര്യോദയത്തിനു മുൻപേ ദൈവത്തെ മഹത്വപ്പെടുത്താനായിട്ട് എഴുന്നേൽക്കാൻ ഇടയായത്. മതപീഡനകാലത്ത് ഞായറാഴ്ച സമ്മേളനങ്ങൾ നിരോധിക്കപ്പെട്ടപ്പോൾ പോലും നിരോധനാജ് ലംഘിക്കാനും, ഞായറാഴ്ച കുർബാന മുടക്കുന്നതിനേക്കാൾ മരണം വരിക്കാനും ആദിമ ക്രൈസ്തവർ ധൈര്യം കാണിച്ചു. ആദ്യകാലത്ത് ഞായറാഴ്ച വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനുള്ള കടമയെ സംബന്ധിച്ച് നിയമം ഉണ്ടാക്കുക ആവശ്യമായിരുന്നില്ല കാരണം ആദ്യമേ ക്രിസ്ത്യാനികൾ തങ്ങളുടെ മനസാക്ഷി അനുസരിച്ചുള്ള ഒരു കടമയായും ആന്തരിക ആവശ്യമായും ഇതിനെ കണ്ടിരുന്നു. ആദ്യകാലഘട്ടത്തിൽ സാബത്തും ഞായറും ഒരുമിച്ച് ആഘോഷിച്ചിരുന്നു, എന്നാൽ പിന്നീട് രണ്ടും വ്യത്യസ്ത ദിവസങ്ങളായി തീർന്നു. ചിലർ ഇതിനെ സഹോദര ദിനങ്ങളായി ‘ടു ബ്രദർ ഡേയ്സ്’ ആഘോഷിക്കുന്നത് തുടർന്നു.
ചരിത്രത്തിലേക്ക്
ഞായറാഴ്ച കടം നിയമമായി മാറുന്നത് ആറാം നൂറ്റാണ്ടിലാണ്. എന്നാൽ നിയമത്താൽ അനുശാസിക്കപ്പെട്ട ഒരു കടമയായി തീരുന്നതിന് നൂറ്റാണ്ടുകൾക്ക് മുൻപേ ആദിമ സഭയുടെ കാലം മുതൽ തന്നെ ക്രിസ്ത്യാനികൾ ഞായറാഴ്ച ഒന്നിച്ചു കൂടിയിരുന്നു. എന്നാൽ പിൽക്കാലത്ത് ചിലരുടെ ആത്മാർത്ഥ കുറവും ഉദാസ്നതയും കാരണം ശക്തമായ ഉദ്ബോധനത്തിന്റെ രൂപത്തിൽ ഞായറാഴ്ച കുർബാനയിൽ പങ്കുകൊള്ളാനുള്ള കടമയെക്കുറിച്ച് സഭയ്ക്ക് പറയേണ്ടിവന്നു. പിന്നീട് ഇക്കാര്യത്തിനുവേണ്ടി കാനോനിക നിയമങ്ങൾ തന്നെ സഭയ്ക്ക് ഉണ്ടാക്കേണ്ടി വന്നു. എഡി 300 സ്പെയിനിലെ എൽവീരയിൽ വച്ച് നടന്ന കൗൺസിൽ ഞായറാഴ്ച കുർബാനയ്ക്ക് മൂന്നുപ്രാവശ്യം സന്നിഹിതരാകാത്തവർക്ക് നൽകേണ്ട ശിക്ഷകളെ പറ്റി പ്രതിപാദിക്കുന്നുണ്ട്. പ്രാദേശിക കൗൺസിലുകളുടെ ഇത്തരം നടപടികൾ ഞായറാഴ്ച കുർബാനയ്ക്ക് വരേണ്ടത് സാർവത്രികമായ ഒരു കടമയായി പരിഗണിക്കപ്പെടുന്നതിലേക്ക് നയിച്ചു. സഭയിൽ ഉണ്ടായിരുന്നു ഈ പാരമ്പര്യത്തെ 1917 ലെ കാനൻ നിയമസംഹിത ആദ്യമായി ഒരു സാർവത്രിക നിയമമാക്കി. ഇപ്പോഴത്തെ കാനോനിക നിയമസംഹിത ഇത് ആവർത്തിക്കുന്നു. ദൈവവചനം ശ്രവിച്ചുകൊണ്ട് വിശുദ്ധ കുർബാനയിൽ പങ്കുചേർന്നു കർത്താവായ യേശുവിന്റെ പീഡ സഹനവും ഉത്ഥാനവും മഹത്വവും അനുസ്മരിക്കുന്നതിനും ക്രിസ്തീയ വിശ്വാസികൾ എല്ലാവരും ഞായറാഴ്ച ദിവസം സമ്മേളിക്കണമെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നുണ്ട് (SC 106 ). ജോൺപോൾ രണ്ടാമൻ മാർപാപ്പ സഭയുടെ ഈ പഠനം ആവർത്തിക്കുന്നു. ഞായറാഴ്ച ദിവസം വിശുദ്ധമായി ആചരിക്കുവാനുള്ള കടമ, വിശിഷ്യാ വിശുദ്ധ കുർബാനയിൽ പങ്കെടുത്തും, ക്രിസ്തീയ സന്തോഷത്തിന്റെയും സാഹോദരത്തിന്റെയും ചൈതന്യത്തിൽ വിശ്രമിച്ചും ആചരിക്കുവാനുള്ള കടമ ക്രിസ്തീയ വിശ്വാസികൾക്കുണ്ട്.
സഭയുടെ ആരംഭകാലത്ത് ഞായറാഴ്ച ദിവസം മാത്രമേ വിശുദ്ധ കുർബാന അർപ്പിച്ചിരുന്നുള്ളൂ എന്നത് പുരാതന രേഖകളിൽ നിന്ന് വ്യക്തമാണ്. എന്നാൽ, നാലാം നൂറ്റാണ്ട് ആയപ്പോഴേക്കും ബുധൻ, വെള്ളി ദിവസങ്ങളിലും പിന്നീട് ദിവസേനയും വിശുദ്ധ കുർബാന അർപ്പിക്കാൻ തുടങ്ങി. വിശ്വാസികളുടെ എണ്ണം വർദ്ധിച്ചതും, അവർ ആവശ്യപ്പെട്ടതും ആയിരിക്കാം ഇതിനുള്ള കാരണം. എല്ലാ ഞായറാഴ്ചകളിലും തിരുസഭ പ്രത്യേകം നിർദ്ദേശിച്ചിട്ടുള്ള തിരുനാളുകളിലും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ വിശ്വാസികൾക്ക് കടമയുണ്ട്. മറ്റു ദിവസങ്ങളിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നത് സഭ പ്രോത്സാഹിപ്പിക്കുന്നു. (ccc 289 )
സഭാ പിതാക്കന്മാർ
വിശുദ്ധ അഗസ്റ്റിൻ ഞാറാഴ്ചയെ വിശേഷിപ്പിക്കുന്നത്, ‘ദൈവം, മുദ്ര പതിപ്പിച്ച ദിവസമാണെന്നാണ്. വിശുദ്ധ ജസ്റ്റിൻ ദി മാർട്ടയെർ, ഞായറാഴ്ച ദിവസത്തെ ഒന്നുചേരലിനെ കുറിച്ച് പഠിപ്പിക്കുന്നുണ്ട്. ഡൈയോക്ലൈഷിൻ ചക്രവർത്തിയുടെ പീഡന കാലഘട്ടങ്ങളിലും ഞായറാഴ്ച ദിവസം ഒന്ന് ചേരുന്നതിൽ അവർ മടി കാണിച്ചിരുന്നില്ല. വിശുദ്ധ ബലിയിർപ്പണം നടക്കുന്ന ഭവനത്തിന് നടുമുറ്റത്ത് പ്രതീകങ്ങളായി മണൽ പുറത്ത് മീനിന്റെ ചിത്രം വരച്ചു വിശുദ്ധ ബലിയർപ്പണം നടുക്കുന്ന സ്ഥലം ആദിമ സഭ സഭാസമൂഹത്തെ അറിയിച്ചിരുന്നത് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രക്തസാക്ഷിയായ അബീതീന തന്റെ ഘാതകളോട് പറയുന്നുണ്ട്, കർത്താവിന്റെ അത്താഴം ഇല്ലാതെ എനിക്ക് ജീവിക്കാനും, ദൈവത്തിന്റെ ദിനം ആചരിക്കാതിരിക്കാതേ എനിക്ക് ഭക്ഷിക്കാനും സാധ്യമല്ല. അന്തിയോക്കിലെ വിശുദ്ധ ഇഗ്‌നേഷ്യസ് പറയുന്നു, സാബത്തു ആചരിച്ചിരുന്നവർ പുതിയ പ്രത്യാശയിലേക്ക് പ്രവേശിക്കാനായി കർത്താവിന്റെ ദിവസം ആചരിക്കേണ്ടതാണ്. അങ്ങനെ ആദ്യകാലങ്ങളിൽ മുതൽ, സഭാ പിതാക്കന്മാർ ഞായറാഴ്ച ആചരണത്തിന് ഒത്തിരിയേറെ പ്രാധാന്യം കൊടുത്തിരുന്നു. എങ്കിലും ഒത്തിരിയേറെ പഠനങ്ങൾ ഈ കാലഘട്ടത്തിന്റേതായി നമുക്ക് കാണാനായിട്ട് സാധിക്കത്തില്ല. കാരണം ഞായറാഴ്ച ദിവസം അവരുടെ പരിശുദ്ധ ദിവസമായിരുന്നു; അത് ആചരിക്കാൻ ഒരു നിയമത്തിന്റെ പിൻബലം ആവശ്യമാണെന്ന് അവർക്കൊരിക്കലും തോന്നിയിരുന്നില്ല.
ക്രിസ്തു ലോകത്തിന്റെ പ്രകാശം
ഞായറാഴ്ച സൂര്യ ദിവസമായി ആചരിച്ചിരുന്നു; ഇതൊരു റോമൻ പാരമ്പര്യമായിരുന്നു. ആ ദിവസം, അവർ വിവിധ ദേവന്മാരെ ആരാധിക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ ക്രൈസ്തവർ ലോകത്തിന്റെ പ്രകാശമായവനെ ആരാധിക്കാൻ ആരംഭിച്ചു. ‘ഞാനാണ് ലോകത്തിന്റെ പ്രകാശം ( യോഹ 9 ,5 ) ‘മരണത്തിന്റെ താഴ്വരയിൽ വസിക്കുന്നവർ കണ്ട പ്രകാശത്തെ പ്രവചിച്ച സക്കറിയായുടെയും ( ലൂക്ക 1 , 78 -79 ) വിജാതിയരുടെ പ്രകാശമായ ക്രിസ്തുവിനെ ദർശിച്ച ( ലൂക്ക 2 .32 ) ശിമെയോന്റെ പ്രവചനവും; ഞായറാഴ്ച ക്രിസ്തുവിനെ ആരാധിക്കുന്നത് ചരിത്രത്തിന്റെ ഭാഗമായി മാറാൻ കാരണമായി.
ആത്മാവിന്റെ ദിവസം; വിശ്വാസത്തിന്റെ ദിവസം
ഉത്ഥിതനായ ക്രിസ്തുവിന്റെ ഏറ്റവും വലിയ ദാനമായിരുന്നു പരിശുദ്ധാത്മാവ്. പരിശുദ്ധാത്മാവ് അഗ്നിയുടെയും, കാറ്റിന്റെയും രൂപത്തിൽ പറന്നിറങ്ങിയത് ഒരു ഞായറാഴ്ചയായിരുന്നു. ( അപ്പ 2 , 2 -3 ) അങ്ങനെ, ഞായറാഴ്ച ‘വീക്കിലി പെന്തക്കോസ്ത്’ ആയി മാറി. തോമാശ്ലീഹായുടെ ശക്തമായ വിശ്വാസ പ്രഖ്യാപനത്തിന് സാക്ഷ്യം വഹിച്ചത് ഒരു ഞായറാഴ്ചയാണ് ( യോഹ, 20 , 27 -28 ) അതുപോലെ, ഇറങ്ങിപ്പോയവരെ കണ്ടെത്തിയതും, മീൻ പിടിക്കാൻ പോയവരോടൊപ്പം കർത്താവ് ഭക്ഷിച്ചതും ഈ ഞായറാഴ്ച ദിവസം തന്നെയായിരുന്നു. നിത്യജീവിതത്തിലുള്ള പ്രത്യാശ എട്ടാം ദിവസം ഓർമിപ്പിക്കുന്നു.
കർത്താവിന്റെ ദിവസം ഇടവകയുടെ ആഘോഷമാണ്; അത് സഹോദരന്മാരിൽ എത്തി ചേരുന്നതാണ്
ഞായറാഴ്ച ആചരണം, ‘വീക്കിലി ഈസ്റ്റർ’ ആണ്. പൂർണതയിൽ ആഘോഷിക്കണമെങ്കിൽ, ഉയർപ്പിന്റെ പ്രഖ്യാപനം ആകണമെങ്കിൽ, അത് സ്വകാര്യ ആചരണമായി മാറരുത്. അത് സമൂഹത്തിൽ ആഘോഷിക്കപ്പെടണം. കർത്താവിന്റെ മൗലിക ശരീരത്തിന്റെ ഭാഗമായാണ് നാം രക്ഷയിലേക്ക് പ്രവേശിക്കുന്നത്. ഞായറാഴ്ചയിലെ ആചരണത്തിലാണ്, വിശുദ്ധ കുർബാന രഹസ്യം ഏറ്റവും പൂർണമായി വെളിപ്പെടുന്നത്. ഇവിടെ ചിതറിക്കപ്പെട്ടവരുടെ ഒന്നുചേരൽ നടക്കുകയാണ്. ഞായറാഴ്ച ബലിയർപ്പണം സഹോദരങ്ങളുമായി ഒന്നുചേരുന്ന അനുഭവം കൂടിയാണ്. കർത്താവുമായിട്ടുള്ള സംസർഗം അതിന്റെ ആഴത്തിൽ സഹോദരങ്ങളേയും കൂടി ഉൾക്കൊള്ളുന്നതാണ്. അതുകൊണ്ടുതന്നെ കുർബാന സ്വീകരണം ഒരിക്കലും വാതിൽപ്പടിയിൽ അവസാനിക്കരുത്. ആദിമ സഭയുടെ കാതുകളും കണ്ണുകളും അപരനിലേക്കു എത്തിയിരുന്നു. ക്രിസ്തുവിനേ കണ്ടവർ കല്ലറയിൽ നിന്നില്ല, എമ്മാവൂസിലെ ശിഷ്യന്മാർ തിടുക്കത്തിൽ പുറപ്പെട്ടു. ( HOly mass shall not stop at ദി church door )ആദിമസഭയിൽ ഒന്നുചേരൽ പങ്കുവെക്കലിന്റെ ഒരു ദിവസമായിരുന്നു. സഭാ പിതാവായ അംബ്രോസ് പങ്കുവെക്കലിന്റെ പ്രാധാന്യത്തെക്കുറിച്ച് ബലിയർപ്പണവുമായി ബന്ധപ്പെടുത്തി പഠിപ്പിക്കുന്നതിൽ മടി കാണിച്ചില്ല. വിശുദ്ധ ജോൺ ക്രിസോസ്റ്റം പറയുന്നു, കർത്താവിൻറെ ശരീരത്തെ ആദരിക്കണം എങ്കിൽ പാവപ്പെട്ടവന്റെ നഗ്നമേനിയെ ഉടുപ്പിക്കണം എന്ന് അദ്ദേഹം പ്രസംഗിച്ചു. ബലിയർപ്പണം അൾത്താരയിൽ നിന്ന് സഹോദരങ്ങളിലേക്ക് എത്തിച്ചേരുന്ന ഒന്നാണ്. അത് പൂർണ്ണമാകുന്നത് ഞായറാഴ്ച അർപ്പണത്തിലെ എല്ലാവരുടെയും പങ്കാളിത്തം വഴിയാണ്.
ഞായറാഴ്ച ബലിയർപ്പണത്തിന് ആഘോഷത്തിന് സ്വഭാവം ഉണ്ടായിരിക്കുകയും, എല്ലാവരും സജീവമായി പങ്കെടുക്കുകയും, ഞായറാഴ്ച കടം നിറവേറ്റുക എന്നതിലുപരി കർത്താവിന്റെ രക്ഷാകര പ്രവർത്തികൾ ഓർക്കുകയാണ് കർത്താവിന്റെ ദിനത്തിൽ ഏറ്റവും പ്രധാനപ്പെട്ട കർത്തവ്യമെന്നു പിതാവ് തന്റെ അപ്പസ്റ്റോലിക പ്രബോധനത്തിലൂടെ വിശ്വാസികളെ പഠിപ്പിക്കുന്നു. പങ്കെടുക്കാൻ സാധിക്കാത്തവർ അന്നത്തെ വായനകൾ വായിച്ചും ധ്യാനിച്ചും പങ്കുചേരണമെന്ന് പോലും പിതാവ് ആവശ്യപ്പെടുന്നു.

Share this :

Leave a comment

Your email address will not be published. Required fields are marked *