അയോഗ്യരെ പറഞ്ഞയക്കൽ
നമ്മുടെ വിശുദ്ധ കുർബാന ക്രമത്തിൽ അയോഗ്യരെ പറഞ്ഞയക്കൽ എന്നൊരു കർമ്മം ആദ്യമ കാലം മുതലേ ഉണ്ടായിരുന്നു. ആദിമസഭയിൽ മാമ്മോദീസ സ്വീകരിച്ചവർക്കു മാത്രമേ, വിശുദ്ധ കുർബാനയുടെ കൂദാശ ഭാഗത്തിൽ സന്നിഹിതരാകാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ. മാമ്മോദീസ സ്വീകരിക്കുവാൻ ഒരുങ്ങിക്കൊണ്ടിരിക്കുന്നവരെ ആശിർവാദ പ്രാർത്ഥന ചൊല്ലി പറഞ്ഞയച്ചിരുന്നു. അവർ പിന്നീട് ബലിയർപ്പണത്തിൽ പങ്കെടുക്കാൻ നിന്നിരുന്ന സ്ഥലമായിരുന്നു മൊണ്ടളം. രണ്ടാമതായി, ജീവന്റെ അടയാളം സ്വീകരിച്ചിട്ടില്ലാത്തവരെ പറഞ്ഞയച്ചിരുന്നു, മാമ്മോദീസ സ്വീകരിച്ച ശേഷം ഗൗരവാഹമായ പാപം ചെയ്തവരെ പറഞ്ഞു വിട്ടിരുന്നു. പിന്നീട് അനുരഞ്ജന ശുശ്രൂഷ നടത്തി, നെറ്റിയിൽ കുരിശടയാളം വരച്ചും, തൈലം പൂശിയും അവരുടെ പാപങ്ങൾ ഏറ്റുപറഞ്ഞു കഴിയുമ്പോൾ സ്വീകരിച്ചിരുന്നു. ഇതാണ്, ജീവന്റെ അടയാളം സ്വീകരിച്ചിട്ടില്ലാത്തവരെ പറഞ്ഞയക്കുന്ന കർമ്മം. മൂന്നാമതായി, കുർബാന സ്വീകരിക്കാൻ ഒരുക്കമില്ലാത്തവരെ പറഞ്ഞയച്ചിരുന്നു. ഇവരെയെല്ലാം ആശിർവദിച്ചു പറഞ്ഞയക്കുന്ന കർമ്മം കാറോസൂസാ പ്രാർത്ഥനക്കു ശേഷം ഇന്നും തുടരുന്നുണ്ട്. തത്വത്തിൽ ഈ കർമങ്ങൾ ഇന്ന് ഇല്ലെങ്കിലും, ആദിമകാലത്തെ പാരമ്പര്യത്തെ ഓർമിപ്പിക്കുവാൻ ഈ പ്രാർത്ഥനകൾ തുടരുന്നു.