സമാപനശുശ്രൂഷ
സ്തുതിയുടെയും കൃതജ്ഞതയുടെയും പ്രകാശനമാണ് സമാപനശുശ്രൂഷയുടെ മുഖ്യപ്രമേയം. വിശുദ്ധ കുർബാന സ്വീകരിച്ച സമൂഹം കൃതജ്ഞതാനിർഭരമായ ഹൃദയത്തോടെ ദൈവത്തെ സ്തുതിക്കുകയും കുർബാനയുടെ ഫലങ്ങൾ ഈ ലോകജീവിതത്തിലും മരണാനന്തര ജീവിതത്തിലും കൈവരട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്ന ഹൃദയാവർജ്ജകമായ അപേക്ഷയാണ് സ്തോത്രപ്രാർത്ഥന (തെശ്ബൊഹ്ത്ത). ഈ പ്രാർത്ഥനയെത്തുടർന്ന് ദൈവത്തിന് സ്തുതിയും കൃതജ്ഞതയുമർപ്പിക്കാനായി മ്ശംശാന എല്ലാവരെയും ക്ഷണിക്കുന്നു. അതിനുശേഷം വരുന്നത് കാർമ്മികന്റെ രണ്ടു കൃതജ്ഞതാപ്രാർത്ഥനകളാണ്. ആദ്യത്തേതിൽ ദിവ്യരഹസ്യങ്ങൾ പരികർമ്മം ചെയ്യുന്നതിലൂടെ കൈവന്ന മഹാഭാഗ്യത്തിന് കാർമ്മികൻ ത്രിതൈകദൈവത്തിന് സ്തുതിയും ആരാധനയും കൃതജ്ഞതയും അർപ്പിക്കുന്നു. രണ്ടാമത്തെ കൃതജ്ഞതാ പ്രാർത്ഥനയിൽ വിശുദ്ധ കുർബാനയുടെ ഫലങ്ങളായ പാപമോചനവും സ്വർഗത്തിൽ നവമായ ജീവിതവും നേടിത്തരുന്ന ദൈവപുത്രനായ മിശിഹായ്ക്ക് കൃതജ്ഞത അർപ്പിക്കുന്നു.
വിശുദ്ധ കുർബാനയുടെ സമാപനത്തിൽ ആരാധനാസമൂഹം കർത്തൃപ്രാർത്ഥന ചൊല്ലുന്നു. സഭയുടെ ശുശ്രൂഷകൾ കർത്തൃപ്രാർത്ഥനകൊണ്ട് അവസാനിപ്പിക്കുന്ന പാരമ്പര്യം സഭയിലുണ്ട്. സമാപനാശീർവാദപ്രാർത്ഥന ‘ഹൂത്താമ്മ’ എന്നാണറിയപ്പെടുന്നത്. മുദ്രവയ്ക്കൽ എന്നാണ് ഇതിനർത്ഥം. കർമ്മക്രമമനുസരിച്ച് മദ്ബഹായുടെ കവാടത്തിങ്കൽ വലത്തുവശത്തേക്ക് അല്പം മാറിനിന്നുകൊണ്ടാണ് കാർമ്മികൻ ജനത്തെ ആശീർവദിക്കുന്നത്. സ്വർഗത്തിൽ പിതാവിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായ പുത്രന്റെ സ്ഥാനത്തുനിന്ന് പുരോഹിതൻ നല്കുന്ന ആശീർവാദമായി ഇത് വ്യാഖ്യാനിക്കപ്പെടുന്നു. വിശുദ്ധ കുർബാനയുടെ രക്ഷാകരഫലങ്ങളിലുള്ള വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ടാണ് വൈദികൻ ജനത്തെ ആശീർവദിക്കുന്നത്. വിശുദ്ധ കുർബാന ആത്യന്തികമായി ലക്ഷ്യം വയ്ക്കുന്ന സ്വർഗീയസൗഭാഗ്യത്തിന് ഊന്നൽ നല്കി കാർമ്മികൻ സമൂഹത്തെ ആശീർവദിക്കുന്നു. ഹൂത്താമ്മയ്ക്കുശേഷം കാർമ്മികൻ ബലിപീഠം ചുംബിച്ച് ബലിപീഠത്തോട് വിടപറയുന്നു. പവിത്രീകരിക്കുന്ന ബലിപീഠത്തെ സമീപിക്കാനും അതിന്മേൽ ദിവ്യരഹസ്യങ്ങൾ പരികർമ്മം ചെയ്യാനും ഭാഗ്യം സിദ്ധിച്ച കാർമ്മികൻ നന്ദിനിറഞ്ഞ ഹൃദയത്തോടെ ദൈവത്തിന് സ്തുതിയർപ്പിക്കുന്നതാണ് പ്രതീകാത്മകമായി ബലിപീഠത്തോടുള്ള വിടപറച്ചിലിൽ അടങ്ങിയിരിക്കുന്നത്.
അവലംബം
സിറോമലബാർ സഭയുടെ ആരാധനക്രമവിശ്വാസപരിശീലനം; സിറോമലബാർ സിനഡ് പ്രസിദ്ധീകരണം