ദിവ്യകാരുണ്യം സ്വീകരിച്ചു രക്തസാക്ഷ്യത്തിലേക്കു നടന്നു നീങ്ങിയ വൈദികരും, വൈദികാർഥികളും
സ്പെയിനിലെ ബാർസലോണ നഗരത്തിൽ നിന്നും ഏകദേശം 100 കിലോമീറ്റർ അകലെ വടക്ക് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ബർ ബാസേട്ര. അവിടെയുണ്ടായിരുന്ന ക്ലരീഷ്യൻ സഭാംഗങ്ങളായ ഒൻപതു വൈദികരും 37 സെമിനാരി വിദ്യാർത്ഥികളും അഞ്ചു തുണ സഹോദരങ്ങളും 1936 ഓഗസ്റ്റ് മാസം രക്തസാക്ഷിത്വം വഹിച്ചു. ജൂലൈ 20ന് വിപ്ലവകാരികളായ 60 പേർ ക്ലരീഷ്യൻ ഭവനത്തിലേക്ക് ഇരച്ചു കയറി. അവർ ആശ്രമത്തിന്റെ എല്ലാ മുറികളും പരിശോധിച്ചു. അവരെയെല്ലാം, പല ഗണങ്ങളായി നിർത്തി. ഇതിനിടെ ഫാദർ ലൂയിസ് മാസ്റ്റർ ചാപ്പലിൽ കയറി വിശുദ്ധ കുർബാന എടുത്ത് സെമിനാരി വിദ്യാർഥിയായ അർജൻറീനക്കാരൻ പാബളോ ഹാളിൻ്റെ ബാറിൽ വച്ചു. വിപ്ലവകാരികൾ അവരെ എല്ലാം മൂന്നുനിരകളിലായി തെരുവിലൂടെ മുൻസിപ്പൽ കെട്ടിടത്തിന് നടുമുറ്റത്തേക്ക് കൊണ്ടുപോയി. മുനിസിപ്പൽ ജയിലിനടുത്തുള്ള പിയാരിസ് വൈദികരുടെ കോളേജിന്റെ ഓഡിറ്റോറിയം വിപ്ലവകാരികൾ ഒരു തടവറ ആക്കി മാറ്റിയിരുന്നു. 225 അടി നീളവും 24 അടി വീതിയുമുണ്ടായിരുന്നു ആ ഹാളിന്. അവരെല്ലാം ഹാളിൽ തടവുകാരായി. സൂക്ഷിക്കപ്പെട്ട വിശുദ്ധ കുർബാന ആരും അറിയാതെ ഫിസിക്സ് പരീക്ഷണശാലയിലെ ഫിലിം പ്രൊജക്റ്റ് നുള്ളിൽ അവർ സൂക്ഷിച്ചു. അങ്ങനെ ഈശോയുടെ സാന്നിധ്യത്തിൽ അവർ തങ്ങളുടെ തടവറയെ ആരാധനയുടെ ഇടമാക്കി. അവരെല്ലാം ഒരുമിച്ച് ദൈവ സ്തുതികൾ പാടിയും, ജപമാല ചൊല്ലിയും കുമ്പസാരിച്ചു, രക്തസാക്ഷിത്വത്തിന് ഒരുങ്ങി. അഡ്മിനിസ്ട്രേറ്ററെ വിപ്ലവകാരികൾ ചോദ്യം ചെയ്തു. ആയുധങ്ങൾ എവിടെയാണ് ഒളിപ്പിച്ചു വച്ചിരിക്കുന്നത് അദ്ദേഹം തൻ്റെ പോക്കറ്റിൽ നിന്ന് ജപമാല എടുത്ത് ഉയർത്തി അവരെ കാണിച്ചുകൊണ്ട് പറഞ്ഞു, ഇതാണ് എൻ്റെ ആയുധം ഇതല്ലാതെ മറ്റൊരു ആയുധവും എനിക്ക് ആവശ്യമില്ല. 25 ദിവസത്തെ ജയിൽവാസത്തിൽ രഹസ്യമായി വിശുദ്ധ കുർബാന കൈക്കൊള്ളാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ ഭാഗ്യമായി അവർ കരുതിയത്. ഭക്ഷിക്കാനായി കൊണ്ടുവന്നിരുന്ന അപ്പക്ഷണങ്ങൾക്കിടയിൽ തിരുവോസ്തിയും വെച്ച് നൽകുമായിരുന്നു. ദിവ്യകാരുണ്യം അവരെ ഒരുക്കുകയായിരുന്നു. മുൻകൂട്ടി ക്ഷമ കൊടുത്തും, അവർക്കും സഭയ്ക്കും, മുഴുവൻ ലോകത്തിനു വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് അവർ ധീരതയോടെ രക്തസാക്ഷിത്വ മകുടം ചൂടി.