ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ആദ്യ ദിവ്യകാരുണ്യ അത്ഭുതത്തിൽ വിശുദ്ധ ബലിയർപ്പണ മധ്യേ തിരുവോസ്തിയിൽ ഈശോ ശിശുവായി കാണപ്പെട്ടു.
കത്തോലിക്ക സഭയിൽ ആദ്യം രേഖപ്പെടുത്തിയ ദിവ്യകാരുണ്യ അത്ഭുതമാണ് ഈജിപ്തിലെ ഷെനെ മരുഭൂമിയിൽ മൂന്നാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനും ഇടയിൽ നടന്ന അത്ഭുതം. ഈ അത്ഭുതത്തെ കുറിച്ചുള്ള രേഖകൾ നമുക്ക് ലഭിക്കുന്നത് മരുഭൂമിയിലെ താപസ പിതാവായ അന്തോണിക്ക് ശേഷം ഈജിപ്തിലെ മരുഭൂമിയിൽ ജീവിച്ചിരുന്ന ‘മരുഭൂമിയിലെ പിതാക്കന്മാരുടെ’ സൂക്തങ്ങളിൽ നിന്നാണ്. ക്രിസ്തുമതത്തിന്റെ ആദ്യ ശതകങ്ങളിലാണ് ദിവ്യകാരുണ്യ അത്ഭുതം നടന്നതെന്നാണ് ഈ സൂക്തങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരിക്കൽ ഒരു സന്ന്യാസി സഹ സന്ന്യാസിമാരോട് പറഞ്ഞു, നാം എന്നും സ്വീകരിക്കുന്ന ഈ അപ്പം യഥാർത്ഥത്തിൽ ക്രിസ്തുവിന്റെ ശരീരമല്ല. ക്രിസ്തുവിന്റെ ശരീരത്തിന്റെ പ്രതീകം മാത്രമാണ്. ആ സന്യാസി അങ്ങനെ പറഞ്ഞതു ദൈവത്തെ അവഹേളിക്കാൻ അല്ലെന്നും, അദ്ദേഹത്തിന്റെ അജ്ഞത മൂലം ആകാം എന്നും അക്കൂട്ടത്തിൽ ഉണ്ടായിരുന്ന വൃദ്ധരായ രണ്ട് സന്യാസിമാർക്ക് മനസ്സിലായി. എന്തെന്നാൽ, ആ സന്യാസി വളരെ നല്ലവനായിരുന്നു. തന്മൂലം ആ സന്യാസിയോട് ഇതിനെ കുറിച്ച് സംസാരിക്കാം എന്നവർ തീരുമാനിച്ചു. അവർ പറഞ്ഞു അങ്ങ് പറഞ്ഞത് നമ്മുടെ വിശ്വാസത്തെ നിഷേധിക്കലാണ്. സന്യാസി മറുപടി പറഞ്ഞു എനിക്ക് തെളിവുകൾ തന്നാൽ ഞാൻ വിശ്വസിക്കാം. തെളിവ് കിട്ടാതെ ഞാൻ എന്റെ അഭിപ്രായം മാറ്റുകയില്ല. ഒരാഴ്ചക്ക് ശേഷം ഒരു ഞായറാഴ്ച; അപ്പം ഉയർത്തുന്ന സമയത്ത് ശിശു കാണപ്പെട്ടു, കൂദാശ വചനങ്ങൾക്കുശേഷം പുരോഹിതൻ ജനങ്ങൾക്ക് കാണുന്നതിനുവേണ്ടി തിരുവോസ്തിയുയർത്തിയപ്പോൾ ഒരു മാലാഖ വാളുമായി പ്രത്യക്ഷപ്പെടുകയും വാൾ കുഞ്ഞിന്റെ ശരീരത്തിൽ കുത്തിയിറക്കുകയും ചെയ്തു. തുടർന്ന്, പുരോഹിതൻ തിരുവോസ്തി രണ്ടായി മുറിച്ചപ്പോൾ രക്തം തിരുവോസ്തിയിൽ നിന്നും കാസയിലേക്ക് ഒഴുകി. മാലാഖ വീണ്ടും പ്രത്യക്ഷപ്പെട്ട് രക്തത്തിൽ കുതിർന്ന ആ ശരീരം എടുത്ത് സംശയാലുവായ ആ സന്യാസിയുടെ കൈയിൽ വച്ചു കൊടുത്തു. ഈ സമയം അദ്ദേഹം കരഞ്ഞുകൊണ്ട് ഉച്ചത്തിൽ വിളിച്ചു. ദൈവമേ ഈ തിരുവോസ്തി കർത്താവിന്റെ ശരീരമാണെന്നും, വീഞ്ഞ് കർത്താവിന്റെ രക്തമാണെന്നും ഞാൻ വിശ്വസിക്കുന്നു.