വിശുദ്ധ കുർബാന: ആഘോഷിക്കേണ്ട രഹസ്യം
‘സ്നേഹത്തിന്റെ കൂദാശ’യുടെ രണ്ടാം ഭാഗത്ത് കുർബാന ആഘോഷിക്കേണ്ട രഹസ്യമാണെന്ന് പഠിപ്പിക്കുന്നു. വിശുദ്ധ കുർബാനയുടെ ആഘോഷം കർത്താവിന്റെ പെസഹാരഹസ്യത്തിലുള്ള പങ്കുചേരലാണ്. നിങ്ങൾ ഈ അപ്പത്തിൽ നിന്ന് ഭക്ഷിക്കുകയും ഈ പാത്രത്തിൽനിന്ന് പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കർത്താവിന്റെ മരണം അവന്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത് (1 കോറി 11:26). വിശുദ്ധ കുർബാന നമ്മെ മിശിഹായുടെ ആത്മബലിയുടെ കർമ്മത്തിലേക്കു നയിക്കുന്നുവെന്ന് ‘സ്നേഹത്തിന്റെ കൂദാശ’ പഠിപ്പിക്കുന്നു. (സ്നേഹത്തിന്റെ കൂദാശ 11). വിശ്വാസികൾക്ക് പെസഹാരഹസ്യത്തിന്റെ ആഴമേറിയ അനുഭവം ഉണ്ടാകേണ്ടതിന് കുർബാനയിൽ പെസഹാരഹസ്യത്തെ ആവർത്തിച്ച് ആഘോഷിക്കുന്നു. വചനശുശ്രൂഷയിലും ഒരുക്ക ശ്രൂഷയിലും കൂദാശയിലും ദൈവൈക്യശുശ്രൂഷയിലും പെസഹാ രഹസ്യത്തിന്റെ ഓർമ്മ ആചരിക്കുന്നു. ലിറ്റർജിയിലെ ഓർമ്മയാചരണത്തെ (ആഘോഷത്തെ) സൂചിപ്പിക്കുന്ന ഗ്രീക്കു പദമാണ് ‘അനംനേസിസ്’ (anamnesis). കുർബാന കേവലം ഒരു ഭൂതകാലസംഭവത്തിന്റെ ഓർമ്മ മാത്രമല്ല. ഈശോമിശിഹായുടെ പീഡാസഹനവും, കുരിശിലെ ബലിയും, ഉത്ഥാനവും സ്ഥലകാലാതീതമായ നിത്യസംഭവമാണ്. അതിനാൽ, ഈ മിശിഹാ സംഭവം വിശുദ്ധ കുർബാനയിലെ ഓർമ്മയാചരണത്തിൽ യഥാർത്ഥമായി സന്നിഹിതമാകുന്നു (ആരാധനക്രമം 47; CCC 1085). വിശുദ്ധ കുർബാനയിൽ അടയാളങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും രക്ഷാദായകമായ മിശിഹാരഹസ്യം ആഘോഷിക്കപ്പെടുന്നു.